ഒളിമ്പിക്‌സ്: നീന്തലില്‍ ലോകറെക്കോര്‍ഡോടെ ഓസ്ട്രേലിയ കുതിപ്പു തുടങ്ങി

ഒളിമ്പിക്‌സ്: നീന്തലില്‍ ലോകറെക്കോര്‍ഡോടെ ഓസ്ട്രേലിയ കുതിപ്പു തുടങ്ങി

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഓസ്‌ട്രേലിയക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ച് നീന്തല്‍ താരങ്ങള്‍. വനിതകളുടെ 4 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ തങ്ങളുടെ തന്നെ ലോക റെക്കോര്‍ഡ് തിരുത്തിയാണ് ഓസ്ട്രേലിയന്‍ ടീം സ്വര്‍ണനേട്ടം സ്വന്തമാക്കിയത്.
ബ്രോണ്ടെ ക്യാമ്പ്ബെല്‍, കേറ്റ് ക്യാമ്പ്ബെല്‍, എമ്മ മക്കീന്‍, മെഗ് ഹാരിസ് എന്നിവരടങ്ങിയ ഓസ്ട്രേലിയന്‍ ടീം 3 മിനിറ്റ് 29.78 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ കാനഡ (3:32.78), വെള്ളി മെഡല്‍ നേടിയപ്പോള്‍ അമേരിക്കയ്ക്ക് (3:32:81) ആണ് വെങ്കലം.

2018 ഏപ്രിലില്‍ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ 3:30.05 ലോക റെക്കോര്‍ഡാണ് ടോക്കേിയോ ഒളിമ്പിക്‌സില്‍ മറികടന്നത്. നീന്തലില്‍തന്നെ വെള്ളി, വെങ്കല നേട്ടങ്ങളും സ്വന്തമാക്കി ഓസ്‌ട്രേലിയ ടോക്കിയോ ഒളിമ്പിക്‌സില്‍ കുതിപ്പു തുടങ്ങി. മെഡല്‍ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.

ബ്രണ്ടന്‍ സ്മിത്ത് ആണ് രാജ്യത്തിനു വേണ്ടി ആദ്യ ഒളിമ്പിക്സ് മെഡല്‍ നേടിയത്. ഞായറാഴ്ച നടന്ന പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ ബ്രണ്ടന്‍ സ്മിത്ത് വെങ്കലം നേടിയപ്പോള്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ജാക്ക് മക്ലൊഗ്ലിന്‍ വെള്ളി നേടി.

പുരുഷന്‍മാരുടെ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ യു.എസ്.എയുടെ ചേസ് കാലിസ് (4:09.42) സ്വര്‍ണം നേടിയപ്പോള്‍ അവരുടെ തന്നെ ജേ ലിതെര്‍ലാന്‍ഡ് (4:10.28) വെള്ളി മെഡല്‍ കരസ്ഥമാക്കി. വെങ്കലം നേടിയ ബ്രെണ്ടന്‍ സ്മിത്ത് 4:10.38 സമയത്തിലാണ് ഓസ്ട്രേലിയയുടെ ഫിനിഷ് ചെയ്തത്. 400 മീറ്റര്‍ വ്യക്തിഗത മെഡലിയില്‍ ഓസ്ട്രേലിയ ഇതിനു മുന്‍പ് ഒളിമ്പിക് മെഡല്‍ നേടിയത് 1984-ലാണ്.

സ്വിമ്മിങ് പൂളില്‍ 18 കാരനായ ടുണീഷ്യന്‍ നീന്തല്‍ താരം അഹ്‌മദ് ഹാഫനോയ് ആണ് 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സ്വര്‍ണം നേടിയത്. 3.43.36 എന്ന സമയം കുറിച്ചാണ് അഹ്‌മദ് ഒളിമ്പിക്സില്‍ തന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയുടെ ജാക്ക് മക്ലൊഗ്ലിന്‍ (3:43.52) വെള്ളിയും അമേരിക്കന്‍ താരം കീരന്‍ സ്മിത്ത് (3: 43.94) വെങ്കലവും നേടി.

ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് 472 കായികതാരങ്ങളാണ് ടോക്കിയോ ഒളിമ്പിക്‌സിനായി എത്തിയിട്ടുള്ളത്. 33 കായിക ഇനങ്ങളിലാണ് മത്സരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.