ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം രൂക്ഷം; പുതുതായി 98 കേസുകള്‍ സ്ഥിരീകരിച്ചു

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം രൂക്ഷം; പുതുതായി 98 കേസുകള്‍ സ്ഥിരീകരിച്ചു

സിഡ്‌നി: ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 98 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് കേസുകളില്‍ മൂന്നില്‍ രണ്ടും തെക്ക്-പടിഞ്ഞാറന്‍ സിഡ്‌നിയില്‍നിന്നാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രേറ്റര്‍ സിഡ്‌നിയില്‍ കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിഡ്നിയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലകളിലെ 750,000 ആളുകളെയാണ് ലോക്ഡൗണ്‍ ബാധിച്ചത്. അവശ്യസര്‍വീസല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം നിയന്ത്രണങ്ങള്‍ എന്നുവരെയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ഫെയര്‍ഫീല്‍ഡ് മേഖലയില്‍ 47 കേസുകളും കാന്റര്‍ബറി-ബാങ്ക്‌സ്ടൗണിലും ലിവര്‍പൂളിലും 13 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39 കേസുകളുടെ സ്രോതസ് ഇനിയും വ്യക്തമായിട്ടില്ല.

കോവിഡ് കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതുവരെ നിയന്ത്രണങ്ങള്‍ എന്ന് അവസാനിക്കുമെന്നു പറയാനാകില്ലെന്നു പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു. ഇന്ന് സ്ഥിരീകരിച്ച 20 കേസുകള്‍ കമ്യൂണിറ്റിക്കു  പുറത്തുനിന്നുള്ളവയാണ്. കേസുകള്‍ പൂജ്യത്തിലേക്ക് എത്തിയാല്‍ എത്രയും വേഗം ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുമെന്നും പ്രീമിയര്‍ പറഞ്ഞു. രോഗബാധിതരായ ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

കോവിഡ് ഡെല്‍റ്റ വകഭേദം രൂക്ഷമായി വ്യാപിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് സര്‍ക്കാര്‍ പുനഃരാലോചിക്കുമെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്ത് പറഞ്ഞു. കുട്ടികളിലും അണുബാധ പടരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചില രാജ്യങ്ങളില്‍ കുട്ടികള്‍ക്കുള്ള നല്‍കാന്‍ ലൈസന്‍സുള്ള വാക്‌സിനുകള്‍ ഉണ്ടെന്നും ഓസ്ട്രേലിയയും ഇത് പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു. അതേസമയം, പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന ഇപ്പോഴും പ്രായത്തെ അടിസ്ഥാനമാക്കിയാണ്. രോഗസാധ്യത കൂടുതലുള്ള 65 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണന. സംസ്ഥാനത്ത് എല്ലാവര്‍ക്കും നല്‍കാനുള്ള ആസ്ട്രാസെനക്ക വാക്‌സിന്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.