ഒഴികഴിവുകൾ

ഒഴികഴിവുകൾ

തൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള ഒരു വീട്ടമ്മയുടെ പരിഭവം ഇങ്ങനെയായിരുന്നു:"ദൈവം എനിക്ക് നൽകിയിരിക്കുന്നത് സ്നേഹവും കരുതലുമുള്ള ഭർത്താവിനെയാണ്. അങ്ങനെ തന്നെയാണ് രണ്ട് മക്കളും. എന്നാൽ ഞാനും അവരും തമ്മിൽ അകലുന്നത് ഒരൊറ്റ കാര്യത്തിനുവേണ്ടി മാത്രമാണ്.കുടുംബ പ്രാർത്ഥനയുടെ കാര്യവും പള്ളിയിൽ പോകുന്ന കാര്യവും അവരോട് പറയരുത്. അതവർക്ക് ഇഷ്ടമല്ല. രാത്രി പന്ത്രണ്ടു വരെയൊ നേരം വെളുക്കുന്നതു വരെയോ ടി.വി.യിൽ ക്രിക്കറ്റും ഫുട്ബോളുമൊക്കെ കണ്ടിരിക്കാൻ യാതൊരു കുഴപ്പവുമില്ല. എന്നാൽ പളളിയിൽ പോകണമെന്ന് പറയുമ്പോൾ മുഖം ചുളിയും. അതുപോലെ തന്നെയാണ് പ്രാർത്ഥനയുടെ കാര്യവും. ദൈവ വിചാരമില്ലാതെയുള്ള അവരുടെ ജീവിതം കാണുമ്പോൾ വല്ലാത്ത ഭയവും ആധിയുമുണ്ട്." ഇത് ഒരമ്മയുടെ മാത്രം നൊമ്പരമല്ല പല അമ്മമാരുടെയും വിലാപം ഇതു തന്നെയായിരിക്കുമെന്നാണ് കരുതുന്നത്. എന്തെല്ലാം ഒഴികഴിവുകൾ പറഞ്ഞാണ് ആത്യാത്മിക കാര്യങ്ങൾ നമ്മൾ നീട്ടി വയ്ക്കുന്നതും അവഗണിക്കുന്നതും. അങ്ങനെയൊരു സംഭവം സുവിശേഷത്തിലും വിവരിക്കുന്നുണ്ട്. ഒരുവൻ സദ്യയൊരുക്കി വളരെപ്പേരെ അവിടേക്ക് ക്ഷണിച്ചു."എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ ഒഴികഴിവു പറയാന്‍ തുടങ്ങി.ഒന്നാമന്‍ പറഞ്ഞു: ഞാന്‍ ഒരു വയല്‍ വാങ്ങി; അതുപോയി കാണേണ്ടിയിരിക്കുന്നു. എന്നെ ഒഴിവാക്കണം എന്നു ഞാന്‍ അപേക്‌ഷിക്കുന്നു. മറ്റൊരുവന്‍ പറഞ്ഞു: ഞാന്‍ അഞ്ചുജോടി കാളകളെ വാങ്ങി; അവയെ പരീക്‌ഷിച്ചുനോക്കുവാന്‍ പോകുന്നു; എനിക്ക്‌ ഒഴിവുതരണം എന്ന്‌ അപേക്‌ഷിക്കുന്നു. മൂന്നാമതൊരുവന്‍ പറഞ്ഞു: എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ. അതിനാല്‍ എനിക്കു വരാന്‍ നിവൃത്തിയില്ല (ലൂക്കാ 14 : 18-20).ക്ഷണിക്കപ്പെട്ടവർ വരാതിരുന്നമ്പോൾ തെരുവീഥികളിൽ നിന്നും ഇടവഴികളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഭവനം നിറയ്ക്കുകയാണ് യജമാനൻ ചെയ്യുന്നത്.

കർത്താവ് അനുഗ്രഹങ്ങൾ നൽകുമ്പോൾ തിരസ്ക്കരിക്കരുത്.വി.കുർബാനയും വചന വായനയും പ്രാർത്ഥനയുമെല്ലാം ദൈവാനുഗ്രഹത്തിൻ്റെ ഉറവിടങ്ങളാണ്. ആരോഗ്യവും ആയുസും എത്രനാൾ ഉണ്ടെന്ന് നമുക്കാർക്കും അറിയില്ലല്ലോ?എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവായ ദൈവത്തെ മറന്ന് ജീവിക്കാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26