സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ സെപ്റ്റംബറില്‍ ദയാവധ ബില്‍ പരിഗണിക്കാനിരിക്കെ, ശക്തമായി പ്രതികരിച്ച് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍. കോവിഡ് മഹാമാരി മൂലം ലോകം മുഴുവന്‍ അനേകരുടെ ജീവന്‍ നഷ്ടപ്പെടുകയും വൈദ്യശാസ്ത്രം ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ആളുകളെ കൊല്ലാനുള്ള ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത് ഏറെ അപലപനീയമാണെന്നു ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി.
സമൂഹം ഏറ്റവും കരുതലോടെ ശ്രദ്ധിക്കേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികളെയും പ്രായമായവരെയും ദുര്‍ബലരെയും കൊല്ലാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഒരിക്കലും അനുവദിക്കാനാവില്ല. പകര്‍ച്ചവ്യാധി മൂര്‍ദ്ധ്യത്തില്‍ നില്‍ക്കുമ്പോമ്പോഴും ലോക്ക്ഡൗണുകള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുമ്പോഴും ഈ അവസരത്തില്‍തന്നെ ബില്‍ പരിഗണിക്കുന്നത് തികച്ചും വിവേകശൂന്യമാണെന്നു ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ തന്നെ രോഗികളും പ്രായമായവരും ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്്. ഇനി ദയവധം പ്രോല്‍സാഹിപ്പിക്കുന്ന സന്ദേശം കൂടി അവര്‍ കേള്‍ക്കേണ്ട ആവശ്യമില്ല. ലോക്ക്ഡൗണ്‍ മൂലം രോഗികളും പ്രായമായവരും വലിയ മാനസിക സമ്മര്‍ദം അനുഭവിക്കുന്നു. ജോലി, ബിസിനസ് എന്നിവ നഷ്ടമായ കുടുംബങ്ങളില്‍ വിഷാദരോഗം വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ അവരുടെ നേതാക്കളില്‍ നിന്ന് കേള്‍ക്കേണ്ടത് ആത്മഹത്യയ്ക്ക് അനുകൂലമായ സന്ദേശമാണോ എന്ന ചിന്തിക്കണം. അല്ലെങ്കില്‍ പ്രായമായവരെ നമുക്ക് ആവശ്യമില്ല എന്ന സന്ദേശമാണ് ദയാവധം നടപ്പാക്കുന്നതിലൂടെ സമൂഹത്തിന് നല്‍കുന്നത്.
സ്വതന്ത്ര എംപിയായ അലക്‌സ് ഗ്രീന്‍വിച്ച് ആണ് പാര്‍ലമെന്റില്‍ ദയാവധ ബില്‍ കൊണ്ടുവന്നത്. ഇതുസംബന്ധിച്ച ചര്‍ച്ച സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. ദയാവധ ബില്ലിനെതിരേ അഭിഭാഷക ഗ്രൂപ്പായ ഹോപ്പ് സമര്‍പ്പിച്ച നിവേദനത്തിന് ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ പിന്തുണ നല്‍കി.
പകര്‍ച്ചവ്യാധിയില്‍നിന്നു രക്ഷപ്പെടുന്നതിലും സാമൂഹികവും സാമ്പത്തികവുമായ ഉണര്‍വ് വീണ്ടെടുക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇപ്പോഴത്തെ അടിയന്തര സാഹചര്യങ്ങളില്‍ വിലയേറിയ പാര്‍ലമെന്ററി സമയവും ശ്രദ്ധയും മറ്റു കാര്യങ്ങളിലേക്കു തിരിച്ചുവിടരുതെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.