ചൈനീസ് ചാരക്കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്തേക്ക് അടുക്കുന്നു; ഓസ്‌ട്രേലിയ-യു.എസ്. സൈനികാഭ്യാസം നിരീക്ഷിക്കാനെന്ന് ആരോപണം

ചൈനീസ് ചാരക്കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്തേക്ക് അടുക്കുന്നു; ഓസ്‌ട്രേലിയ-യു.എസ്. സൈനികാഭ്യാസം നിരീക്ഷിക്കാനെന്ന് ആരോപണം

കാന്‍ബറ: ഓസ്‌ട്രേലിയയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ സൈനികാഭ്യാസം നിരീക്ഷിക്കാന്‍ ചൈനീസ് ചാരക്കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്തേക്ക് അടുക്കുന്നു. നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ടിയാന്‍വാങ്ക്‌സിംഗ് ചൈനീസ് കപ്പല്‍ വെള്ളിയാഴ്ച്ചയോടെ ക്വീന്‍സ് ലാന്‍ഡ് തീരത്തിനു സമീപം എത്തുമെന്നാണു ഓസ്‌ട്രേലിയന്‍ പ്രതിരോധ വൃത്തങ്ങള്‍ കരുതുന്നത്.

ഇന്നലെയാണ് ഓസ്‌ട്രേലിയ യു.എസ്. ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെയും കര, നാവിക, വ്യോമ സേനകളുടെ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. ചൈന-ഓസ്‌ട്രേലിയ നയതന്ത്ര ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ചൈനയുടെ സൈനിക നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് ഓസ്‌ട്രേലിയ കാണുന്നത്.

ഓസ്‌ട്രേലിയന്‍ തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന ചൈനീസ് കപ്പലിനെ നിരവധി ദിവസങ്ങളായി ഓസ്‌ട്രേലിയന്‍ സൈന്യം നിരീക്ഷിക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ സമുദ്രാതിര്‍ത്തിക്കു പുറത്ത് കപ്പല്‍ നങ്കൂരമിടുമെന്നാണു കരുതുന്നത്.

സൈനികാഭ്യാസം വ്യക്തമായി കാണാനും സിഗ്നലുകള്‍ പിടിച്ചെടുക്കാനും കഴിയുന്ന ആശയവിനിമയ സംവിധാനങ്ങളാണ്
ടിയാന്‍വാങ്ക്‌സിംഗ് കപ്പലിനുള്ളത്്. റേഡിയോ സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും അവ തടസപ്പെടുത്താനും സാധിക്കുന്ന ഡിഷ് ആന്റിനകള്‍ കപ്പലിനുണ്ട്. ഈ ഡിഷ് ആന്റിനകളെ സംരക്ഷിക്കുന്ന ഗോളാകൃതിയിലുള്ള താഴികക്കുടങ്ങള്‍ കപ്പലിനു മുകളിലായി വ്യക്തമായി കാണാം.

കപ്പലിന്റെ സാന്നിധ്യം ഓസ്‌ട്രേലിയന്‍ സമുദ്രാതിര്‍ത്തിക്കു സമീപം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. അതു മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കപ്പലിന്റെ സാന്നിധ്യം സൈനികാഭ്യാസത്തെ ഒരുരീതിയിലും പ്രതികൂലമായി ബാധിക്കില്ല.

ഇതിനു മുന്‍പ് 2017 ലും 2019 ലും ഓസ്‌ട്രേലിയ-യു.എസ്. സൈനികാഭ്യാസത്തെ നീരീക്ഷിക്കാന്‍ സമാനമായ രീതിയില്‍ കപ്പലുകളെ ചൈന വിന്യസിച്ചിരുന്നു. എന്നാല്‍ പ്രത്യേകിച്ചൊന്നും സംഭവില്ലെന്നു പീറ്റര്‍ ഡട്ടന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓസ്‌ട്രേലിയന്‍ നാവികസേനയുടെ സാങ്കേതിക ശേഷിയുമായി താരതമ്യം ചെയ്യുമ്പോള്‍ ടിയാന്‍വാങ്ക്‌സിംഗ് കപ്പലിന്റെ സാങ്കേതിക ശേഷി വളരെ പിന്നിലാണ്.

ഓസ്ട്രേലിയയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ് താലിസ്മാന്‍ സാബര്‍ എന്നറിയപ്പെടുന്ന സൈനികാഭ്യാസം. കോവിഡ് മൂലം ഈ വര്‍ഷം സൈനികാഭ്യാസത്തില്‍ പങ്കുചേരുന്ന അന്താരാഷ്ട്ര പങ്കാളികളുടെ എണ്ണം കുറച്ചിട്ടുണ്ട്.

അമേരിക്കയില്‍നിന്നും ജപ്പാനില്‍ നിന്നുമുള്ള സേനയ്ക്കൊപ്പം, ഈ വര്‍ഷം കാനഡ, ദക്ഷിണ കൊറിയ, ന്യൂസിലന്‍ഡ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനികരും സൈനികാഭ്യാസത്തില്‍ പങ്കുചേരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.