ബേമൂക്കുത്തി: മഡഗാസ്ക്കറിലെ ബേമൂക്കുത്തി ഗ്രാമം നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ്. ബേമൂക്കുത്തി ഗ്രാമത്തിൽ കാറ്റക്കിസ്റ്റ് ജോസഫിനെ കാണാനെത്തിയ ഫാ. ജോൺസൺ തളിയത്ത് തന്റെ അനുഭവം പങ്കുവെക്കുകയുണ്ടായി. ബേമൂക്കുത്തി ഗ്രാമത്തിലെ ക്രിസ്ത്യൻ സമൂഹത്തെകുറിച്ചും ആദ്യകുർബ്ബാന സ്വീകരണത്തേകുറിച്ചും അദ്ദേഹം വാചാലനായി.
ഫാ. ജോൺസൺ തളിയത്തിന്റെ അനുഭവകുറിപ്പ് :
'കാറ്റക്കിസ്റ്റ് ജോസഫിനെ കാണാൻ അവിചാരിതമായി എത്തിയ എന്നെ, കാത്തു നിന്നിരുന്നതു പോലെയാണ് കുഞ്ഞുങ്ങൾ എതിരേറ്റത്. നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണ് ബേമൂക്കുത്തി. ഇവിടെ എല്ലാവരും കൃഷിക്കാരാണ്.
1980 -കളിലാണ് ഇവിടെ ക്രിസ്ത്യൻ സമൂഹം രൂപം പ്രാപിക്കുന്നത്. മഹാബ് ഇടവകയിലെ കൃഷിക്കാരായ ചെറുപ്പക്കാരുടെ ഒരു സംഘടനയുണ്ട്. അതിൽപെട്ട യുവാക്കളാണ് ആദ്യം ബേമൂക്കുത്തിയിൽ പുല്ലിൽ തീർത്ത ഒരു ദേവാലയം പണിതുയർത്തിയത്. പിന്നീട് സിഎംഐ സഭയിലെ പോൾ മോസസ് അച്ഛനാണ് ചെറിയൊരു പള്ളി പണിതു കൊടുത്തത്. അവിടെത്തന്നെ ഉണ്ടായിരുന്ന ജോസഫിനെയാണ് കാറ്റക്കിസ്റ്റായി തെരഞ്ഞെടുത്തത്. 90കളിൽ പരിശീലനം പൂർത്തിയാക്കി തന്റെ സമൂഹത്തെ നയിച്ച അദ്ദേഹം 70 വർഷത്തിനുശേഷം അല്പം ക്ഷീണിതനാണ്.
ആദ്യ കാലങ്ങളിൽ പുളിമരത്തിനു ചുവട്ടിൽ വച്ചു നടത്തിയ 30 മാമ്മോദീസായേയും 12 ആദ്യകുർബ്ബാന സ്വീകരണത്തേയും പറ്റി പറയുമ്പോൾ കാറ്റക്കിസ്റ്റിനു ഇപ്പോഴും ആവേശമാണ്. ഈ വർഷവും ഇവിടത്തെ ആദ്യകുർബാന സ്വീകരണത്തിനും 12 പേരായിരുന്നു. ഈശോയുടെ 12 ശിഷ്യരെ പോലെ.
ഇത്തവണത്തെ ആഘോഷത്തിന് ചന്തം കൂട്ടുന്ന വിധത്തിൽ 18 കുഞ്ഞുങ്ങളെയാണ് മാമ്മോദീസക്കായി അവരുടെ മാതാപിതാക്കൾ അണിനിരത്തിയത്.
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ എനിക്കു ലഭിക്കുന്നത് രണ്ടു സാന്നിധ്യങ്ങളിൽ നിന്നാണ്. ഒന്ന് എന്റെ അപ്പൻ എന്നു ഞാൻ വിളിക്കുന്ന ദൈവം തമ്പുരാനിൽ നിന്നും രണ്ട് എന്റെ കുഞ്ഞു മക്കളിൽ നിന്നും.
ഈ കൊച്ചു കുട്ടികളാണ് സ്വർഗ പിതാവിനെ എങ്ങനെ സമീപിക്കണം, വശത്താക്കണം എന്ന് എന്നെ പഠിപ്പിക്കുന്നത്. ഇവരാണ് ഇക്കാര്യത്തിൽ എന്റെ ഗുരുവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26