ഷി ജിന്‍പിങ്ങിന്റെ പ്രസംഗം ഏറ്റുചൊല്ലാന്‍ ചൈനയിലെ പാസ്റ്റര്‍മാര്‍ ഇറങ്ങുന്നു

ഷി ജിന്‍പിങ്ങിന്റെ പ്രസംഗം ഏറ്റുചൊല്ലാന്‍  ചൈനയിലെ പാസ്റ്റര്‍മാര്‍ ഇറങ്ങുന്നു


ഭരണകൂടത്തിന്റെ തീട്ടൂര പ്രകാരം ദൈവവചനം ഇനി അകലെ നില്‍ക്കട്ടെയെന്ന്                                         ചൈനീസ് പ്രൊട്ടസ്റ്റന്റ് സഭാ മേധാവികള്‍

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം സ്ഥാപക വാര്‍ഷികമായിരുന്ന ജൂലൈ ഒന്നിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് നടത്തിയ പ്രസംഗം പഠിച്ച് ഹൃദിസ്ഥമാക്കാനും ജനങ്ങള്‍ക്കു മുന്നില്‍ അത് ആവര്‍ത്തിക്കാനും രാജ്യത്തെ പ്രൊട്ടസ്റ്റന്റ് സഭാ പാസ്റ്റര്‍മാര്‍ തയ്യാറാകണമെന്ന്് സഭയ്ക്കു മേല്‍ ഭരണകൂടത്തിന്റെ നിയന്ത്രണം നിര്‍വഹിക്കാന്‍ നിയുക്തമായ ഉന്നതോദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഇംഗിത പ്രകാരമുള്ളതെന്നു പറയുന്ന ഈ തീട്ടൂരം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങള്‍ സംയുക്തമായി ദേശീയ സമ്മേളനം വിളിച്ചുചേര്‍ത്തു.

മുഖ്യ സഭാ വിഭാഗങ്ങളിലൊന്നിന്റെ ചെയര്‍മാന്‍ ആയ സൂ സിയാഹോങ് ഒരു മണിക്കൂറോളം നീണ്ടുനിന്ന തന്റെ തീപ്പൊരി പ്രസംഗത്തിലൂടെ ഷി ജിന്‍പിങ്ങിനെ പ്രശംസ കൊണ്ടു മൂടുകയും രാജ്യത്തെ സമൃദ്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തതായി 'ബിറ്റര്‍ വിന്റര്‍' മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ്ങിന്റെ ജൂലൈ ഒന്നിലെ പ്രസംഗം പഠിക്കുകയും നടപ്പിലാക്കുകയും ചെയ്യുക' എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം തന്നെ.

സഭകളുടെ പാസ്റ്റര്‍മാര്‍ ഷിയുടെ പ്രസംഗത്തെ ഒരു പ്രധാന പഠന വിഷയമാക്കണമെന്നും അവരുടെ പ്രഭാഷണങ്ങളില്‍ ആവര്‍ത്തിക്കണമെന്നും ബൈബിള്‍ പഠന ഗ്രൂപ്പുകളുടെ ചര്‍ച്ചാ വിഷയമാക്കണമെന്നും സമ്മേളനത്തിലേക്ക് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

ചൈനയെയും സിസിപിയെയും പ്രസിഡന്റ് ഷിയെയും മഹത്വവത്കരിച്ച പ്രസംഗത്തില്‍ ഒമ്പത് പോയിന്റുകളെ അടിസ്ഥാനമാക്കിയാണ് പാസ്റ്റര്‍മാര്‍ക്കായി സൂ സിയാഹോങ് മാതൃകാ പ്രസംഗം നടത്തിയത്. ഷിയെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവരുമ്പോള്‍ ക്രിസ്തുവിന്റെ സ്ഥാനം എവിടെയന്നതിനെപ്പറ്റി സൂ വിശദീകരിച്ചോയെന്ന കാര്യം റിപ്പോര്‍ട്ടില്‍ ഇല്ല.

