മുന്‍ പ്രസിഡന്റ് ജയിലില്‍; ദക്ഷിണാഫ്രിക്കയില്‍ കലാപവും കൊള്ളയും രൂക്ഷമാകുന്നു

മുന്‍ പ്രസിഡന്റ് ജയിലില്‍; ദക്ഷിണാഫ്രിക്കയില്‍ കലാപവും കൊള്ളയും രൂക്ഷമാകുന്നു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ കോടതിയലക്ഷ്യക്കേസില്‍ ജയിലിലായതിനു പിന്നാലെ രാജ്യത്ത് കൊള്ളയും കലാപവും രൂക്ഷമാകുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച മുതല്‍ ആരംഭിച്ച കലാപങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 72 കടന്നു. 1200-ലധികം പേര്‍ അറസ്റ്റിലായി. പലയിടങ്ങളിലും ആളുകള്‍ അക്രമം അഴിച്ചുവിടുന്നുണ്ട്. കലാപം ശക്തമായതിനെ തുടര്‍ന്ന് നഗരങ്ങളില്‍ പട്ടാളമിറങ്ങി. പോലീസിനുപുറമേ 25000 സൈനികരെയാണ് സര്‍ക്കാര്‍ രംഗത്തിറക്കിയത്. കോവിഡിനെതുടര്‍ന്ന് പ്രതിസന്ധിയായി തൊഴിലില്ലായ്മയും പട്ടിണിയും വ്യാപകമാകുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചുകുലുക്കി കലാപം പടരുന്നത്.

അഴിമതി കേസില്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെയാണ് കോടതിയലക്ഷ്യ കുറ്റത്തിന് ജേക്കബ് സുമ ജയിലിലടക്കപ്പെട്ടത്. ഇതോടെ ക്വാസുലു നേറ്റാല്‍ പ്രവിശ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങുകയായിരുന്നു. പിന്നീട് പ്രക്ഷോഭം കലാപമായി പടര്‍ന്നു. പ്രക്ഷോഭം മുതലെടുത്ത് വ്യാപകമായി കടകളും ഗോഡൗണുകളും കൊള്ളയടിക്കുകയാണ്. ഷോപ്പിംഗ് മാളുകളില്‍ കൂട്ടത്തോടെ ആളുകള്‍ എത്തി ഭക്ഷണസാധനങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും മദ്യവും വസ്ത്രവുമെല്ലാം എടുത്തുകൊണ്ടുപോവുകയാണ്.


ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ

ജോഹന്നാസ്ബര്‍ഗ്ഗിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളും എ.ടി.എം സെന്ററുകളും കൊള്ളയടിക്കപ്പെട്ടു. പല മരണങ്ങളും കൊള്ളയ്ക്കിടെ ഉണ്ടായതാണെന്ന് പോലീസ് പറയുന്നു. 1,234 പേരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കലാപത്തെ കര്‍ശനമായി നേരിടുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡ്ന്റ് സിറില്‍ റാമപോസ വ്യക്തമാക്കി.

ദാരിദ്ര്യം രൂക്ഷമായ ഗൗട്ടെങ്, ക്വാസുലു-നേറ്റാല്‍ പ്രവിശ്യകളിലാണ് അക്രമം രൂക്ഷമായിരിക്കുന്നത്. അക്രമികള്‍ക്കു നേരെ സൈന്യം കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചെങ്കിലും ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. പലയിടങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചു. മറ്റു പ്രവിശ്യകളിലേക്ക് കലാപം വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്.



കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്ന ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും കലാപം തടസപ്പെടുത്തി. മരുന്നും ഓക്‌സിജനുമില്ലാതെ ആരോഗ്യരംഗം അതീവ പ്രതിസന്ധിയിലാണെന്നു 241 പൊതു ആശുപത്രികളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ ഹോസ്പിറ്റല്‍ നെറ്റ് വര്‍ക്ക് (എന്‍എച്ച്എന്‍) അറിയിച്ചു.

രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ആറുകോടിയോളം വരുന്ന ജനസംഖ്യയുടെ പകുതിയും ക്ഷാമം നേരിടുന്നുവെന്നാണ് കണക്ക്. 32 ശതമാനത്തിനും തൊഴിലില്ല.

2009 മുതല്‍ 2018 വരെ ജേക്കബ് സുമ രാഷ്ട്രപതിയായിരിക്കെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണത്തില്‍ സഹകരിക്കാന്‍ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുമായി സഹകരിക്കാന്‍ സുമ തയ്യാറായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.