പി വി വിവേകാനന്ദിന്റെ ലേഖനങ്ങൾ​ വരും കാലങ്ങളിൽ കൂടുതൽ പ്രസക്​തമാകും: ഷാജഹാൻ മാടമ്പാട്ട്​

പി വി വിവേകാനന്ദിന്റെ ലേഖനങ്ങൾ​ വരും കാലങ്ങളിൽ കൂടുതൽ പ്രസക്​തമാകും: ഷാജഹാൻ മാടമ്പാട്ട്​

ദുബായ്: പി.വി. വിവേകാനന്ദിന്റെ ലേഖനങ്ങൾ​ എഴുതപ്പെട്ട കാലത്തേക്കാൾ പ്രസക്തമാകുന്നത്​​​ വരാനിരിക്കുന്ന കാലങ്ങളിലാണെന്ന്​ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാജഹാന്‍ മാടമ്പാട്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങളും രചനകളും നിലനിർത്താൻ ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മധ്യപൂർവദേശത്തെ ആദ്യ മലയാളി മാധ്യമ പ്രവർത്തകരിൽ ഒരാളും, യു.എ.ഇയിലെ ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന പി.വി. വിവേകാനന്ദിനെക്കുറിച്ചുള്ള പുസ്തകം ‘വിവേകാനന്ദം: ഒരു പ്രവാസി മാധ്യമപ്രവർത്തകന്റെ അകംപൊരുൾ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഷാജഹാന്‍ മാടമ്പാട്ട്

അന്തർ ദേശീയ രാഷ്​ട്രീയത്തെ ധാർമിക നൈതിക ബോധ്യങ്ങളോടെ വിലയിരുത്തുകയും ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായി എഴുതുകയും ചെയ്തിരുന്ന വ്യക്​തയാണ്​ വിവേകാനന്ദ്. മിഡിൽ ഈസ്റ്റ് രാഷ്​ട്രീയം സൂക്ഷ്മതലത്തിൽ മനസിലാക്കിയ അപൂർവം ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളാണ്​. അറബി പത്രപ്രവർത്തകന് ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ വ്യക്തതയോടെ അറേബ്യൻ രാഷ്​ട്രീയം അവലോകനം ചെയ്​തു. അറബി ഭാഷ മികച്ച രീതിയിൽ കൈകാര്യം ചെയ്​ത അദ്ദേഹം അറബ് രാഷ്​ട്രങ്ങളിലെ സംഭവ വികാസങ്ങൾ ലോകത്തിന്​ മുന്നിൽ അവതരിപ്പിച്ചു.

റോഹിങ്ക്യൻ വിഷയം ലോകം കൂടുതൽ ചർച്ചചെയ്യപ്പെടുന്നതിന് മുമ്പ് അതു സംബന്ധിച്ച വിശദമായ ലേഖനം ഗൾഫ്​ ടുഡേയിൽ പ്രസിദ്ധീകരിച്ചു. ഇസ്രായേലി അമേരിക്കൻ രാഷ്​ട്രീയ ഇടപെടലുകൾ മധ്യപൗരസ്ത്യ ദേശങ്ങളെ ഏതുവിധത്തിൽ ബാധിക്കുന്നു എന്നതിനെ കുറിച്ചും വ്യക്തതയോടെ അദ്ദേഹം എഴുതിയിട്ടുണ്ട്. നമുക്കിടയിൽ ജീവിച്ച അസാമാന്യ പ്രതിഭാശാലിയായ പത്രപ്രവർത്തകനായിരുന്നു വിവേകാനന്ദ് എന്നും ഷാജഹാൻ മാടമ്പാട്ട്​ അനുസ്​മരിച്ചു.


ഇസിഎച്ച് സിഇഒ ഇക്ബാല്‍ മാർക്കോണി

ഇ.സി.എച്ച് സി.ഇ.ഒ ഇക്ബാല്‍ മാർക്കോണിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. വിവേകാനന്ദി​ന്റെ ഇടപെടലിനെ തുടർന്ന്​ ഇന്ത്യക്കാർക്ക്​ ജോർദാനിലേക്ക്​ ​പ്രവേശനം അനുവദിക്കാൻ ജോർദാൻ രാജാവ്​ നിർദേശം നൽകിയ സംഭവം കേട്ടറിഞ്ഞിട്ടുണ്ടെന്നും മാധ്യമ രംഗ​ത്തെ മാതൃകയാണ്​ അദ്ദേഹമെന്നും ഇക്​ബാൽ മാർക്കോണി പറഞ്ഞു.

മാധ്യമപ്രവർത്തകരായ സാദിഖ് കാവിലും തന്‍സി ഹാഷിറുമാണ് പുസ്തകത്തിന്റെ എഡിറ്റമാർ. വിവേകാനന്ദിനെ കുറിച്ചുളള ഹൃസ്വവീഡിയോ പ്രദർശിപ്പിച്ചുകൊണ്ടാണ് ചടങ്ങ്​ തുടങ്ങിയത്. ഐ.എം.എഫ്​ കോ ഓർഡിനേറ്ററും മാധ്യമപ്രവർത്തകനുമായ രാജു മാത്യു പുസ്തക പരിചയം നടത്തി. ഐ.എം.എഫ്​ കോ ഓർഡിനേറ്റർ സുജിത് സുന്ദരേശന്‍ സ്വാഗതം പറഞ്ഞു. ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകന്‍ തോമസ് ജേക്കബ് വീഡിയോയിലൂടെ ആശംസ അറിയിച്ചു.

പി.വി. വിവേകാനന്ദിന്റെ ഭാര്യ ചിത്രാ ആനന്ദ്, മകള്‍ വിസ്മയ, മകന്‍ അനൂപ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. മാധ്യമപ്രവർത്തക ജസിത സഞ്ജിത് അവതാരകയായിരുന്നു. ചിരന്തനയുടെ 34 മത് പുസ്തകമാണ് വിവേകാനന്ദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.