കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യ പ്രതികള്‍ കസ്റ്റഡിയില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുഖ്യ പ്രതികള്‍ കസ്റ്റഡിയില്‍

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ നാല് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത. മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാര്‍, ടി. ആര്‍ സുനില്‍, ജില്‍സ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ അയ്യന്തോളിലെ ഫ്ളാറ്റില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ബിജു കരീമായിരുന്നു ബാങ്കിന്റെ മാനേജര്‍. സുനില്‍ കുമാര്‍ സെക്രട്ടറിയും ജില്‍സ് ചീഫ് അക്കൗണ്ടന്റും ബിജോ കമ്മിഷന്‍ ഏജന്റുമായിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ നാല് പേരും ഒളിവിലായിരുന്നു. ഇവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് നാല് പേരും പിടിയിലായത്.

ബിജു കരീമും, ബിജോയുമാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതുന്നത്. ഇനി രണ്ട് പേര്‍ കൂടിയാണ് പിടിലാകാനുള്ളത്. ഇവര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ അക്കൗണ്ടന്റായ റെജി അനില്‍ കുമാറിനേയും കിരണിനേയുമാണ് കണ്ടെത്താനുള്ളത്. കിരണ്‍, ബിജു കരീമിന്റെ ബിനാമിയാണെന്നാണ് സൂചന.

അതിനിടെ പ്രതി ബിജോയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ക്രൈംബ്രാഞ്ച് ചില നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. കേസിലെ ആറ് പ്രതികളുടെ വീടുകളില്‍ റെയ്ഡ് തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

പ്രതികള്‍ക്ക് പങ്കാളിത്തമുള്ള പെസോ ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ്, സിസിഎം ട്രേഡേഴ്‌സ്, തേക്കടി റിസോര്‍ട്‌സ്, മൂന്നാര്‍ ലക്‌സ്വേ എന്നീ കമ്പനികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍നിന്നു തട്ടിയെടുത്ത പണം പ്രതികള്‍ നിക്ഷേപിച്ച കമ്പനികളാണ് ഇവ. ഈ പണം തിരിച്ചുപിടിക്കേണ്ടത് നിര്‍ണായകമാണ്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയും ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.