ബ്രിസ്ബന്‍: പുതിയ ജോലിയും പ്രതീക്ഷകളുമായി ബ്രിസ്ബനിലേക്കു പോയ മലയാളി കുടുംബം വാഹനാപകടത്തില്‍പെട്ട വാര്‍ത്ത ഏറെ നടുക്കത്തോടെയാണ് ഓസ്‌ട്രേലിയന്‍ മലയാളികള്‍ ശ്രവിച്ചത്. ഇന്നലെ രാവിലെയാണ് പ്രവാസികളെയാകെ സങ്കടത്തിലാഴ്ത്തിയ അപകടമുണ്ടായത്.
ബ്രിസ്ബനിലേക്കുള്ള യാത്രയ്ക്കിടെയാണ് ബിപിനും ലോട്‌സിയും മൂന്നു കുട്ടികളും സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് വലിയ അപകടമുണ്ടായത്.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ ഹെലികോപ്റ്റര്‍
ഓറഞ്ചില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ലോട്സിക്ക് ബ്രിസ്ബനില്‍ പുതിയ ജോലി ലഭിച്ചിരുന്നു. ബ്രിസ്ബനിലേക്കു താമസം മാറുന്നതിനുള്ള യാത്രയാണ് ദുരന്തമായി മാറിയത്. ക്വീന്‍സ് ലാന്‍ഡിലെ മില്‍മെറാന്‍ ഡൗണ്‍സില്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലോട്സിയും ഇളയ കുഞ്ഞ് കാറ്റ്‌ലിന്‍ ബിബിനും തല്‍ക്ഷണം മരിച്ചു. നിശേഷം തകര്‍ന്ന കാറില്‍നിന്ന് ഏറെ പണിപ്പെട്ടാണ് അഞ്ചു പേരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ഹെലികോപ്റ്റര്‍ എത്തിച്ചാണ് ഗുരുതരമായി പരുക്കേറ്റ കുട്ടികളെ ബ്രിസ്ബന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്കു മാറ്റിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടികളെ ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. ബിബിന്‍ തൂവൂമ്പയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബിബിനും ലോട്‌സിയും
താമസം മാറുന്നതിനാല്‍ നിരവധി സാധനങ്ങളും കാറിനുള്ളിലുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് യാത്ര ചെയ്യാനിരുന്നെങ്കിലും ഓറഞ്ച് മേഖലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഇവര്‍ യാത്ര നേരത്തേയാക്കിയതാണ്. നാട്ടിലുള്ള ഇവരുടെ കുടുംബാംഗങ്ങളെ അപകടവിവരം അറിയിച്ചിട്ടുണ്ട്.
അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ക്വീന്‍സ് ലാന്‍ഡ് പോലീസ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ഫയര്‍ എന്‍ജിനുമാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍
സംഭവത്തില്‍ മെല്‍ബണ്‍ സിറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതായി ബിഷപ്പ് പറഞ്ഞു. സിറോ മലബാര്‍ മെല്‍ബണ്‍ രൂപത വൈദികനായ ഫാ. തോമസ് അരീക്കുഴി ആശുപത്രിയില്‍ ചികിത്സയിലുള്ള ബിപിനെ സന്ദര്‍ശിച്ചു.
ലോട്‌സിക്കും കുഞ്ഞിനും
മെല്‍ബണ്‍ സിറോ മലബാര്‍ രൂപത മീഡിയ കമ്മിഷന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
തൃശൂര്‍ ചാലക്കുടി പോട്ട ചുള്ളിയാടാന്‍ കുടുംബാംഗമാണ് ബിബിന്‍. ഒരു വര്‍ഷം മുന്‍പാണ് കുടുംബം ഓസ്ട്രേലിയയില്‍ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26