പെര്‍ത്ത്: കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും ഹരിത ഇന്ധനം ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതി ഓസ്ട്രേലിയയുടെ സമഗ്ര വികസനത്തിനു വഴിതെളിക്കുമെന്നു വിദഗധര്‍. പശ്ചിമ ഓസ്ട്രേലിയയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ പതിനയ്യായിരം കിലോമീറ്ററാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രകൃതിക്കു ദോഷമില്ലാതെ രാജ്യത്തിനു മുഴുവന്‍ ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാവുമെന്ന് പ്രമുഖ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. കല്‍ക്കരിയില്‍നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ പ്രധാന രാജ്യങ്ങളിലൊന്നായ ഓസ്‌ട്രേലിയ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ പേരില്‍ രാജ്യാന്തര തലത്തില്‍ വിമര്‍ശനം നേരിടുമ്പോഴാണ് പദ്ധതിയുടെ
പ്രഖ്യാപനം നിര്‍ണായകമാകുന്നത്.
പ്രകൃതിക്കിണങ്ങിയ വികസനം സാധ്യമാക്കുന്നതിനുള്ള ഏറ്റവും നല്ല അവസരമാണ് ഗ്രീന്‍ എനര്‍ജി പദ്ധതി രാജ്യത്തിന് നല്‍കുന്നതെന്ന് പശ്ചിമ ഓസ്ട്രേലിയ സംസ്ഥാന മന്ത്രി അലന്ന മക് ടിയേര്‍നാന്‍ പറഞ്ഞു. ഭാവിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന ഹരിത ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാനുള്ള അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും മക് ടിയേര്‍നാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ റിന്യുവബിള്‍ എനര്‍ജി പാര്‍ക്കിനേക്കാള്‍ 20 മടങ്ങ് വലിപ്പമുള്ള പദ്ധതിയാണ് ഓസ്‌ട്രേലിയയില്‍ വിഭാവനം ചെയ്യുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ പാര്‍ക്ക് ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്താണു സ്ഥിതി ചെയ്യുന്നത്. കച്ച് ജില്ലയില്‍ 736 ചതുരശ്ര കിലോമീറ്റര്‍ (70,000 ഹെക്ടര്‍) വിസ്തൃതിയുള്ള ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ പാര്‍ക്കില്‍ നിന്ന് 30 ജിഗാവാട്ട് ഹരിത ഊര്‍ജമാണ് ഉല്‍പാദിപ്പിക്കുന്നത്. അതേസമയം എസ്പെറന്‍സ് മുതല്‍ നോര്‍സ്മാനിന്റെ ഉള്‍മേഖലകളിലേക്കു വ്യാപിക്കുന്നതാണ്് ഓസ്ട്രേലിയയിലെ പദ്ധതി.
രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ എസ്പെറന്‍സിന് അടുത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി യാഥാത്ഥ്യമായാല്‍ 50 ജിഗാവാട്ട് ഹരിത ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നു കര്‍ട്ടിന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ പീറ്റര്‍ ന്യൂമാന്‍ പറഞ്ഞു. നിലവിലുള്ള വെസ്റ്റ് ഓസ്ട്രേലിയന്‍ പവര്‍ ഗ്രിഡിന്റെ 12 ഇരട്ടി വരുമിത്.
പദ്ധതിക്കായി എല്ലാംകൊണ്ടും അനുകൂലമായ സാഹചര്യമാണ് മേഖലയിലുള്ളത്. സൂര്യപ്രകാശം, നല്ല കാറ്റ്, പദ്ധതി നടപ്പാക്കാനാവശ്യമായ വിശാലമായ സ്ഥലം, നിക്ഷേപത്തിനുള്ള സാധ്യതകള്‍, തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ എന്നിങ്ങനെ രാജ്യത്തിന്റെ തലവര മാറ്റിയെഴുതുന്നതായിരിക്കും പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കുമായി ഓരോ വര്‍ഷവും 3.5 ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജനോ അല്ലെങ്കില്‍ 20 ദശലക്ഷം ടണ്‍ അമോണിയയോ ഉത്പാദിപ്പിക്കാനാണ് പദ്ധതിയുടെ പിന്നിലുള്ള ഇന്റര്‍കോണ്ടിനെന്റല്‍ എനര്‍ജി, സിഡബ്ല്യുപി ഗ്ലോബല്‍ കമ്പനികള്‍ ലക്ഷ്യമിടുന്നത്.
കല്‍ക്കരിയില്‍നിന്നും ഗ്യാസില്‍നിന്നും മറ്റ് ഊര്‍ജോല്‍പാദന പ്ലാന്റുകളില്‍ നിന്നുമായി 54 ജിഗാ വാട്ട് ഊര്‍ജമാണ് നിലവില്‍ രാജ്യത്താകെ ഉല്‍പാദിപ്പിക്കുന്നത്. അതേസമയം നിര്‍ദിഷ്ട പദ്ധതിയില്‍നിന്നു മാത്രം 50 ജിഗാവാട്ട് ശേഷിയാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ ട്രക്കുകള്‍, ട്രെയിനുകള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കാനുള്ള ഇന്ധനം ഉല്‍പാദിപ്പിക്കുക വഴി ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഉതകുന്നതാണ് പദ്ധതി്യെന്ന് പ്രൊഫസര്‍ പീറ്റര്‍ ന്യൂമാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.