ബ്രിസ്ബന്: ടോക്കിയോ ഒളിമ്പിക്‌സ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ ഓസ്‌ട്രേലിയ കണ്ണും മനസും തുറന്ന് കാത്തിരിക്കുന്നു മറ്റൊരു പ്രഖ്യാപനത്തിനു വേണ്ടി. 2032 ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന് ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്ബന്‍ ആതിഥേയത്വം വഹിക്കുമോ എന്ന് ഇന്ന് രാത്രി അറിയാം.
ക്വീന്‍സ് ലാന്‍ഡ് തലസ്ഥാനമായ ബ്രിസ്ബന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) പിന്തുണ ലഭിക്കുകയാണെങ്കില്‍, ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ നഗരമായി ബ്രിസ്ബന്‍ മാറും. 1956-ല്‍ മെല്‍ബണും 2000-ല്‍ സിഡ്‌നിയുമാണ് ഇതിനു മുന്‍പ് ഒളിമ്പിക്‌സിന് വേദിയായ ഓസ്ട്രേലിയന്‍ നഗരങ്ങള്‍. ഐ.ഒ.സി പ്രഖ്യാപനം കേള്‍ക്കാനായി ക്വീന്‍സ്ലാന്‍ഡ് പ്രീമിയര്‍ അന്നസ്‌തേഷ്യ പലാസ്‌ക്യൂക് ടോക്കിയോയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ഫെബ്രുവരിയില്‍ ബ്രിസ്ബന്‍ വേദിയാക്കുന്നതിലുള്ള താല്‍പര്യം ഐ.ഒ.സി വ്യക്തമാക്കിയിരുന്നു. ഇതാണ് ഓസ്‌ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കുന്നത്. ലേലത്തില്‍ വിജയിച്ചാല്‍ ഗാബ സ്റ്റേഡിയത്തെ മുഖ്യ വേദിയാക്കാനാണ് തീരുമാനം.
ഇന്ത്യ, ഇന്തോനേഷ്യ, ഖത്തര്‍, സ്‌പെയിന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളോടാണ് ഓസ്‌ട്രേലിയ മത്സരിക്കുന്നത്. എന്നാല്‍ ഒളിമ്പിക്‌സ് വേദികള്‍ക്കായുള്ള ഈ രാജ്യങ്ങളുടെ അവകാശ വാദം ഐ.ഒ.സി ബോര്‍ഡ് അംഗീകരിക്കാനായി പരിഗണിച്ചിട്ടില്ല.
ഇക്കാരണത്താല്‍, ബ്രിസ്ബന് എതിരാളികളില്ലാതെ ലേലത്തില്‍ വിജയിക്കാനാകുമെന്നാണു കരുതുന്നത്.
പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഉള്‍പ്പെടെയുള്ള ഓസ്ട്രേലിയന്‍ പ്രതിനിധികളുമായി വീഡിയോ ലിങ്ക് വഴി 45 മിനിറ്റ് ഐ.ഒ.സി അംഗങ്ങള്‍ ചര്‍ച്ച നടത്തും.
ചര്‍ച്ചകള്‍ക്കു ശേഷം, വൈകിട്ട് 6.10 നും 6:30 നും ഇടയില്‍ പ്രതിനിധികള്‍ വോട്ട് ചെയ്യും. ആറരയോടെ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ബ്രിസ്‌ബെയ്ന്‍ ലോര്‍ഡ് മേയര്‍ അഡ്രിയാന്‍ ഷ്രിന്നര്‍, ഫെഡറല്‍ കായിക മന്ത്രി റിച്ചാര്‍ഡ് കോള്‍ബെക്ക് എന്നിവര്‍ക്കൊപ്പമാണ് തിങ്കളാഴ്ച ജപ്പാനീസ് തലസ്ഥാന നഗരിയില്‍ പ്രീമിയര്‍ അന്നസ്‌തേഷ്യ പാലസ്‌ക്യൂക് എത്തിയത്. ജപ്പാനില്‍ നിന്ന് മടങ്ങിയെത്തുമ്പോള്‍ ക്വാറന്റ്ീനില്‍ പോകുമെന്ന് പ്രീമിയര്‍ അറിയിച്ചു.
ലേലത്തില്‍ ബ്രിസ്ബ്ന്‍ വിജയിച്ചാല്‍, റിവര്‍ സിറ്റിയുടെ ആകാശം ഇന്നു രാത്രി കരിമരുന്ന് പ്രയോഗത്താല്‍ വര്‍ണമനോഹരമാകും. പ്രഖ്യാപനം ആഘോഷമാക്കാനുള്ള. ഒരുക്കങ്ങളിലാണ് സര്‍ക്കാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.