സിഡ്‌നിക്കും മെല്‍ബണും പിന്നാലെ അഡ്‌ലെയ്ഡിലും ലോക്ഡൗണ്‍

സിഡ്‌നിക്കും മെല്‍ബണും പിന്നാലെ അഡ്‌ലെയ്ഡിലും ലോക്ഡൗണ്‍

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍, കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ഡൗണിലേക്ക്. ന്യൂ സൗത്ത് വെയില്‍സിനും വിക്ടോറിയക്കും പിന്നാലെ സൗത്ത് ഓസ്‌ട്രേലിയയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ക്വീന്‍സ് ലാന്‍ഡില്‍ ഒരാള്‍ക്ക് പ്രാദേശികമായി ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുകയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളുടെയും ടെറിട്ടറികളുടെയും ഏറ്റവും പുതിയ വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു:

ന്യൂ സൗത്ത് വെയില്‍സ്

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച 78 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനം വിവേകത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രോഗബാധിതരുടെ സംഖ്യ വര്‍ധിക്കുമെന്നു പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ മുന്നറിയിപ്പു നല്‍കി. വടക്കന്‍ തീരത്ത് കുപ്പികള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ഏറ്റവും പുതുതായി രോഗവ്യപാനം ഉണ്ടായത്. ജൂലൈ 15 ന് ഉച്ചകഴിഞ്ഞ് 3.55 മുതല്‍ വൈകിട്ട് 4.10 വരെ കോഫ്‌സ് ഹാര്‍ബറിലെ ഹോയി മോയി ബോട്ടില്‍ ഷോപ്പ് സന്ദര്‍ശിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ 14 ദിവസത്തേക്ക് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

വിക്‌ടോറിയ

വിക്ടോറിയയിലെ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി സര്‍ക്കാര്‍ നീട്ടി. 13 പുതിയ കേസുകളാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഒരു കേസിന്റെ ഉറവിടം വ്യക്തമായിട്ടില്ല. 96 കേസുകളാണ് സംസ്ഥാനത്ത് സജീവമായിട്ടുള്ളത്. ഓയന്‍, മുറേവില്ലെ എന്നിവ ഉള്‍പ്പെടുന്ന മില്‍ദുര ഗ്രാമീണ മേഖലയെ സര്‍ക്കാര്‍ ഹോട്ട്സ്‌പോട്ട് ആയി പ്രഖ്യാപിച്ചു.

സൗത്ത് ഓസ്‌ട്രേലിയ

സൗത്ത് ഓസ്‌ട്രേലിയയില്‍ ഏഴു ദിവസത്തെ ലോക്ക്ഡൗണ്‍ ഇന്ന് വൈകിട്ട് ആറിന് ആരംഭിച്ചു. ഡെല്‍റ്റ വൈറസ് വ്യാപനമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അഞ്ചു പേര്‍ക്കാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. രണ്ടു കേസുകള്‍ ഇന്നാണ് പ്രഖ്യാപിച്ചത്.
ശനിയാഴ്ച രാത്രി ഗ്രീക്ക് ഓണ്‍ ഹാലിഫാക്‌സ് റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച എന്‍ജിനീയര്‍ക്കാണ് അഞ്ചാമതായി രോഗബാധ സ്ഥിരീകരിച്ചത്. ഈ മാസം ആദ്യമാണ് അര്‍ജന്റീനയില്‍ നിന്ന് ഇയാൾ ഓസ്‌ട്രേലിയയില്‍ എത്തിയത്.

ക്വീന്‍സ് ലാന്‍ഡ്

ക്വീന്‍സ് ലാന്‍ഡില്‍ ഒരാള്‍ക്കാണ് പ്രാദേശികമായി രോഗബാധ സ്ഥിരീകരിച്ചത്. മെല്‍ബണില്‍ പഠിക്കുന്ന ഇരുപതുകാരിയായ മാരിബ സ്വദേശിയായ യുവതിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹോട്ടലില്‍ ക്വാറന്റീനിലിരുന്ന രണ്ട് കേസുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. സൗത്ത് ഓസ്ട്രേലിയയെ ക്വീന്‍സ് ലാൻഡ് കോവിഡ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. സൗത്ത് ഓസ്ട്രേലിയയിലുള്ള ക്വീന്‍സ് ലാൻഡ് നിവാസികള്‍ക്ക് മാത്രമേ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ സംസ്ഥാനത്തേക്കു പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. മടങ്ങിവരുന്നര്‍ 14 ദിവസം നിര്‍ബന്ധിതമായി ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് മുമ്പ് സൗത്ത് ഓസ്ട്രേലിയയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തും. രോഗവ്യാപന മേഖലയില്‍നിന്നാണു വരുന്നതെങ്കില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും.

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറി

വിക്ടോറിയയില്‍നിന്നു കാന്‍ബറയിലേക്കു മടങ്ങുന്നവര്‍ക്ക് വീട്ടില്‍തന്നെ കഴിയുന്നതിനുള്ള സ്റ്റേ-അറ്റ് ഹോം നിര്‍ദേശം നില്‍കും. വിക്ടോറിയയില്‍നിന്നു തിരിച്ചെത്തിയ 295 കാന്‍ബറ സ്വദേശികളാണ് വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.