കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഡെപ്യൂട്ടി പ്രീമിയറുടെ മകള്‍ക്ക് പിഴശിക്ഷ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഡെപ്യൂട്ടി പ്രീമിയറുടെ മകള്‍ക്ക് പിഴശിക്ഷ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി പ്രീമിയര്‍ ജോണ്‍ ബരിലാരോയുടെ മകള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിഴശിക്ഷ. ഡെപ്യൂട്ടി പ്രീമിയറുടെ മകള്‍ ഡൊമെനിക്ക ബരിലാരോയ്ക്കാണ് 1,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തിയത്.

സംസ്ഥാനത്ത് പല ഭാഗങ്ങളിലും കോവിഡ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിനാല്‍ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതു ലംഘിച്ച് ക്വീന്‍ബയാനിലെ വീട്ടില്‍നിന്ന് സിഡ്‌നി, കാന്‍ബെറ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തതിനാണ് 20 കാരിയായ ഡൊമെനിക്കയ്ക്ക് സര്‍ക്കാര്‍ പിഴയിട്ടത്. സംഭവത്തില്‍ ഡൊമിനിക്ക ക്ഷമ ചോദിക്കുകയും പോലീസ് ഉദ്യോഗസ്ഥരോട് സഹകരിക്കുകയും ചെയ്തു.

അതേസമയം സംഭവത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ ഡെപ്യൂട്ടി പ്രീമിയര്‍ ജോണ്‍ ബരിലാരോ തയാറായില്ല.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം ബരിലാരോയക്കും ശിക്ഷ ലഭിച്ചിരുന്നു. പകര്‍ച്ചവ്യാധി സമയത്ത് യാത്ര ചെയ്യരുതെന്ന് ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്ന ബരിലാരോ തന്നെ ഉത്തരവ് ലംഘിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു
നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ബരിലാരോ ക്വീന്‍ബയാനിലെ വീട്ടില്‍ നിന്ന് 120 കിലോമീറ്റര്‍ സഞ്ചരിച്ച് സംസ്ഥാനത്തിന്റെ ഉള്‍പ്രദേശമായ നെറിഗയിലെ ഉള്‍പ്രദേശത്തുള്ള തന്റെ വസ്തുവകകള്‍ സന്ദര്‍ശിക്കാന്‍ പോയിരുന്നു. അവിടെയുള്ള കോഴികള്‍ക്ക് തീറ്റ നല്‍കാനും പുല്‍ത്തകിടികള്‍ വെട്ടിമാറ്റാനുമാണ് പോയതെന്നും അതിന് ഉത്തരവില്‍ അനുവാദമുണ്ടെന്നുമാണ് അദ്ദേഹം അന്നു വിശദീകരിച്ചത്.

ലോക്ഡൗണിനെതുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന ഗ്രേറ്റര്‍ സിഡ്‌നിയിലേക്കും അതിന്റെ സമീപപ്രദേശങ്ങളിലേക്കും പോകാന്‍ ഏഴ് സാഹചര്യങ്ങളില്‍ മാത്രമാണ് ഒഴിവുള്ളത്. അതാവശ്യ ജോലികള്‍ ചെയ്യാന്‍, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്, താമസ സ്ഥലം മാറുന്ന വ്യക്തിയെ സഹായിക്കാന്‍, അടിയന്തരമായ സാഹചര്യങ്ങളില്‍, പാട്ടത്തിനെടുക്കാനോ വാങ്ങാനോ ഉള്ള വസ്തു പരിശോധിക്കാന്‍, അപകടസാധ്യത ഒഴിവാക്കാന്‍ തുടങ്ങി ഏഴു കാര്യങ്ങള്‍ക്കു മാത്രമാണ് പോകാനാകുക. സിഡ്‌നിയിലെ ഏതെങ്കിലും ഭാഗങ്ങള്‍ സന്ദര്‍ശിച്ചവര്‍ മടങ്ങിയതിന് ശേഷം 14 ദിവസത്തേക്ക് വീട്ടില്‍ ക്വാറന്റീനിലിരിക്കണം എന്നാണ് ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.