ഫ്രാഞ്ചെസ്‌കൊ ഗ്രിമാള്‍ഡി: പ്രകാശത്തെ പുല്‍കിയ പുരോഹിതന്‍

ഫ്രാഞ്ചെസ്‌കൊ ഗ്രിമാള്‍ഡി: പ്രകാശത്തെ പുല്‍കിയ പുരോഹിതന്‍

ശാസ്ത്ര വളര്‍ച്ചയില്‍ സഭാ സംഭാവനകളെക്കുറിച്ച് ഫാ. ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം

എല്ലാ വര്‍ണങ്ങളുടെയും ഒന്നിച്ചു ചേരലാണ് പ്രകാശം. അത് കാഴ്ചയുടെ അടിസ്ഥാനമാണ്. പ്രകാശത്തെക്കുറിച്ചുള്ള പഠനവും വര്‍ണങ്ങള്‍ വിതറുന്ന ഒരനുഭവമാണ്. ഭൗതിക ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണിത്. ഒപ്റ്റിക്‌സ് എന്നാണ് അതിന്റെ പേര്. പ്രകാശത്തെക്കുറിച്ചുള്ള പഠനത്തില്‍ ഏറെ സംഭാവനകള്‍ ചെയ്ത ഒരു പുരോഹിതനാണ് ഇറ്റാലിയന്‍ വൈദികനായ ഫ്രാഞ്ചെസ്‌കൊ ഗ്രിമാള്‍ഡി.

1618 ഏപ്രില്‍ രണ്ടിനാണ് ഫ്രാഞ്ചെസ്‌കൊ ഗ്രിമാള്‍ഡി ജനിക്കുന്നത്. ഇറ്റലിയുടെ മധ്യഭാഗത്തുള്ള ബൊളോഞ്ഞ ആണ് ജന്മ സ്ഥലം. പരിദേ ഗ്രിമാള്‍ഡി അന്ന കാത്താനി എന്നിവരാണ് മാതാപിതാക്കള്‍. പിതാവിന് പട്ടു വ്യാപാരമുണ്ടായിരുന്നതിനാല്‍ സാമ്പത്തികമായി ഏറെ മുന്നില്‍ നിന്നിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അവരുടെ ആറു മക്കളില്‍ നാലാമനായിരുന്നു ഗ്രിമാള്‍ഡി.

അമ്മ രാസവസ്തുക്കള്‍ വില്‍ക്കുന്ന ജോലി ചെയ്തിരുന്നു. നന്നേ ചെറുപ്പത്തിലേ പിതാവിന്റെ മരണശേഷം അമ്മയെ കടയില്‍ സഹായിക്കുന്ന ചുമതല കൂടി ഗ്രിമാള്‍ഡി നിര്‍വഹിച്ചിരുന്നു. 1632 മാര്‍ച്ച് 18 ന് തന്റെ സഹോദരന്‍ വിന്‍ചെന്‍സൊക്കൊപ്പം അദ്ദേഹം ഈശോ സഭയില്‍ ചേര്‍ന്നു. ഗ്രിമാള്‍ഡിയുടെ പ്രാഥമിക പഠന കാലഘട്ടത്തെപ്പറ്റി വ്യക്തമായ അറിവ് ഇന്നും ലഭ്യമല്ല. 1635 ല്‍ അദ്ദേഹം പാര്‍മയില്‍ തത്വശാസ്ത്രപഠനം ആരംഭിച്ചു.

തുടര്‍ന്ന് ബൊളോഞ്ഞായിലേക്ക് മാറുകയും തന്റെ പഠനങ്ങള്‍ അവിടെ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ അധ്യാപകനായി ജോലി ചെയ്തു. ഈ കാലഘട്ടത്തില്‍ ഭൗതിക ശാസ്ത്രത്തിലും ജ്യോതി ശാസ്ത്രത്തിലുമായിരുന്നു അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍. റിച്ചിയോളിയുടെ ശിക്ഷണം ഗ്രിമാള്‍ഡിയുടെ ശാസ്ത്ര താത്പര്യത്തെ വളര്‍ത്തി.

തുടര്‍ന്നുള്ള ജീവിതത്തില്‍ പ്രകാശ സംശ്ലേഷണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് പ്രധാനമായും നടത്തിയത്. അദ്ദേഹത്തിന്റെ ശാസ്ത്ര സംഭവനകളെ മാനിച്ച് ചന്ദ്രഗര്‍ത്തങ്ങളിലൊന്നിന് ഗ്രിമാള്‍ഡി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 1651 മെയ് ഒന്നിന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

അതേ വര്‍ഷം തന്നെ തന്റെ നാല്‍പതോളം പരീക്ഷണങ്ങളുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി Almagestum Novum എന്ന ഗ്രന്ഥം റിച്ചിയോളി പുറത്തിറക്കി. ഈ പുസ്തകത്തില്‍ പല പരീക്ഷണങ്ങളിലും ഗ്രിമാള്‍ഡിയാണ് സഹായിച്ചത് എന്നത് അദ്ദേഹം എടുത്തു പറയുന്നുണ്ട്. 1663 ഡിസംബര്‍ 28 ന് ഫ്രാഞ്ചെസ്‌കൊ ഗ്രിമാള്‍ഡി പ്രകാശ പൂരിതനായ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി.

