'ഈസ്റ്റര്‍ സണ്‍ഡേ സ്ഫോടനം: ശ്രീലങ്കന്‍ സര്‍ക്കാര്‍ അനാസ്ഥ വെടിയണം'; മുന്നറിയിപ്പു നല്‍കി ബിഷപ്പുമാര്‍

'ഈസ്റ്റര്‍ സണ്‍ഡേ സ്ഫോടനം: ശ്രീലങ്കന്‍ സര്‍ക്കാര്‍ അനാസ്ഥ വെടിയണം'; മുന്നറിയിപ്പു നല്‍കി ബിഷപ്പുമാര്‍


ഒരു മാസത്തിനകം കൃത്യമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം
പ്രക്ഷോഭത്തിനു നിര്‍ബന്ധിതരാകും: കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്

കൊളംബോ: കൊളംബോയില്‍ 269 പേരുടെ ജീവനെടുത്ത് 2019 ല്‍ നടന്ന ഈസ്റ്റര്‍ സണ്‍ഡേ ബോംബാക്രമണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാത്തതിലുള്ള ആശങ്ക രേഖപ്പെടുത്തി അയച്ച കത്തിന് ഒരു മാസത്തിനകം മറുപടി നല്‍കണമെന്ന് കത്തോലിക്കാ ബിഷപ്പുമാര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൃത്യമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം പ്രക്ഷോഭത്തിനു തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബിഷപ്പുമാര്‍ മുന്നറിയിപ്പു നല്‍കി.

നാഷണല്‍ കാത്തലിക് കമ്മിറ്റി ഓഫ് ജസ്റ്റിസ് ടു ഈസ്റ്റര്‍ സണ്‍ഡേ അറ്റാക്ക് വിക്ടിംസ് എന്ന കൂട്ടായ്മയ്ക്കുവേണ്ടി പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് കത്തയച്ചത് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്, ബിഷപ്പുമാരായ വലന്‍സ് മെന്‍ഡിസ്, ഹരോള്‍ഡ് ആന്റണി പെരേര, റെയ്മണ്ട് വിക്രമസിംഗെ, ആന്റണ്‍ രഞ്ജിത്, സഹായ മെത്രാന്‍ ജെ.ഡി ആന്റണി ജയകോഡി എന്നിവരാണ്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ ഒമ്പത് ചാവേര്‍ ബോംബുകള്‍ ആണ് മൂന്ന് പള്ളികളെയും മൂന്ന് ആഡംബര ഹോട്ടലുകളെയും ലക്ഷ്യമാക്കി സ്ഫോടനം നടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനു കാരണം അന്താരാഷ്ട്ര തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഇടപെടലാണെന്ന സൂചന ശക്തമാണ്.

'ഈസ്റ്റര്‍ സണ്‍ഡേ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ്. അത് ഉടന്‍ തന്നെ രാജ്യത്തിന് മുന്നില്‍ എത്തിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്'- കൊളംബോയില്‍ നടന്ന പത്രസമ്മേളനത്തില്‍ കര്‍ദിനാള്‍ രഞ്ജിത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം അശ്രദ്ധമായിട്ടാണ് നടത്തിയത്. സ്വതന്ത്രമായി സജീവമായ അന്വേഷണം നടത്തണം. കുറച്ച് ആളുകളെ കോടതിയില്‍ എത്തിച്ച് പ്രശ്നം മൂടുപടത്തിലാക്കരുതെന്നും സര്‍ക്കാരിനോട് കര്‍ദിനാള്‍ അഭ്യര്‍ത്ഥിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ കഴിഞ്ഞ വര്‍ഷം ഒക്ടാബറില്‍ മോചിപ്പിച്ചതിനെതിരെ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് ശബ്ദമുയര്‍ത്തിയിരുന്നു. പ്രതികളെന്നു സംശയിക്കുന്നവരെ മോചിപ്പിച്ചതോടെ ആകമണത്തെക്കുറിച്ചുള്ള അന്വേഷണം സംശയത്തിന്റെ നിഴലിലായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റിയാജ് ബദിയുദ്ദിന്‍ എന്നയാളെയാണ് 168 ദിവസത്തെ കസ്റ്റഡിക്ക് ശേഷം തെളിവില്ലായെന്ന് ചൂണ്ടിക്കാട്ടി മോചിപ്പിച്ചത്.


