വലിയ വീട്ടിലെ വലിയ നൊമ്പരങ്ങൾ

വലിയ വീട്ടിലെ വലിയ നൊമ്പരങ്ങൾ

ഏതാനും നാളുകൾക്കു മുമ്പ് വൈദിക സുഹൃത്തിൻ്റെ കൂടെ അദ്ദേഹത്തിൻ്റെ ഒരു അയൽവാസിയുടെ വീട്ടിൽ പോയിരുന്നു.ആ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്നു അത്.പുതുതായി പണി കഴിക്കപ്പെട്ട ആ രണ്ടു നില വീട്ടിൽ ധാരാളം മുറികളുണ്ട്.എന്നെയും കൂടെയുള്ള വൈദികനെയും അതിശയിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു.ആ ഭവനത്തിലെ എല്ലാ മുറികളിലും ടി.വി.യുണ്ട്. കൂടാതെ വിശാലമായ ഹോം തിയറ്ററും. വീട്ടുടമസ്ഥന് രണ്ട് മക്കൾ. അവരാണെങ്കിൽ വിദേശത്തും. ഒരു കൗതുകത്തിന് ഞങ്ങൾ ചോദിച്ചു:''എല്ലാ മുറികളിലും ടി.വി.യുണ്ടല്ലോ?''കൂടെയുള്ള അച്ചനെ നോക്കി വീട്ടുടമസ്ഥൻ പറഞ്ഞു:"അച്ചനറിയാലോ ഞങ്ങളുടെ പണ്ടത്തെ അവസ്ഥ. പട്ടിണിയും പരിവട്ടവുമായിരുന്നു. ദൈവകൃപയാൽ മക്കൾ രണ്ടു പേരും ജോലി ലഭിച്ച് വിദേശത്ത് താമസമാക്കി.ഈ ഭവനത്തിൽ താമസിക്കുന്നത് ഞാനും എൻ്റെ ഭാര്യയുമാകും.

മക്കൾ വർഷത്തിലൊരിക്കൽ അവധിക്ക് വരുമ്പോൾ ഒരു മാസം താമസിക്കും.ആ സമയത്ത് 'കുട്ടികൾ തമ്മിൽ റിമോട്ട് കൺട്രോളിന് വഴക്കിടരുത്. അവർക്കിഷ്ടമുളളത് അവർ കാണട്ടെ' എന്ന് പറഞ്ഞാണ് എല്ലാ മുറിയിലും എൻ്റെ മക്കൾ ടി.വി. ക്രമീകരിച്ചിരിക്കുന്നത്. എൻ്റെ വാക്കിനും അഭിപ്രായത്തിനുമൊന്നും ഇവിടെ ഒരു വിലയുമില്ല. വയസും പ്രായവുമായില്ലേ, മക്കൾ പറയുന്നതു കേട്ട് ജീവിക്കുക എന്നല്ലാതെ മറ്റൊരു വഴിയുമില്ല..."നിരാശ കലർന്ന ആ വയോവൃദ്ധനോട് ഞങ്ങൾക്ക് അനുകമ്പ തോന്നി. അവർക്കുവേണ്ടി പ്രാർത്ഥിച്ച് ഞങ്ങൾ തിരിച്ചു പോന്നു..

ബാഹ്യ ആഡംബരത്തിന് അമിത പ്രസക്തി കൊടുത്തുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ബന്ധങ്ങളേക്കാൾ മുഖ്യം സ്റ്റാറ്റസിനും പ്രസ്റ്റീജിനുമാണ്.അതിനുവേണ്ടി എന്തും ചെയ്യാൻ മടി കാണിക്കാത്തവർ എത്രയോ പേരുണ്ട്. ഈ യാത്രയിൽ വന്ന വഴികളും വളർത്തിയവരും കൂടെ നിന്നവരുമെല്ലാം പലപ്പോഴും അപ്രസക്തമാകും.

ഇവിടെയാണ് ക്രിസ്തു ശപിച്ച ആ അത്തിമരത്തെ നമ്മൾ ഓർക്കേണ്ടത്."തളിരിട്ടു നില്‍ക്കുന്ന അത്തിമരത്തില ഫലമുണ്ടാകാം എന്നു വിചാരിച്ച്‌ അടുത്തുചെന്നപ്പോൾ ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല...."(Ref മര്‍ക്കോ 11 :13).

പ്രൗഢിയ്ക്കും അന്തസിനും പണത്തിനും പിന്നാലെയുള്ള ഓട്ടത്തിൽ നമുക്ക് നഷ്ടമാകുന്നത് ഫലം ചൂടാനുള്ള കഴിവാണ്. എത്രമാത്രം സമ്പാദിച്ചു,എത്ര വലിയ വീട് നിർമിച്ചു എന്നതിനേക്കാൾ എത്ര വ്യക്തികൾക്ക് തണലാകാൻ കഴിഞ്ഞു എന്നതാണ് പ്രധാനം.എത്ര വലിയ മാവാണേലും ഫലം ചൂടിയില്ലെങ്കിൽ അത് പാഴ്മരമാണെന്ന വാക്കുകൾ മറക്കാതിരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.