തലസ്ഥാന നഗരിയില്‍ വീണ്ടും കര്‍ഷക പ്രതിഷേധത്തിന്റെ അലയൊലി: പാര്‍ലമെന്റ് മാര്‍ച്ചിനും തയ്യാറെന്ന് കര്‍ഷകര്‍; കനത്ത സുരക്ഷ

തലസ്ഥാന നഗരിയില്‍ വീണ്ടും കര്‍ഷക പ്രതിഷേധത്തിന്റെ അലയൊലി:  പാര്‍ലമെന്റ് മാര്‍ച്ചിനും തയ്യാറെന്ന് കര്‍ഷകര്‍; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം കര്‍ഷക പ്രക്ഷോഭത്താല്‍ വീണ്ടും സജീവമാകുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം കര്‍ഷകര്‍ വീണ്ടും ശക്തമാക്കി. ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടങ്ങിയ കര്‍ഷകര്‍ പാര്‍ലമെന്റ് സമ്മേളനം തീരും വരെ ഇവിടെ പ്രതിഷേധവുമായി നിലയുറപ്പിക്കും.

രാവിലെ സിംഘുവില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് പുറപ്പെട്ട സമരക്കാര്‍ക്ക് ആദ്യം ഹരിയാന പൊലീസും പിന്നീട് ഡല്‍ഹി പൊലീസും അകമ്പടി സേവിച്ചു. സിംഘു അതിര്‍ത്തി പിന്നിട്ടപ്പോള്‍ സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് പൊലീസ് വാഹനങ്ങള്‍ തടഞ്ഞു. കര്‍ഷകരുടെ എതിര്‍പ്പ് അവഗണിച്ച് സിംഘുവിന് സമീപമുള്ള ഫാം ഹൗസിലേക്ക് മാറ്റിയ ബസുകള്‍ പരിശോധന പൂര്‍ത്തിയാക്കിയാണ് കടത്തി വിട്ടത്.

ജന്തര്‍മന്തറിന്റെ ഇരു വശങ്ങളും പൊലീസ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് അടക്കം അകത്തേക്ക് പ്രവേശനം നിഷേധിച്ചു. ഇതിനിടെ സമരത്തിന് പിന്തുണയുമായി എത്തിയ കേരളത്തിലെ യുഡിഎഫ് എംപിമാരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെ അനുവാദം നല്‍കി.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കൃഷിമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നിലപാട് ആവര്‍ത്തിച്ചാല്‍ പോരെന്നും വ്യക്തമായ അജണ്ടയുമായി എത്തിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനും തയ്യാറായിട്ടാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് അതീവ സുരക്ഷയാണ് തലസ്ഥാന നഗരിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.