ഒളിമ്പിക്‌സ്‌: സാനിയ-അങ്കിത സഖ്യം ആദ്യറൗണ്ടില്‍ പുറത്ത്

ഒളിമ്പിക്‌സ്‌: സാനിയ-അങ്കിത സഖ്യം ആദ്യറൗണ്ടില്‍ പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സില്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-അങ്കിത റെയ്‌ന സഖ്യം ആദ്യറൗണ്ടില്‍ത്തന്നെ തോറ്റു പുറത്തായി. യുക്രെയ്‌ന്റെ ഇരട്ട സഹോദരിമാരായ ല്യുദ്മിന കിചെനോക് - നാദിയ കിചെനോക് സഖ്യമാണ് സാനിയ-അങ്കിത സഖ്യത്തെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-0, 7-6, 10-8. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലര്‍ത്തിയിട്ടും ഇന്ത്യയ്ക്കു നേട്ടമുണ്ടാക്കാനായില്ല.

കിചെനോക് സഹോദരിമാര്‍ക്കെതിരെ ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ ആദ്യ സെറ്റ് അനായാസം വിജയിച്ച സാനിയ-അങ്കിത സഖ്യം ബുദ്ധിമുട്ടില്ലാതെ ആദ്യ റൗണ്ട് കടക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മുന്‍തൂക്കം നേടിയ കിചെനോക് സഹോദരിമാര്‍, ടൈബ്രേക്കറില്‍ അപ്രതീക്ഷിത വിജയം നേടി മത്സരം സ്വന്തമാക്കി.

രണ്ടാം സെറ്റില്‍ സ്‌കോര്‍ 5-3 ല്‍ നില്‍ക്കെ സാനിയയാണ് സെര്‍വ് ചെയ്തിരുന്നത്. എന്നാല്‍, സമ്മര്‍ദ്ദം പിടികൂടിയതോടെ സാനിയയ്ക്ക് സെര്‍വ് നഷ്ടമായി. അവിടുന്നങ്ങോട്ട് തിരിച്ചടിച്ച കിചെനോക് സഹോദരിമാര്‍ സെറ്റ് പിടിച്ചെടുത്തു

നിര്‍ണായകമായ ടൈബ്രേക്കറില്‍ കിചെനോക് സഹോദരിമാര്‍ 8-1 ന്റെ ലീഡ് നേടിയതോടെ മത്സരം സാനിയയും അങ്കിതയും കൈവിട്ടെന്ന് ഉറപ്പിച്ചതാണ്. എന്നാല്‍, അവിടുന്നങ്ങോട്ട് തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ നേടി സാനിയ സഖ്യം സ്‌കോര്‍ 88ല്‍ എത്തിച്ച് പ്രതീക്ഷ കാത്തു. എന്നാല്‍, രണ്ടു പോയിന്റ് കൂടി നേടി എതിരാളികള്‍ മത്സരം സ്വന്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.