ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവ്: കേരളം ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി

ബക്രീദിന് ലോക്ക്ഡൗണ്‍ ഇളവ്: കേരളം ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി


'ജീവിക്കാന്‍ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാ അധികാരികളും ഓര്‍ക്കണം'

ന്യൂഡല്‍ഹി: ബക്രീദിന് ലോക്ക്്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് സംബന്ധിച്ച് കേരളം ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

വിഷയത്തില്‍ മറുപടി നല്‍കാന്‍ സമയം ചോദിച്ച സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ബക്രീദ് പ്രമാണിച്ച് വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ല എന്ന് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സമയം നല്‍കാനാകില്ലെന്നു പറഞ്ഞ കോടതി ജീവിക്കാന്‍ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാ അധികാരികളും ഓര്‍ക്കണം എന്നും മുന്നറിയിപ്പ് നല്‍കി.

ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച കേരള സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പി.കെ.ഡി നമ്പ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസുകള്‍ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവത്തെ ഇളവുകള്‍ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ ചില മേഖലകലകളില്‍ കൂടി കടകള്‍ തുറക്കാന്‍ അനുവദിച്ചു എന്നേയുള്ളു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ലോക്ക്‌ഡോണ്‍ ഇളവുകള്‍ കൃത്യമായി സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നതായും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. നാളെ ഒന്നാമത്തെ കേസായി കേരളത്തിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് എതിരായ അപേക്ഷ പരിഗണിക്കുമെന്നും ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാവടി യാത്ര റദ്ദാക്കിയ തീരുമാനം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് കന്‍വാര്‍ യാത്ര ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സമാനമായി ഒരു മതാഘോഷത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.