ദയാവധം: കത്തോലിക്ക സഭയുടെ തീരുമാനത്തെ പിന്തുണച്ച് ക്വീന്‍സ് ലാന്‍ഡിലെ ഡോക്ടര്‍മാര്‍

ദയാവധം: കത്തോലിക്ക സഭയുടെ തീരുമാനത്തെ  പിന്തുണച്ച് ക്വീന്‍സ് ലാന്‍ഡിലെ ഡോക്ടര്‍മാര്‍

പെര്‍ത്ത്: കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികളിലും വയോജന കേന്ദ്രങ്ങളിലും ദയാവധം നടപ്പാക്കുന്നത് ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ പൂര്‍ണ പിന്തുണ.

സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ദയാവധം നിര്‍ബന്ധിതമായി നടപ്പാക്കാന്‍ സമ്മര്‍ദമുണ്ടാകുമോ എന്ന ആശങ്ക ആരോഗ്യ പരിചരണ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്.

കത്തോലിക്ക ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ ദയാവധം ആവശ്യപ്പെടുകയും അതേസമയം അവരെ മറ്റൊരിടത്തേക്കു മാറ്റാനാവാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ള ഡോക്ടര്‍മാര്‍ക്ക് അവരെ വിലയിരുത്താനും ദയാവധം നടപ്പാക്കാനും ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് ഇപ്പോള്‍ ശിപാര്‍ശ ചെയ്ത നിയമങ്ങള്‍ അനുവദിക്കുന്നുണ്ട. ഇത് സഭയുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍ കനത്ത ആശങ്ക ഉയരുന്നുണ്ട്.

മതപരമായ വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ചില ആശുപത്രികള്‍ ഗര്‍ഭച്ഛിദ്രം, ജനന നിയന്ത്രണ മാര്‍ഗങ്ങള്‍, വന്ധ്യംകരണം തുടങ്ങിയ സേവനങ്ങള്‍ നേരത്തെ മുതല്‍ നല്‍കുന്നില്ല. ഇത്തരത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ദയാവധത്തിന്റെ കാര്യത്തിലും ആശുപ്രതികള്‍ക്ക് അനുവദിക്കണമെന്ന് ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്റെ ക്വീന്‍സ്ലാന്‍ഡ് ശാഖ ആവശ്യപ്പെട്ടു.
ദയാവധം നിയമവിധേയമാക്കാനുള്ള നടപടികളുമായി ക്വീന്‍സ് ലാന്‍ഡ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം പാര്‍ലമെന്റില്‍ എടുക്കുന്നത്.

അതേസമയം, മറ്റൊരിടത്തേക്കു മാറ്റാനാവാത്ത വിധം ആരോഗ്യനില വഷളായ രോഗികള്‍ക്ക് കത്തോലിക്ക ആശുപത്രികളില്‍ നിര്‍ബന്ധിതമായി ദയാവധം നല്‍കുന്ന സാഹചര്യം ഒഴിവാക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രീമിയര്‍ അന്നസ്‌തേഷ്യ പലാസ്‌ക്യുക് സഭയോടും വിശ്വാസികളോടും വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് വിപരീതമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നു മതനേതാക്കള്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26