തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് അനുവദിച്ച 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ പ്രചരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവില്‍ ബാക്കിയുള്ളത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ്  പ്രതിരോധത്തിന് കേന്ദ്രം അനുവദിച്ച 10 ലക്ഷം ഡോസ് വാക്സിൻ കേരളം ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ്. 
സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവില്‍ ബാക്കിയുള്ളതെന്നും മന്ത്രി പറഞ്ഞു. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്സിന്‍ ഇന്നും നാളെയും കൊണ്ട് തീരുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
'സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്സിന്‍ എത്തിയത് ജൂലൈ 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിനുകളാണ് എത്തിയത്.
എന്നാല്‍ 16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ഒരാഴ്ച ആകെ 13,47,811 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
ഈ ആഴ്ചയിലാണ് ഏറ്റവും അധികം ആള്‍ക്കാര്‍ക്ക് വാക്സിന്‍ നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്‍ക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേര്‍ക്കും ഇന്നലെ  2.8 ലക്ഷം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും ആര്‍ക്കും മനസിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്സിന്‍ നല്‍കുന്നതെന്ന്. ആ നിലയ്ക്ക് 10 ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാര്‍ത്ഥ്യത്തിന് ഒട്ടും നിരക്കുന്നതല്ല. തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്സിനെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വീണ ജോര്‍ജ് പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.