ലോക്ക്ഡൗണ്‍ ഇളവ്: സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഐഎംഎ; മൂന്നാം തരംഗം ഉടനെന്ന് നീതി ആയോഗ്

ലോക്ക്ഡൗണ്‍ ഇളവ്: സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഐഎംഎ; മൂന്നാം തരംഗം ഉടനെന്ന് നീതി ആയോഗ്

തിരുവനന്തപുരം: ബക്രീദിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവില്‍ ആശങ്കയറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ).

സര്‍ക്കാര്‍ തീരുമാനം അനവസരത്തിലുള്ളതാണെന്നും ദൗര്‍ഭാഗ്യകരവുമാണ്. ഇളവുകള്‍ നല്‍കിയ സര്‍ക്കാരിന്റെ തീരുമാനം തെറ്റാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥാടന യാത്രകള്‍ മാറ്റിവച്ചു. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഇളവകുള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഐഎംഎ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ബക്രീദിനോട് അനുബന്ധിച്ച് ഇളവുകള്‍ അനുവദിച്ചത്. മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നാല്‍പതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഭക്തര്‍ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.

കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദേശമുണ്ട്. സി, ഡി വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും.

ഇതിനിടെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി. ഐഐടി കാണ്‍പൂര്‍ ഒരു ഗണിത ശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവചനം അനുസരിച്ച് സെപ്റ്റംബറോടെ ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നും പ്രതിദിനം രണ്ട് ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ കോവിഡ് കേസുകള്‍ പ്രതീക്ഷിക്കാമെന്നുമാണ് പറയുന്നത്.

കോവിഡ് പ്രതിസന്ധി വലിയ തോതിലാണ് ഇപ്പോള്‍ രാജ്യത്തെ ബാധിച്ചിരിക്കുന്നത്. രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും ഇപ്പോഴും അതില്‍ നിന്ന് മുക്തമായിട്ടില്ല. ലോകത്തിന്റെ പല ഇടങ്ങളില്‍ മൂന്നാം തരംഗം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും ഇന്ത്യയില്‍ ഉടനെ പ്രതീക്ഷിക്കാമെന്നും ഡോ.വി.കെ പോള്‍ പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സ്വീകരിച്ചു വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ മൂന്നാം തരംഗം മാരകമായേക്കാം. സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, വ്യാപകമായ വാക്സിനേഷന്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങളും കോവിഡ് പ്രോട്ടോകോളുകളും അടുത്ത തരംഗത്തിന്റെ വ്യാപനം ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം വാക്സിനേഷന്‍ വ്യാപകമാക്കാനായാല്‍ രണ്ടാം തരംഗത്തിന്റെ അത്ര ഉയര്‍ന്ന തോതിലുള്ള കേസുകള്‍ മൂന്നാം തരംഗത്തില്‍ ഇന്ത്യ നേരിടേണ്ടി വരില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 10 ശതമാനത്തിന് പോലും ഇനിയും വാക്സിനേഷന്റെ രണ്ട് ഡോസുകളും നല്‍കാന്‍ സാധിച്ചിട്ടില്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ 14 വരെ 39 കോടി ഡോസ് വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്തത്. 7.33 കോടിയോളം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും ലഭിച്ചു. ആകെ ജനസംഖ്യയുടെ 7.8 ശതമാനത്തോളം മാത്രമേ ഇത് വരൂ. പല സംസ്ഥാനങ്ങളും ആവശ്യത്തിന് വാക്സിന്‍ ലഭ്യമല്ലെന്ന പരാതി ഉന്നയിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.