നാക്കിന് കടും മഞ്ഞ നിറം; കാനഡയില്‍ 12-കാരന് അപൂര്‍വ രോഗം സ്ഥിരീകരിച്ചു

നാക്കിന് കടും മഞ്ഞ നിറം; കാനഡയില്‍ 12-കാരന് അപൂര്‍വ രോഗം സ്ഥിരീകരിച്ചു

ഒട്ടാവ: കാനഡയില്‍ 12 വയസുകാരന് രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂര്‍വ രോഗം സ്ഥിരീകരിച്ചു. കടും മഞ്ഞ നിറത്തിലുള്ള നാക്കാണ് പ്രധാന ലക്ഷണം. എപ്സ്‌റ്റൈന്‍ബാര്‍ വൈറസാണ് കുട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോള്‍ഡ് അഗ്ലുട്ടിനിന്‍ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.

രോഗപ്രതിരോധ ശേഷിക്ക് പുറമെ ചുവന്ന രക്താണുക്കളെയും ഈ രോഗം നശിപ്പിക്കും. തൊണ്ടവേദന, ചുവന്ന നിറത്തിലെ മൂത്രം, ത്വക്കിന് നിറവ്യത്യാസം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്നാണ് കുട്ടിയെ ടൊറന്റോയിലെ ആശുപത്രിയിലെത്തിച്ചത്.

കുട്ടിക്ക് മഞ്ഞപ്പിത്തമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ വിലയിരുത്തലെന്ന് 'ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍' പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. എന്നാല്‍, പിന്നീട് കുട്ടിയുടെ നാക്കും കടുംമഞ്ഞ നിറത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. ഇതില്‍ അനീമിയ സ്ഥിരീകരിച്ചു. കൂടാതെ എപ്‌സ്‌റ്റൈന്‍ബാര്‍ വൈറസ് സാന്നിധ്യവും ശരീരത്തില്‍ കണ്ടെത്തി.

രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ കാണുന്ന വൈറസ് ബാധയാണിത്. ഇതോടെ കുട്ടിക്ക് കോള്‍ഡ് അഗ്ലൂട്ടിനിന്‍ രോഗമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂര്‍വ രോഗമാണിത്. എപ്‌സ്‌റ്റൈന്‍ബാര്‍ വൈറസ് സാന്നിധ്യവും തണുത്ത കാലാവസ്ഥയുമാണ് കുട്ടിയുടെ ഈ രോഗാവസ്ഥക്ക് കാരണമായതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഈ രോഗം അനീമിയക്കും ശരീരത്തില്‍ ബില്‍റൂബിന്റെ അളവ് കുറയുന്നതുമൂലം മഞ്ഞപ്പിത്തത്തിനും കാരണമാകും. രക്തം മാറ്റലാണ് ചികിത്സാരീതി. കൂടാതെ സ്റ്റിറോയിഡുകളും ഉപയോഗിച്ചിരുന്നു. ആഴ്ചകള്‍ നീണ്ട ചികിത്സക്കു ശേഷം കുട്ടി സുഖം പ്രാപിച്ചതായും നാക്കിന്റെ മഞ്ഞനിറം കുറഞ്ഞുതുടങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.