1642 മുതല്‍ 1645 വരെയുള്ള ദൈവശാസ്ത്ര പഠനത്തിനു ശേഷം അദ്ദേഹം തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും തുടര്‍ന്ന് തത്വശാസ്ത്രം പഠിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം തത്വശാസ്ത്രം പഠിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ഗണിതശാസ്ത്രം പഠിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

അന്ന് ഗണിതശാസ്ത്രം എന്നാല്‍ ജ്യാമിതി, ഒപ്റ്റിക്‌സ്, ഗ്‌നോമോണിക്‌സ്, സ്ഥിതി വിവരക്കണക്കുകള്‍, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു. അവയില്‍ ഒപ്റ്റിക്‌സ് ആണ് ഗ്രിമാള്‍ഡി ഏറ്റവുമധികം ശ്രദ്ധ പതിപ്പിച്ച മേഖല.

പ്രകാശ വ്യതിയാനം ആണ് ഗ്രിമാള്‍ഡി പഠനം നടത്തിയ ഒരു പ്രധാന മേഖല. വ്യതിയാനത്തെ സംബന്ധിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളുടെ പ്രാധാന്യം ഒരു നൂറ്റാണ്ടിനു ശേഷമാണ് കൂടുതല്‍ വ്യക്തമായത്. ഒരു ബോര്‍ഡിലെ ചെറിയ ദ്വാരത്തിലൂടെ പ്രകാശം കടന്നു പോകാന്‍ അദ്ദേഹം അനുവദിച്ചു. കടന്നു പോയ പ്രകാശത്തിന്റെ രശ്മികള്‍ കോണ്‍ ആകൃതിയിലാണ് ഭിത്തിയില്‍ പതിക്കുന്നതെന്നു നിരീക്ഷിച്ചു.

ഈ പ്രകാശ പാതയില്‍ ഒരു വസ്തു വെച്ചാല്‍ അതിന്റെ നിഴല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഈ നിഴലിന്റെ അരികുകളില്‍ പ്രത്യേകിച്ച് മൂലകളില്‍ പ്രകാശപൂരിത വലയം ഉണ്ടാവുമെന്നും അദ്ദേഹം മനസിലാക്കി. ഈ പ്രതിഭാസം പ്രതിഫലനം മൂലമോ റിഫ്രാക്ഷന്‍ മൂലമോ അല്ലെന്നു അദ്ദേഹം പ്രസ്താവിച്ചു. പ്രകാശം അതിന്റെ പാതയിലെ തടസങ്ങളെ ചുറ്റി മുന്നോട്ട് സഞ്ചരിക്കുന്നു എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.

ഈ മേഖല പിന്നീട് ന്യൂട്ടണ്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ കൂടുതലായി പഠിച്ച മേഖലയാണ്. കാലങ്ങള്‍ക്കുശേഷം പ്രകാശത്തിന്റെ തരംഗ സ്വഭാവം മനസിലാക്കിയപ്പോള്‍ ഈ നിരീക്ഷണങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നവയായി. ഫ്രാഞ്ചെസ്‌കൊ ഗ്രിമാള്‍ഡി ഈ നിരീക്ഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട നിഗമനം പ്രകാശം പദാര്‍ത്ഥമല്ല എന്നുള്ളതാണ്. ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് നക്ഷത്രങ്ങളുടെ വ്യാസം അളക്കാനുള്ള രീതി കണ്ടുപിടിച്ചത് ഗ്രിമാള്‍ഡിയാണ്.

എന്നാല്‍ ഇന്നത്തെ ശാസ്ത്ര ബോധത്തില്‍ നമുക്കറിയാം അദ്ദേഹം അളന്നത് നക്ഷത്രത്തിന്റെ വ്യാസമല്ല മറിച്ചു പ്രകാശമാണെന്ന്. ചന്ദ്രമുഖത്തെ ഗര്‍ത്തങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പഠിക്കുകയും ഗര്‍ത്തങ്ങള്‍ക്ക് ശാസ്ത്രജ്ഞരുടെ പേരുകള്‍ നല്‍കുകയും ചെയ്തു. ഈ പേരുകള്‍ ഇന്നും അങ്ങനെ തന്നെ നിലനില്‍ക്കുന്നു. ചന്ദ്രമുഖത്തെ ഗര്‍ത്തങ്ങളെയും മേഖലകളെയും ശാസ്ത്രജ്ഞരുടെ പേരില്‍ നാമകരണം ചെയ്യുന്ന പതിവ് ആരംഭിച്ചത് ഗ്രിമാള്‍ഡിയാണ്. ഈ പതിവ് ഇന്നും തുടരുന്നു.

ഒപ്റ്റിക്‌സ് എന്ന ശാസ്ത്രശാഖയെ ഓര്‍ക്കുമ്പോള്‍ നമ്മളില്‍ പലരും ഐസക് ന്യൂട്ടനെ മാത്രമേ ഓര്‍ക്കാറുള്ളു. അദ്ദേഹത്തിന് മുമ്പും ഏറെപ്പേര്‍ ഈ മേഖലകളെ പരിപോഷിപ്പിച്ചിട്ടുണ്ട്. അതിലൊരാളാണ് ഫ്രാഞ്ചെസ്‌കൊ ഗ്രിമാള്‍ഡി. അദ്ദേഹത്തിന്റെ പഠനങ്ങള്‍ പില്‍ക്കാലത്തെ ശാസ്ത്രജ്ഞര്‍ക്ക് ഏറെ സഹായകരമായിട്ടുണ്ട്.

അടുത്തയാഴ്ച: സ്റ്റാന്‍ലി എല്‍ ജാകി



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.