വഴിച്ചോറു തേടുന്നവർ എന്ന പുസ്തകത്തിൽ ശ്രീ.ബിജു ഡാനിയേൽ പങ്കുവച്ച ഒരനുഭവം ഹൃദ്യമാണ്.
അദ്ദേഹത്തിൻ്റെ വിവാഹ രാത്രിയിൽ ജീവിത പങ്കാളിയോട് ചേർന്നിരുന്ന് തോബിത്തിൻ്റെ പുസ്തകത്തിലെ എട്ടാം അധ്യായത്തിലെ ഏതാനും ഭാഗങ്ങൾ വായിച്ച ശേഷമാണ് അവർ വിശ്രമിച്ചത്.ആ രാത്രി അവരിരുവരും ഒരു തീരുമാനമെടുത്തു. അടുത്ത ദിവസം വി.കുർബാനയിൽ പങ്കെടുക്കണം.പള്ളിയിലേക്ക് മൂന്നു കിലോമീറ്റർ ദൂരമുണ്ട്. എപ്പോഴും വാഹനസൗകര്യമില്ലാത്ത ഗ്രാമപ്രദേശവും. മോട്ടോർ ബൈക്കാണെങ്കിൽ ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നതുമില്ല. വിവാഹത്തിലൂടെ തങ്ങളെ ഒന്നിപ്പിച്ചത് കർത്താവാണെന്നും അവിടുന്നിൽ വേരൂന്നിയാണ് ജീവിതം ആരംഭിക്കേണ്ടത് എന്ന ഉറച്ച ബോധ്യം അവരിൽ തെളിഞ്ഞു നിന്നു.അതിൻ ഫലമായി പിറ്റേദിവസം നേരത്തെ ഉണർന്ന് കുന്നും മലയും നടന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ദൈവാലയത്തിലേക്ക് നവദമ്പതികളായ അവർ യാത്ര ചെയ്തു.അതേക്കുറിച്ച് ബിജുവിൻ്റെ വാക്കുകൾ ഇങ്ങനെയാണ്:"വിവാഹപ്പിറ്റേന്ന് സുഖമായി കിടന്നുറണ്ടേണ്ട ദമ്പതികൾ അന്ന് അങ്ങനെ ചെയ്തതുകൊണ്ട് ഇന്നത് പറയാനാകുന്നു. അന്ന് ലഭിച്ച ആത്മീയ ആനന്ദം അവർണ്ണനീയമാണ്. വി.കുർബാനയോട് ചേർന്ന് നിൽക്കുമ്പോൾ അതിജീവിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല."
ജീവിത പ്രതിസന്ധികൾ ഒന്നൊന്നായ് ഉയർന്നപ്പോഴും കുന്നും മലയും താണ്ടി ദൈവാലയത്തിലേക്ക് നീങ്ങിയ പാദങ്ങൾ ക്രിസ്തുവിൽ നിലയുറപ്പിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സമ്പാദ്യമെന്നാണ് ബിജുവിൻ്റെ പക്ഷം.ക്രിസ്തുവിൻ്റെ വാക്കുകൾ അനുസ്മരിക്കാം:''എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്‌തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിന്‍മേല്‍ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാല്‍, അതു പാറമേൽ സ്‌ഥാപിതമായിരുന്നു.''(മത്തായി 7 : 24-25).
ഈ ജീവിതത്തിൽ നമ്മുടെ തിരക്കുകൾക്കിടയിൽ പലപ്പോഴും നാം മാറ്റി വയ്ക്കുന്നത് പ്രാർത്ഥനയും വചന വായനയും വി.കുർബാനയുമൊക്കെയല്ലെ? അതുകൊണ്ടാണ് കാറ്റിൽ ഉലയുന്ന തോണിയായ് നമ്മുടെ ജീവിതങ്ങൾ മാറുന്നതും.ക്രിസ്തുവിൽ വേരൂന്നിയ ഒരു ജീവിതം കെട്ടിപ്പടുക്കാനാകട്ടെ നമ്മുടെ പരിശ്രമം. അപ്പോൾ കൊടുങ്കാറ്റുപോലെ പ്രശ്നങ്ങൾ ആഞ്ഞുവീശിയാലും നമ്മെ തകർക്കാൻ ആർക്കും കഴിയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.