കൊച്ചി: സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രം സര്‍വകലാശാല പ്രവേശനം നൽകണമെന്ന നിർദേശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും ഗവര്‍ണര്‍ നിർദേശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിര്‍ദേശം മുന്നോട്ടുവച്ചത്.
വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയില്‍ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബിരുദം നല്‍കുന്ന സമയത്തും ഇത്തരത്തില്‍ ബോണ്ട് വയ്ക്കണം. സര്‍വകലാശായ നിയമനങ്ങളുടെ കാര്യത്തിലും ഇത് ബാധകമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.
കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. നമ്മുടെ സമൂഹത്തിനായി നമ്മള്‍ ചെയ്യേണ്ട കര്‍ത്തവ്യമാണ്. വിവാഹ സമയത്ത് നിര്‍ബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നല്‍കിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീധനത്തിനെതിരേ പോരാടണമെന്ന് എല്ലാവരോടും കൈകള്‍ കൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.