കൊച്ചി: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ ലഭ്യമായിത്തുടങ്ങി. കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ് പോര്‍ട്ടലിലാണ് 'റെറ' യില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമ പ്രകാരമുള്ള അനുമതികളും ഉള്‍പ്പെടെ സമഗ്ര വിവരങ്ങളുള്ളത്.
ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അഡ്വാന്‍സ് നല്‍കിയവര്‍ക്കും വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ rera.kerala.gov.in പോര്‍ട്ടലിന്റെ ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞയാഴ്ചയാണ് നിര്‍വഹിച്ചത്.
ഏതെങ്കിലും പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവര്‍ക്ക് പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും.ഇതുവരെ 582 പദ്ധതികളും 157 ഏജന്റുമാരുമാണ് റെറയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പദ്ധതിയുടെ പേര്, ഡെവലപ്പര്‍, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ വിവിധ തരത്തിലാണ് വിവരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിര്‍മാണ പുരോഗതി ഡെവലപ്പര്‍മാര്‍ വെബ് പോര്‍ട്ടലില്‍ ലഭ്യമാക്കണമെന്ന് റെറ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ആരെങ്കിലും വീഴ്ച വരുത്തിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ അവരുടെ പേരുവിവരങ്ങളും മറ്റും പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുമെന്നത് പദ്ധതികളുടേയും റിയല്‍ എസ്റ്റേറ്റ് കമ്പനികളുടേയും സല്‍പേരിനെ ബാധിക്കുമെന്നതിനാല്‍ പോര്‍ട്ടല്‍ വഴി കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്ന് അതോറിറ്റി കരുതുന്നു.
ഡെവലപ്പര്‍മാരുടെ ഇതുവരെയുള്ള പ്രവര്‍ത്തന ചരിത്രം, അവര്‍ക്കെതിരെ എന്തെങ്കിലും കേസുകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം ലഭ്യമായതിനാല്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനും ചതിക്കുഴിയില്‍ വീഴാതിരിക്കാനും കഴിയും.
ഡെവലപ്പര്‍മാര്‍ക്ക് അവരുടെ സല്‍പേര് വര്‍ധിപ്പിക്കാനും ഇടപാടുകാരുമായുള്ള ബന്ധം കൂടുതല്‍ വിശ്വാസ്യതയുള്ളതാക്കിത്തീര്‍ക്കാനും പോര്‍ട്ടലിലൂടെ സാധിക്കും. വെബ് പോര്‍ട്ടല്‍ നിലവില്‍ വന്നതോടെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.