ഈഫല്‍ ടവര്‍ തുറന്നു; 'അയണ്‍ ലേഡി'യുടെ ലിഫ്റ്റുകള്‍ 1,000 അടി ഉയരത്തിലേക്ക് വിനോദ സഞ്ചാരികളെ എത്തിച്ചു തുടങ്ങി

ഈഫല്‍ ടവര്‍ തുറന്നു; 'അയണ്‍ ലേഡി'യുടെ ലിഫ്റ്റുകള്‍ 1,000 അടി ഉയരത്തിലേക്ക് വിനോദ സഞ്ചാരികളെ എത്തിച്ചു തുടങ്ങി

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും ദീര്‍ഘിച്ച അടച്ചിടലിനു വിരാമം;
സന്ദര്‍ശകര്‍ വാക്സിനേഷന്‍ തെളിവോ നെഗറ്റീവ് പരിശോധനാ ഫലമോ കരുതണം.

പാരീസ്: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് അടച്ചിട്ട ഈഫല്‍ ടവര്‍ ഒമ്പത് മാസത്തിനു ശേഷം വീണ്ടും തുറന്നു. പാരീസിനെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന പ്രശസ്ത ഉരുക്കു ഗോപുരമായമായ 'അയണ്‍ ലേഡി'യുടെ ലിഫ്റ്റുകള്‍ 300 മീറ്റര്‍ (1,000 അടി) ഉയരത്തിലേക്ക് വിനോദ സഞ്ചാരികളെ എത്തിച്ചു തുടങ്ങി. സന്ദര്‍ശകര്‍ വാക്സിനേഷന്റെ തെളിവ് അല്ലെങ്കില്‍ നെഗറ്റീവ് പരിശോധനാ ഫലം കാണിക്കേണ്ടതുണ്ട്.

ആഗോളാടിസ്ഥാനത്തില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ് 1887 നും 1889 നും ഇടയില്‍ നിര്‍മ്മിച്ച ഈഫല്‍ ടവര്‍. കാണികള്‍ക്കു വീണ്ടും പ്രവേശനമനുവദിക്കാനുള്ള തീരുമാനം ഈഫല്‍ ടവറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും ദീര്‍ഘിച്ച അടച്ചിടലായിരുന്നു ഇത്തവണത്തേത്. ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമായിത്തുടങ്ങി.  ടിക്കറ്റ്  നേരത്തേ ബുക്ക് ചെയ്യണം.

ഓണ്‍ലൈന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക അകലം കര്‍ശനമായി പാലിച്ച് ഒരു ദിവസം 13,000 സഞ്ചാരികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. കോവിഡിനു മുമ്പ് ഇതിന്റെ ഇരട്ടിയോളം പേരെ അനുവദിച്ചിരുന്നു. 2024 ഒളിമ്പിക്‌സിന് മുന്നോടിയായി ഈഫല്‍ ടവറില്‍ ഇപ്പോള്‍ അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടവറിന്റെ ചില ഭാഗങ്ങള്‍ അടഞ്ഞു കിടക്കും.

അവസാന റൗണ്ട് വിദഗ്ധ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്. നിലവില്‍ സങ്കീര്‍ണത ഏറയെുള്ള പ്രവര്‍ത്തനമാണെങ്കിലും ഇത് കൈകാര്യം ചെയ്യാനാവുമെന്ന് ഓപ്പറേറ്റിംഗ് കമ്പനി മേധാവി ജീന്‍ ഫ്രാങ്കോയിസ് മാര്‍ട്ടിന്‍സ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ടിക്കറ്റിനായുള്ള റിസര്‍വേഷന്‍ തുടങ്ങിയതോടെ, യാത്രാ നിയന്ത്രണങ്ങള്‍ കാരണം പാരീസിലെ ടൂറിസം വ്യവസായം എങ്ങനെ മാറിയെന്നതിന്റെ വ്യക്തമായ സൂചനകള്‍ തന്നു.

ബ്രിട്ടനില്‍ നിന്നുള്ള ആരും തന്നെ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് മാര്‍ട്ടിന്‍സ് പറഞ്ഞു. 15 ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. വളരെ കുറച്ചുപേര്‍ ഏഷ്യയില്‍ നിന്നുണ്ട്. സന്ദര്‍ശകരില്‍ പകുതിയും ഫ്രഞ്ചുകാരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഇറ്റലിക്കാരും സ്പാനിഷുകാരും സാധാരണയേക്കാള്‍ ഉയര്‍ന്ന അനുപാതത്തില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു.

പാരീസ് സിറ്റി അധികൃതര്‍ക്ക് വേണ്ടി സ്മാരകത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുള്ള ഓപ്പറേറ്റിംഗ് കമ്പനിയായ സെറ്റെയുടെ സാമ്പത്തിക സ്ഥിതി മോശമായിരിക്കുകയാണ്. 2020 ല്‍ വരുമാനം 75 ശതമാനം കുറഞ്ഞ് 25 ദശലക്ഷം യൂറോയായി. അധിക സര്‍ക്കാര്‍ സഹായമായി 60 ദശലക്ഷം യൂറോ വേണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.