വയോധികയെ അടിമയാക്കി; ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ

വയോധികയെ അടിമയാക്കി; ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ തമിഴ്നാട് സ്വദേശിയായ വയോധികയെ എട്ടു വര്‍ഷത്തോളം അടിമയാക്കി ജോലിയെടുപ്പിച്ച കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ. ഇന്ത്യന്‍ സമൂഹത്തിന് ആകെ അപമാനകരമായ സംഭവത്തില്‍, വിക്ടോറിയയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കന്ദസ്വാമി, കുമുദിനി കണ്ണന്‍ എന്നിവര്‍ക്കാണ് സുപ്രീംകോടതി ജയില്‍ശിക്ഷ വിധിച്ചത്. 53 വയസുകാരിയായ കുമുദിനി കണ്ണന്‍ എട്ട് വര്‍ഷവും ഭര്‍ത്താവ് കന്ദസാമി കണ്ണന്‍ (57) ആറു വര്‍ഷവും ശിക്ഷ അനുഭവിക്കണം. വിധി കേള്‍ക്കാനായി കന്ദസാമിയെയും കുമുദിനിയെയും വിക്ടോറിയയിലെ സുപ്രീം കോടതിയില്‍ ഹാജരാക്കിയിരുന്നു.

2007 നും 2015 നും ഇടയിലാണ് മെല്‍ബണിലെ മൗണ്ട് വേവര്‍ലിയിലെ ഇവരുടെ വീട്ടില്‍ അറുപതുകാരിയായ വയോധികയെ രഹസ്യമായി താമസിപ്പിച്ച് അടിമവേല ചെയ്യിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലയളവ് അടിമയാക്കി വച്ചിരുന്ന കേസാണിതെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഗാര്‍ഹിക അടിമത്തം സംബന്ധിച്ച ഒരു കേസ് ആദ്യമായാണ് ഓസ്ട്രേലിയന്‍ കോടതിയില്‍ വാദം കേള്‍ക്കുന്നത്.

പാചകവും ശുചീകരണവും മൂന്നു കുട്ടികളുടെ പരിപാലനവും അടക്കം ദിവസം 23 മണിക്കൂര്‍ വരെ നിര്‍ബന്ധിത ജോലികള്‍ ചെയ്യിക്കുകയും എട്ടു വര്‍ഷം അടിമയാക്കി വെയ്ക്കുകയും ചെയ്തു എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും മേല്‍ കോടതി ചുമത്തിയത്. ജോലികള്‍ തുടര്‍ച്ചയായി ചെയ്യിപ്പിച്ചതായും മതിയായ ഭക്ഷണം നല്‍കിയില്ലെന്നും കുമുദിനി ശാരീരികമായും മാനസികമായും പീഡിപ്പിപ്പിച്ചതായും വയോധിക വിചാരണയ്ക്കിടെ മൊഴി നല്‍കിയിരുന്നു.

അടിമത്തം മനുഷ്യരാശിക്കെതിരായ കുറ്റമായാണ് കണക്കാക്കപ്പെടുന്നതെന്നു ശിക്ഷ വിധിച്ച ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ അഭിപ്രായപ്പെട്ടു. പ്രതികളുടെ കുട്ടികളുടെ കണ്‍മുന്നിലാണ് വയോധിക അടിമയായി അവിടെ കഴിഞ്ഞത്. മറ്റൊരു സഹജീവിയോട് എങ്ങനെ പെരുമാറണം എന്നതിന്റെ ഏറ്റവും മോശമായ മാതൃകയാണ് കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കാട്ടിക്കൊടുത്തത്.

വയോധികയുടെ ജീവിതം പ്രതികള്‍ അവരുടെ വീടിനുള്ളില്‍ തളച്ചിട്ടു. അവരുടെ യഥാര്‍ഥ അവസ്ഥ പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍ പ്രതികള്‍ വളരെയധികം ശ്രദ്ധിച്ചതായും കോടതി കണ്ടെത്തി. ഇവരുടെ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

അതേസമയം, വയോധികയെ അടിമയാക്കി വച്ചിരുന്നതായി ദമ്പതികള്‍ ഇപ്പോഴും അംഗീകരിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തങ്ങള്‍ നിരപരാധികളാണെന്നു ശക്തമായി ഇരുവരും കോടതിയില്‍ വാദിക്കുകയും ചെയ്തു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ രണ്ടുപേരും വിശ്വസിക്കുന്നതായി തനിക്ക് നല്ല ബോധ്യമുണ്ടെന്നു ജസ്റ്റിസ് ജോണ്‍ ചാമ്പ്യന്‍ പറഞ്ഞു. ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപമോ സങ്കടമോ ദമ്പതികള്‍ പ്രകടിപ്പിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണെന്നും കോടതി പറഞ്ഞു. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.

വയോധികയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് 2015-ല്‍ തമിഴ്‌നാട്ടിലുള്ള കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് വിക്‌ടോറിയ പോലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് ദമ്പതികള്‍ നല്‍കിയത്. 2007-നു ശേഷം വയോധികയെ കണ്ടിട്ടില്ലെന്നാണു പോലീസിനോടു പറഞ്ഞത്.

ശുചിമുറിയില്‍ വീണതിനെതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വയോധികയെ 2015 ജൂലൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജ പേരിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 40 കിലോഗ്രാം മാത്രമായിരുന്നു ആ സമയത്ത് അവരുടെ ഭാരം. രക്തത്തില്‍ അണുബാധയുമുണ്ടായി. കുമുദിനി ഫ്രോസണ്‍ ചിക്കന്‍ എടുത്ത് തന്റെ തലയില്‍ അടിച്ചതായും ഭക്ഷണവും തിളച്ച വെള്ളവും തലയിലും കാലിലും ഒഴിച്ചതായും പരിഭാഷിയുടെ സഹായത്തോടെ വയോധിക ആശുപത്രിയില്‍ വച്ച് വെളിപ്പെടുത്തി. ഇതോടെയാണ്് അടിമവേലയെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

എട്ട് വര്‍ഷമായി പ്രതിദിനം 3.36 ഡോളര്‍ മാത്രമാണ് ദമ്പതികള്‍ സ്ത്രീക്കു ശമ്പളമായി നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ റിച്ചാര്‍ഡ് മെയ്ഡ്മെന്റ് ക്യുസി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26