കാന്‍ബറ: ലോകമെമ്പാടും നടക്കുന്ന സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചൈനയാണെന്ന ഓസ്ട്രേലിയ, യു.എസ്. അടക്കമുള്ള സഖ്യരാജ്യങ്ങളുടെ ആരോപണത്തെ നിഷേധിച്ച് ചൈന രംഗത്തുവന്നു.
മൈക്രോസോഫ്റ്റിന്റെ ഇ-മെയില്‍ സംവിധാനം ക്രിമിനല്‍ സംഘങ്ങള്‍ ഹാക്ക് ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ചൈനയാണെന്ന ആരോപണമാണ് ചൈനീസ് സര്‍ക്കാര്‍ വക്താവ് നിഷേധിച്ചത്. അതേസമയം യു.എസ് ആണ് ചൈനീസ് സ്ഥാപനങ്ങള്‍ക്കു നേരേ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന വിചിത്രമായ വാദവും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ ഉയര്‍ത്തി.
സൈബര്‍ ആക്രമണം ഉള്‍പ്പെടെ വലിയ തോതില്‍ ഹാക്കിംഗുകള്‍ നടത്താന്‍ ക്രിമിനല്‍ സംഘങ്ങളുമായി ചൈന കരാറില്‍ ഏര്‍പ്പെടുന്നതായി ഓസ്ട്രേലിയയും അമേരിക്കയും ബ്രിട്ടനും കഴിഞ്ഞ ദിവസം പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് വിഷയത്തില്‍ ചൈനക്കെതിരേ മറ്റു രാജ്യങ്ങള്‍ സംയുക്തമായി രംഗത്തു വരുന്നത്. മൈക്രോസോഫ്റ്റ് എകസ്ചേഞ്ചിനു നേരേയുള്ള സൈബര്‍ ആക്രമണം ഈ വര്‍ഷം ആദ്യമാണ് കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് സ്ഥാപനങ്ങളെയാണ് ഹാക്കിംഗ് ബാധിച്ചത്.
ഇതോടൊപ്പം, അമേരിക്കയിലും വിദേശത്തുമുള്ള ഡസന്‍ കണക്കിന് കമ്പനികള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്ക്കു നേരേ സൈബര്‍ ആക്രമണത്തിനു ലക്ഷ്യമിട്ട നാല് ചൈനീസ് പൗരന്മാര്‍ക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. മൂന്ന് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു കരാര്‍ ഹാക്കറുമാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്.
ചൈനയ്ക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് ഷാവോ ലിജിയാന്‍ പറഞ്ഞു. ആഗോളതലത്തില്‍ ചൈന സൈബര്‍ ആക്രമണം നടത്തുന്നുവെന്ന അടിസ്ഥാനപരമായ ആരോപണം ഉന്നയിക്കാന്‍ അമേരിക്ക സഖ്യകക്ഷികളുമായി ഒത്തുചേര്‍ന്നിക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഏത് രീതിയിലുമുള്ള സൈബര്‍ ആക്രമണങ്ങളെയും ചൈന ശക്തമായി എതിര്‍ക്കുകയും നേരിടുകയും ചെയ്യും. സൈബര്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും ഷാവോ പറഞ്ഞു.
11 വര്‍ഷത്തിനിടെ യു.എസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) ചൈനയുടെ എയ്റോസ്പേസ് ഗവേഷണ കേന്ദ്രങ്ങള്‍, എണ്ണ വ്യവസായം, ഇന്റര്‍നെറ്റ് കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതായി ഷാവോ കുറ്റപ്പെടുത്തി.
അമേരിക്കയും സഖ്യകക്ഷികളും സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. സൈബര്‍ സുരക്ഷാ പ്രശ്നങ്ങളില്‍ ചൈനയ്ക്കു നേരെ ചെളി വാരിയെറിയുന്നത് അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും ഷാവോ ആവശ്യപ്പെട്ടു.
ചൈനയുടെ സൈബര്‍ സുരക്ഷയും താല്‍പ്പര്യങ്ങളും സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും ചൈന സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26