കാന്‍ബറ: ലോകമെമ്പാടും നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കയും ബ്രിട്ടണും ഓസ്‌ട്രേലിയയും. മൈക്രോസോഫ്റ്റിന്റെ ഇ-മെയില്‍ സോഫ്റ്റ് വെയറിനു നേരേ ആഗോള തലത്തില്‍ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ചൈനയാണെന്നു യു.എസ് പരസ്യമായി ഉന്നയിച്ച ആരോപണത്തിലാണ് ഓസ്‌ട്രേലിയയും ബ്രിട്ടനും പങ്കുചേര്‍ന്നത്.
സൈബര്‍ ആക്രമണങ്ങള്‍ക്കായി ക്രിമിനല്‍ ഹാക്കര്‍മാരെ ചൈന ഉപയോഗിച്ചത് ആശങ്കപ്പെടുത്തുന്നതായി ഓസ്‌ട്രേലിയന്‍ ആഭ്യന്തരമന്ത്രി കാരെന്‍ ആന്‍ഡ്രൂസ്, വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍, പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. വ്യക്തിഗത നേട്ടത്തിനും വാണിജ്യപരമായ നേട്ടമുണ്ടാക്കുന്നതിനുമായി, സൈബര്‍ ആക്രമണം ഉള്‍പ്പെടെ വലിയ തോതില്‍ ഹാക്കിംഗുകള്‍ നടത്താന്‍ ക്രിമിനല്‍ സംഘങ്ങളുമായി ചൈനീസ് സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുന്നതായുള്ള സഖ്യകക്ഷികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണു കാണുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. സൈബര്‍ സ്‌പേസില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ചൈന ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളോടും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു.
മൈക്രോസോഫ്റ്റ് എകസ്‌ചേഞ്ചിനു നേരേയുള്ള സൈബര്‍ ആക്രമണം ഈ വര്‍ഷം ആദ്യമാണ് കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് സ്ഥാപനങ്ങളെയാണ് ഹാക്കിംഗ് ബാധിച്ചത്. സ്വകാര്യമേഖലയിലെ ചൈനീസ് സൈബര്‍ ചാരന്മാരാണ് ഇതിനു പിന്നിലെന്നായിരുന്നു അന്ന് ആരോപണമുയര്‍ന്നത്. അതേസമയം സൈബര്‍ ആക്രമണത്തിനു ചരടു വലിച്ച ചൈനീസ് സര്‍ക്കാരിനു നേരേ പരസ്യമായി ആരോപണം ഉന്നയിക്കാന്‍ യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ക്കും ഇപ്പോഴാണ് കഴിഞ്ഞത്.
ഈ തണുപ്പന്‍ മനോഭാവം അന്താരാഷ്ട്ര സുരക്ഷയെ ദുര്‍ബലപ്പെടുത്തിയതായും കൂടുതല്‍ സൈബര്‍ കുറ്റവാളികള്‍ക്കു കടന്നുവരാന്‍ അവസരം ഒരുക്കിയതായും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
സൈബര്‍ സ്‌പേസിനെ അസ്ഥിരപ്പെടുത്തുന്ന നിരുത്തരവാദപരവും വിനാശകരവുമായ ചൈനയുടെ പെരുമാറ്റത്തെ അപലപിക്കാന്‍ മറ്റ് സഖ്യകക്ഷികള്‍ക്കൊപ്പം ചേരുകയാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധമുള്ള സംഘങ്ങളാണ് മൈക്രോസോഫ്റ്റ് ഇ-മെയില്‍ സംവിധാനം ഹാക്ക് ചെയ്തതെന്നു യു.എസ്. സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വകാര്യമേഖലയിലേത് ഉള്‍പ്പെടെ പതിനായിരത്തിലധികം കമ്പ്യൂട്ടറുകളെയും നെറ്റ് വര്‍ക്കുകളെയും ബാധിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ യു.എസിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
രാജ്യാന്തര തലത്തില്‍ സൈബര്‍ സുരക്ഷയെ തകര്‍ക്കുന്ന കുറ്റവാളികളെ അറിഞ്ഞുകൊണ്ട് സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ഒരു രാജ്യവും തയാറാകില്ല. ചൈനയുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരുടെ പ്രവര്‍ത്തി മൂലം സര്‍ക്കാരുകള്‍ക്കും ബിസിനസുകള്‍ക്കും ദശലക്ഷക്കണക്കിനു ഡോളറളുകളാണ് നഷ്ടമുണ്ടാകുന്നത്. മോചനദ്രവ്യം നല്‍കുന്നതും തകരാര്‍ പരിഹരിക്കുന്നതും വലിയ ബാധ്യതയാണ് കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കുമുണ്ടാക്കുന്നതെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
സൈബര്‍ ആക്രമണങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ പിന്തുണയുള്ള ക്രിമിനല്‍ ഗ്രൂപ്പുകളാണ് ഉത്തരവാദികളെന്ന് യുകെ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ആരോപിച്ചിരുന്നു. ചൈനീസ് സര്‍ക്കാര്‍ സൈബര്‍ സ്‌പേസിലെ അട്ടിമറി അവസാനിപ്പിക്കണം.
ആഗോള സുരക്ഷയെ ബാധിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഉത്തര കൊറിയ, റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളാണെന്നു സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ 2017 മുതല്‍ പരസ്യമായി നിലപാടു സ്വീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.