ആധുനിക ചൈനയുടെ അടിത്തറയിടുന്നതില്‍ പാര്‍ട്ടി വഹിച്ചുവരുന്ന സുപ്രധാന പങ്ക് ഷി വിവരിച്ചത് സമ്മേളനത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. ചൈനീസ് ജനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമുണ്ടായിരുന്നു പ്രസംഗത്തില്‍.

'സോഷ്യലിസത്തിന് മാത്രമേ ചൈനയെ രക്ഷിക്കാന്‍ കഴിയൂ; ചൈനയുടെ തനതായ സ്വഭാവ സവിശേഷതകളുള്ള സോഷ്യലിസത്തിനേ ചൈനയെ വികസിപ്പിക്കാന്‍ കഴിയൂ. ചൈനയെ ഭീഷണിപ്പെടുത്താനോ അടിച്ചമര്‍ത്താനോ കീഴ്പ്പെടുത്താനോ ആരെയും ഒരിക്കലും അനുവദിക്കില്ല.

അതിനു ധൈര്യപ്പെടുന്നത് ആരായിരുന്നാലും അവരുടെ തല 1.4 ബില്യണ്‍ ചൈനീസ് ജനത വന്‍മതിലില്‍ ഇടിച്ചു തകര്‍ക്കും' എന്നിങ്ങനെയുള്ള ഷിയുടെ വാക്കുകള്‍ പാസ്റ്റര്‍മാര്‍ നാടെങ്ങും ഏറ്റു പറയണമെന്ന ആഹ്വാനവുമുണ്ട്. 'ദേശീയ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാനുള്ള ചൈനീസ് ജനതയുടെ ദൃഢ നിശ്ചയത്തെയും ഇച്ഛയെയും കഴിവിനെയും ആരും കുറച്ചുകാണരുത്,'എന്നതാണ് മുഖ്യ വാചകങ്ങളിലൊന്ന്.

ഭൗതിക, രാഷ്ട്രീയ, ആത്മീയ, സാമൂഹിക, സാമ്പത്തിക മേഖലകളിലെല്ലാം പാര്‍ട്ടി മികച്ച സംഭവ വികാസങ്ങള്‍ക്കു വഴിയൊരുക്കിയിട്ടുണ്ടെന്നും സൂ പറഞ്ഞു. 70 വര്‍ഷത്തിലേറെയായി രാജ്യം വിജയകരമായി ഭരിച്ചതിനാല്‍ ക്രിസ്ത്യാനികള്‍ പാര്‍ട്ടിയെ വിശ്വസിക്കണം. ചൈനീസ് രാഷ്ട്രം ഭീഷണിക്കും കശാപ്പിനും വിധേയമായ യുഗം എന്നേക്കുമായി ഇല്ലാതായി.

'മഹത്തായ, മഹത്വമുള്ള, ശരിയായതു പ്രവര്‍ത്തിക്കുന്ന' ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ചൈനീസ് ജനതയ്ക്കും വിജയം നേരുന്ന രണ്ട് മുദ്രാവാക്യങ്ങള്‍ ക്രിസ്ത്യാനികള്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം പാസ്റ്റര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ഔദ്യോഗികമായി നിരീശ്വര പക്ഷത്തുള്ള ചൈന പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ, ബുദ്ധ, ഇസ്ലാം, താവോയിസം എന്നിങ്ങനെ അഞ്ച് മതങ്ങളുടെ നിയമപരമായ അസ്തിത്വം അംഗീകരിക്കുന്നുണ്ട്, ശക്തമായ ഭരണകൂട മേല്‍നോട്ടത്തില്‍. മതങ്ങളുടെ മേലുള്ള നിയന്ത്രണം ഇടയ്ക്കു രൂക്ഷമാകാറുണ്ട്.

പുതിയ ചട്ടങ്ങളുടെ മറവില്‍ 2018 മുതല്‍ അധികാരികള്‍ നൂറുകണക്കിന് പള്ളികളും കത്തോലിക്കര്‍ നടത്തിയിരുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചാരിറ്റി സ്ഥാപനങ്ങളും പൂട്ടിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചും അനധികൃതമായി മത ബോധനം നടത്തിയും നിയമങ്ങള്‍ ലംഘിച്ചെന്നതായിരുന്നു ആരോപണം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.