എറണാകുളം ലൂർദ് ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിനായി പേകേണ്ടി വന്നു. എനിക്ക് നിർദ്ദേശങ്ങൾ നല്കിയത് ഡോ. സാലിയായിരുന്നു. ആദ്യ ദിവസത്തെ പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു:''നാളെ രാവിലെ ആറു മണിയോടു കൂടി എത്തണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള രക്ത പരിശോധനകളും മറ്റ് പല ചെക്കപ്പുകളുമുണ്ട്. രാവിലെ വന്ന് ഡോ. ഷാജുവിനെ കാണണം."പിറ്റേ ദിവസം പറഞ്ഞ സമയത്ത് തന്നെ ആശുപത്രിയിൽ എത്തി. പതിനഞ്ചോളം രോഗികൾ ആ സമയം അവിടെ ഉണ്ടായിരുന്നു. അതേ സമയം അറ്റൻഡർ എന്ന് തോന്നിക്കുന്ന ഒരാൾ വന്ന് ഞങ്ങളുടെ ഫയലുകൾ വാങ്ങി ബില്ലിങ്ങ് സെഷനിൽ പോയി പണം അടച്ചു. തുടർന്ന് റെസിപ്റ്റും ഞങ്ങൾക്ക് തന്നു. ഡോക്ടർ എപ്പോൾ വരുമെന്ന് ഞാൻ ചോദിച്ചു.ഉടൻ വരുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. തുടർന്ന് അദ്ദേഹം ഞങ്ങളെ മറ്റൊരിടത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പോകുന്ന വഴി ഓരോ കുപ്പി മിനറൽ വാട്ടറും വാങ്ങി തന്നു.എല്ലാവരുടെയും ഫയലുകൾ ചുമന്ന് ഞങ്ങൾക്കു മുമ്പേ തിരക്കിട്ട് നടന്നു നീങ്ങുന്ന അദ്ദേഹത്തിൻ്റെ ആത്മാർത്ഥത എല്ലാവരെയും അതിശയിപ്പിച്ചു. കൂടെയുണ്ടായിരുന്ന ആൽവിനോട് ഞാൻ പറഞ്ഞു:"ഷാജു ഡോക്ടറിൻ്റെ അറ്റൻഡർ എന്തായാലും കഴിവും ആത്മാർത്ഥതയുമുള്ള ആൾ തന്നെ. ഇങ്ങനെയുള്ള സ്റ്റാഫ് എല്ലാ ഡോക്ടർമാർക്കും ഉണ്ടെങ്കിൽ കാര്യങ്ങൾ എത്ര എളുപ്പമാകുമായിരുന്നു...."അവനും അത് സമ്മതിച്ചു. ലാബിൽ ചെന്ന് അറ്റൻഡർ തന്നെ ഓരോരുത്തരുടെ ഫയൽ നോക്കി യൂറിൻ ശേഖരിക്കാനുള്ള കുപ്പികളും നൽകി. തുടർന്ന് എന്തെല്ലാം ടെസ്റ്റുകളാണ് ഓരോരുത്തർക്കും വേണ്ടതെന്നും നിർദേശിച്ചു.ലാബിൽ നിന്നും അടുത്ത ബ്ലോക്കിലേക്ക് പോകുമ്പോൾ അവിടെയുള്ള വാതിലുകൾ തുറന്നതും ലൈറ്റുകൾ തെളിച്ചതുമെല്ലാം അയാൾ തന്നെ.ഡോക്ടറുടെ കൺസർട്ടിങ്ങ് റൂമിലേക്ക് ഓരോരുത്തരെ ആയി അദ്ദേഹം വിളിച്ചു കയറ്റി. എൻ്റെ ഊഴമെത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി!എൻ്റെ മുമ്പിൽ അതാ കഴുത്തിൽ സ്റ്റെതസ്ക്കോപ്പും ധരിച്ച് നേരത്തെ കണ്ട അറ്റൻഡർ ഇരിക്കുന്നു!അമ്പരപ്പോടെ ഞാൻ ചോദിച്ചു:''നിങ്ങൾ....?"''അതെ, ഞാൻ തന്നെയാണ് ഡോ. ഷാജു.സി.എസ് !"
ഇങ്ങനെ ഒരു ഡോക്ടറെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ കാണുന്നത്.പിന്നീട് ഞാനിക്കാര്യം ഡോ.സാലിയോട് സൂചിപ്പിച്ചപ്പോൾ അവർ പറഞ്ഞു: "ഷാജു സാർ അങ്ങനെയാണ്.എല്ലാ രോഗികളോടും പ്രത്യേക മമതയും പരിഗണനയുമുണ്ട്. എക്സിക്യൂട്ടിവ് ഹെൽത്ത് ചെക്കപ്പ് ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനായ അദ്ദേഹത്തെ രോഗികളും സ്റ്റാഫുമെല്ലാം ഏറെ ഇഷ്ടപ്പെടുന്നു." വാക്കുകളല്ല പ്രവൃത്തികളാണ് മൂർച്ചയേറിയതെന്ന് ഷാജു ഡോക്ടറിൻ്റെ പെരുമാറ്റം തെളിയിക്കുന്നു.
''എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‌ഷ്യം നല്‍കുന്നു" (യോഹ 10 : 25) എന്ന ക്രിസ്തു മൊഴികൾ ഇവിടെ അന്വർത്ഥമാകുന്നു.അനേകം കാര്യങ്ങളിൽ അനുദിനം നമ്മളും വ്യാപൃതരാണ്.എന്നാൽ നമ്മുടെ വാക്കുകളും പ്രവൃത്തികളും പരസ്പര പൂരകങ്ങളാണോ? ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതിൽ എന്തുമാത്രം ആത്മാർത്ഥതയും അർപ്പണബോധവും ഉണ്ടെന്ന് ഇന്നൊന്ന് പരിശോധിച്ച് നോക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.