ന്യൂഡല്‍ഹി: ഓക്‌സിജന്‍ ലഭിക്കാതെയുള്ള മരണങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിനെതിരേ വിവിധ സംസ്ഥാനങ്ങൾ രംഗത്ത്. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തി.
കേന്ദ്ര സർക്കാർ കള്ളം പറയുകയാണെന്നും തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കേന്ദ്രം സത്യത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും മരിച്ചവരുടെ ബന്ധുക്കൾ സർക്കാരിനെതിരെ കോടതിയെ സമീപിക്കണമെന്നും ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു.'എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. മെഡിക്കല്‍ ഓക്‌സിജന്റെ കുറവ് കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് കേള്‍ക്കുമ്പോൾ എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം സംഭവിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം കാരണം നിരവധി പേരാണ് മരിച്ചതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. ഓക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഒരാള്‍പോലും മരിച്ചില്ലെന്ന് പറയുന്നത് പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പിന്നെ എന്തിനാണ് ഓക്‌സിജന്‍ ക്ഷാമമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രികള്‍ ദിനവും ഹൈക്കോടതിയെ സമീപിച്ചുകൊണ്ടിരുന്നത്? ഇനി കോവിഡ് മഹാമാരി ഇല്ലെന്ന് തന്നെ കേന്ദ്രം ഉടനെ പറയുമെന്നു' അദ്ദേഹം വിമര്‍ശിച്ചു.
ഓക്‌സിജന്‍ ക്ഷാമത്തില്‍ സുപ്രീംകോടതി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. വിവിധ ഹൈക്കോടതികളില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് എതിരെ കേന്ദ്രസര്‍ക്കാരിന് എതിരെ കേസുകളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം കാരണം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.