ധവാന് അര്‍ധസെഞ്ചുറി; ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

ധവാന് അര്‍ധസെഞ്ചുറി; ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുത്തു. എന്നാൽ ഇന്ത്യ 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അവസാന ഓവറുകളില്‍ കരുണരത്‌നെ നടത്തിയ മിന്നല്‍ പ്രകടനമാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

കരുണരത്‌നെ 35 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 43 റണ്‍സാണ് നേടിയത്. ഭാനുക രജപക്‌സയെ (24), മിനോദ് ഭാനുകയേയും (27), 65 പന്തില്‍ 38 റണ്‍സെടുത്ത അസലങ്ക, 50 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ദസുന്‍ ഷാനക എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. വാനിന്ദു ഹസരംഗ (8), ഇസുരു ഉദാന (8), ദുഷ്മാന്ത ചമീര (13) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാതെ പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി.

ഇന്ത്യയ്ക്കായി ദീപക് ചാഹര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും, പൃഥ്വി ഷായും മികച്ച തുടക്കമാണ് സമ്മാനിച്ചത്. 42 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 59 റണ്‍സാണ് കിഷന്‍ നേടിയത്.

24 പന്തില്‍ നിന്ന് ഒൻപത് ഫോറടക്കം 43 റണ്‍സെടുത്തു പൃഥ്വി ഷാ. 39 പന്തില്‍ 26 റണ്‍സുമായി മനീഷ് പാണ്ഡെ ഷാനകയുടെ ക്യാച്ചിലൂടെ ധനഞ്ജയയുടെ പന്തില്‍ പുറത്തായി.95 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സറുമടക്കം 86 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അരങ്ങേറ്റ മത്സരം കളിച്ച സൂര്യകുമാര്‍ യാദവ് 20 പന്തില്‍ നിന്ന് 31 റണ്‍സുമായി ധവാനൊപ്പം പുറത്താകാതെ നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.