സിഡ്‌നി: തീവ്ര വ്യാപനശേഷിയുള്ള കോവിഡ് ഡെല്‍റ്റ വകഭേദം സംബന്ധിച്ച പഠനത്തിന് ശാസ്ത്രജ്ഞര്‍ ആശ്രയിക്കുന്നത് ഓസ്‌ട്രേലിയയിലെ കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍. ഓസ്‌ട്രേലിയയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനശേഷിയെക്കുറിച്ചും അതു പടരുന്ന രീതികളെക്കുറിച്ചുമുള്ള ഡാറ്റയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഗവേഷണത്തിനായി ഉപയോഗിക്കുന്നത്.
ഡെല്‍റ്റ വകഭേദം രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിദഗ്ധര്‍ ഓസ്‌ട്രേലിയയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വീടിനകത്തും പുറത്തുമുള്ള വൈറസിന്റെ വ്യാപനത്തെ പഠനവിധേയമാക്കുന്നു. പ്രത്യേകിച്ചും പൊതുസ്ഥലങ്ങളില്‍ വൈറസ് പകരുന്ന രീതിയെക്കുറിച്ചാണ് ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നത്.
വീടിനുള്ളിലെ വൈറസ് വ്യാപനത്തേക്കാള്‍ കൂടുതല്‍ പുറത്തുള്ള ഇടപെടലുകളിലൂടെയാണ് വൈറസ് പടരുന്നതെന്ന നിഗമനത്തിലേക്കാണ് ശാസ്ത്രജ്ഞര്‍ എത്തിച്ചേരുന്നത്.
പ്രൊഫ. റെയ്ന മാകിന്റയര്‍
ഓസ്‌ട്രേലിയയിലെ വാക്‌സിനെടുക്കാത്തവരിലെ കോവിഡ് വ്യാപനത്തിലാണ് വിദേശ ഗവേഷകര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബയോസെക്യൂരിറ്റി റിസര്‍ച്ച് പ്രോഗ്രാം മേധാവി പ്രൊഫ. റെയ്ന മാകിന്റയര്‍ പറഞ്ഞു. വിശദമായ പഠനത്തിന് ഇവിടെ മികച്ച അവസരമുണ്ട്. വാക്‌സിനേഷന്‍ എടുക്കാത്തവര്‍, മാസ്‌ക് ധരിക്കുന്നവര്‍, മാസ്‌ക് ധരിക്കാത്തവര്‍ എന്നിങ്ങനെ പഠനത്തിന് നിരവധി സാധ്യതകളുണ്ട്.
മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളും ബോണ്ടിയില്‍നിന്നു പടര്‍ന്നതായി കരുതുന്ന ആദ്യകാല കേസുകളും ആശങ്കാജനകമാണെന്ന് പ്രൊഫ. മാകിന്റയര്‍ പറഞ്ഞു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്റ്റേഡിയത്തില്‍ വൈറസ് പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ടോയ്ലറ്റുകളിലൂടെയും ഭക്ഷണ സ്റ്റാളിലൂടെയുമാണെന്നു പ്രൊഫ. മാകിന്റയര്‍ പറഞ്ഞു.
അടുത്തിടെ നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തില്‍, 10 ശതമാനത്തില്‍ താഴെ മാത്രമാണ് വൈറസ് വ്യാപനം വെളിയില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡെല്‍റ്റ സമ്മര്‍ദ്ദം അതിനെ മറികടക്കുന്നു. ഓസ്ട്രേലിയയിലെ കോവിഡ് കേസുകള്‍ അതാണു കാണിക്കുന്നത്.
ലോകത്തെ പ്രശസ്ത എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനുമായ എറിക് ഫീഗല്‍-ഡിംഗ്, അടുത്തിടെ ഓസ്ട്രേലിയയുടെ കോവിഡ് കണക്കുകള്‍ രാജ്യന്തര തലത്തില്‍ അവതരിപ്പിച്ചു. നേരിട്ടുള്ള സമ്പര്‍ക്കം ഇല്ലാത്ത അപരിചിതര്‍ക്കിടയില്‍ കോവിഡ് ഡെല്‍റ്റ വകഭേദം പകരുന്നതായി ഓസ്‌ട്രേലിയയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നതായി ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിലെ സീനിയര്‍ ഫെലോയും മുന്‍ ഹാര്‍വാര്‍ഡ് പ്രൊഫസറുമായ ഡോ. ഫിഗല്‍-ഡിംഗ് പറയുന്നു.
കോവിഡിന്റെ മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെല്‍റ്റ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വീടിനു വെളിയില്‍ വൈറസ് കൂടുതലായി പകരുന്നു എന്ന സൂചനയാണ് ഇതു നല്‍കുന്നത്. ഓസ്ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഇൗ സൂചനയാണു നല്‍കുന്നത്.
ഇന്‍ഡോര്‍ ഒത്തുചേരലുകളേക്കാള്‍ ഔട്ട്ഡോര്‍ ഒത്തുചേരലുകളാണ് ൈവറസ് വ്യാപിക്കാന്‍ കാരണമാകുന്നത്. ഇന്ത്യയിലെ മതപരമായ ഒത്തുചേരലുകള്‍ വൈറസിന്റെ തീവ്ര വ്യാപനത്തിനു കാരണമായിട്ടുണ്ട്. എങ്കിലും, അന്തിമ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പായി കൂടുതല്‍ വിശകലനം ആവശ്യമാണെന്ന് ഡോ. ഫിഗല്‍-ഡിംഗ് പറഞ്ഞു.
ഓസ്ട്രേലിയയിലെ കേസുകളാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണത്തിനായി ഉപയോഗിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി പകര്‍ച്ചവ്യാധി, എപ്പിഡെമിയോളജി, മോഡലിംഗ് സ്‌കൂളിലെ കേറ്റി ഗ്ലാസ് പറയുന്നു. ഓസ്‌ട്രേലിയയുടേത് കൃത്യവും വ്യക്തവുമായ ഡാറ്റയാണ്. ഇത് കൃത്യമായ നിഗമനങ്ങളിലേക്ക് എത്തിച്ചേരാന്‍ ഗവേഷകരെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.