മുന്‍മന്ത്രി റിഷാദ് ബദിയുദ്ദിന്റെ സഹോദരനാണ് മോചിക്കപ്പെട്ടതെന്നത് സംശയത്തിന് കൂടുതല്‍ ഇട നല്‍കുന്നതാണെന്ന് ആക്രമണത്തിനിരയായവരുടെ ബന്ധുക്കളും അഭിപ്രായപ്പെട്ടു. സെപ്തംബര്‍ 15ന് റിയാജ് ബദിയുദ്ദിന്‍ ചാവേറുകളില്‍ ഒരാളെ ഹോട്ടലില്‍ സന്ദര്‍ശിച്ചിരുന്നതായി പോലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയത്. റിയാജ് ബദിയുദ്ദിന്‍ ചില പ്രത്യേക സംഘടനകള്‍ രൂപീകരിക്കുകയും സ്ഫോടനം നടത്തിയവരുമായി സഹകരിക്കുകയും ചെയ്തിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു.

റിയാജിനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ഏഴ് പ്രതികളില്‍ നാല് പേരെയും കോടതിയില്‍ പോലും ഹാജരാക്കാതെ വിട്ടയക്കുകയാണുണ്ടായത്. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി പാസാക്കിയെടുക്കുന്നതിനായി പ്രബല മുസ്ലിം നേതാവും എംപിയുമായ റിഷാദ് ബദിയുദ്ദിനുമായി രാജപക്സെ രഹസ്യധാരണയിലെത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ നല്‍കിയ സൂചന.കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ നാലിന് കട്ടുവാപിടിയയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയത്തിന് മുന്‍പില്‍ ഈസ്റ്റര്‍ സ്ഫോടന ഇരകളുടെ ബന്ധുക്കള്‍ പ്രകടനം നടത്തിയിരുന്നു.

ഇതുവരെ നടന്ന അന്വേഷണത്തിന്റെ ഫലമായി 42 പേര്‍ക്കെതിരെ കേസെടുക്കാനാണു നീക്കം. ആക്രമണത്തിന്റെ സൂത്രധാരകരായ പ്രധാന കുറ്റവാളികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് ബിഷപ്പുമാര്‍ കത്തിലൂടെ ആരാഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ഉത്തരവാദികളായവരെ കണ്ടെത്താതെയുള്ള ഭരണ യന്ത്രങ്ങളുടെ അലസ ഗമനത്തില്‍ തങ്ങള്‍ തീര്‍ച്ചയായും ഖിന്നരാണ്. ആക്രമണത്തിന് ശേഷം 26 മാസമായി. പ്രസിഡന്‍ഷ്യല്‍ അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞു - കത്തില്‍ പറയുന്നു.

അക്രമത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും തടയാതെയും ഉത്തരവാദിത്തം നിറവേറ്റാതെയും മനപ്പൂര്‍വ്വം അവഗണിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ദശലക്ഷക്കണക്കിന് രൂപ ചെലവ് ചെയ്ത് പ്രവര്‍ത്തിച്ച അന്വേഷണ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് അധികാരമുള്ളവര്‍ തങ്ങളുടെ കടമ വൈകിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതിന്റെ കാരണവും തങ്ങള്‍ തേടുന്നു.

നാമമാത്രമായി ഉള്‍പ്പെട്ട ചില വ്യക്തികള്‍ക്കെതിരെ മാത്രം നടപടിയെടുക്കാന്‍ അധികാരികള്‍ ശ്രമിക്കുകയാണെങ്കില്‍, ആക്രമണത്തിന് പിന്നിലെ 'വലിയ തലച്ചോറുകളും' സ്വന്തം ചുമതലകള്‍ അവഗണിച്ച് അവരെ സഹായിച്ചവരും കുറ്റവാളികളാകാതെ രക്ഷപ്പെടുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 269 നിരപരാധികള്‍ക്കും അവരുടെ മരണത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാ ബന്ധുക്കള്‍ക്കും നീതി നിഷേധിക്കുന്ന ഗുരുതരമായ കുറ്റകൃത്യത്തിന് തുല്യമാണിത്. പരിക്കുകള്‍ കാരണം നിരാലംബരായ ആയിരക്കണക്കിന് ആളുകളുമുണ്ട്. ദേശീയ സുരക്ഷയ്ക്ക് കനത്ത ഭീഷണിയായി മാറും ഇതുമായി ബന്ധപ്പെട്ട അനാസ്ഥ.

ഇത് ചില വ്യക്തികളെ സംരക്ഷിക്കുന്നതിനും സത്യം പുറത്തുവരുന്നത് തടയുന്നതിനുമുള്ള ഗൂഢാലോചനയാണ് അനാവരണം ചെയ്യുന്നത്. സത്യവും നീതിയും ഉറപ്പു നല്‍കാനും സംഭവം ഉപരിപ്ലവമായി കൈകാര്യം ചെയ്യാതിരിക്കാനും കഴിയുന്നില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും കത്തിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.