നിൻ വിരൽത്തുമ്പിൽ നിന്ന് വേർപെട്ടു പോയവർ

നിൻ വിരൽത്തുമ്പിൽ നിന്ന്  വേർപെട്ടു പോയവർ

കുഞ്ഞുനാളിലെ ഒരു ഓർമ. വീടിനോട് ചേർന്ന് ഒരു വലിയ മാവുണ്ട്. മാമ്പഴക്കാലമായാൽ ഞങ്ങൾ കുട്ടികളെല്ലാവരും മാവിൻ ചുവട്ടിലെ നിത്യ സന്ദർശകരായിരുന്നു. അതിരാവിലെയും രാത്രിയിലും മാമ്പഴം പെറുക്കിയതുമെല്ലാം മായാത്ത ഓർമകളായ് മനസിൽ തെളിഞ്ഞു നിൽക്കുന്നു. ഒരിക്കൽ പകൽ സമയത്ത് ശക്തമായ കാറ്റ്. എല്ലാവർക്കും കിട്ടി കൈനിറയെ മാമ്പഴങ്ങൾ. മാമ്പഴങ്ങളുമായി അമ്മാമ്മയുടെ അടുത്തേയ്ക്കാണ് ഞങ്ങൾ ഓടുക. അവയെല്ലാം മുറിച്ച് ഞങ്ങൾക്ക് അമ്മാമ്മ പങ്കുവച്ചു തരും. കുറച്ചു മാമ്പഴം വീട്ടുകാർക്കുവേണ്ടി കരുതുകയും ചെയ്യും. പങ്കുവയ്പിൻ്റെ ശീലങ്ങൾ ഞങ്ങൾപോലും അറിയാതെ അന്ന് അമ്മാമ്മ പഠിപ്പിക്കുകയായിരുന്നു. ഞങ്ങളെ അരികിലിരുത്തി ഗീവർഗീസ് പുണ്യാളൻ്റെ കഥ അമ്മാമ്മ പറഞ്ഞു തന്നതും മറക്കാനാകുന്നില്ല. അതുപോലെ തന്നെയാണ് അപ്പാപ്പനെക്കുറിച്ചുള്ള ഓർമയും. കുസൃതി കാണിച്ചതിൻ്റെ പേരിൽ അപ്പനുമമ്മയും തല്ലാൻ വടിയുമായ് വരുമ്പോൾ ഞങ്ങൾ അഭയം തേടിയിരുന്നത് അപ്പാപ്പൻ്റെ പിറകിൽ ആയിരുന്നു. അപ്പാപ്പന്നരികിൽ വരുമ്പോൾ വടിയുമായ് വരുന്ന അപ്പൻ്റെയും അമ്മയുടെയും ശൗര്യം താനേ അവസാനിക്കും. ഇന്നീ സംഭവങ്ങൾ ഓർക്കാൻ കാരണം വിശുദ്ധ അന്നായുടെയും ജൊവാക്കിമിൻ്റെയും ജീവിതത്തെക്കുറിച്ചുള്ള ധ്യാനമാണ്. അവരായിരുന്നല്ലൊ ക്രിസ്തുവിൻ്റെ അപ്പാപ്പനും അമ്മാമ്മയും. അവരുടെ സ്നേഹവും തലോടലുമെല്ലാം ക്രിസ്തുവും ആവോളം നുകർന്നിരിക്കണം. കാലങ്ങൾ ഏറെ മുന്നോട്ടു നീങ്ങുമ്പോൾ പേരക്കുട്ടികൾക്കൊപ്പം ജീവിക്കാനുള്ള സൗഭാഗ്യം കാർന്നോന്മാർക്കും അപ്പാപ്പൻ്റെയും അമ്മാമ്മയുടെയും അരികിലിരുന്ന് കഥകൾ കേട്ടുറങ്ങാനുള്ള സൗഭാഗ്യം കുഞ്ഞു മക്കൾക്കും ലഭിക്കുന്നുണ്ടോ എന്ന് ഓർത്തുനോക്കുന്നത് നല്ലതാണ്. പൂർവ്വികരെ സ്മരിക്കണമെന്നും അവരെ അവഗണിക്കുന്ന തലമുറ വേരോടെ അറ്റുപോകുമെന്നും പറഞ്ഞത് ഫ്രാൻസിസ് പാപ്പയാണ്. അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും ദൈവം എന്ന് ബൈബിൾ പറയുന്നുണ്ടെങ്കിൽ വൃദ്ധമാതാപിതാക്കെളെ ആദരിക്കണമെന്ന സന്ദേശമാണ്  ദൈവം നൽകുന്നതെന്നും ഫ്രാൻസിസ് പാപ്പ ഓർമപ്പെടുത്തുന്നു. "യാക്കോബ്‌ മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു. ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്‌തുവരെ പതിന്നാലും തലമുറകളാണ്‌ ആകെയുള്ളത്‌ " (മത്തായി 1: 16-17) എന്ന് വചനം പറയുമ്പോൾ, തലമുറകളെ ആദരിക്കാനും ബഹുമാനിക്കാനും കഴിയണമെന്നാണെന്ന സത്യം നമ്മൾ മനസിലാക്കണം.


അതെ, കുടുംബത്തിൻ്റെ വേരുകളായ പൂർവ്വികരെ ഓർക്കാനും ചേർത്തു പിടിക്കാനും അവരിൽ നിന്നേറ്റ മുറിവുകൾ സൗഖ്യപ്പെടുവാനുമായ് നമുക്ക് ദൈവത്തോടപേക്ഷിക്കാം. അന്നായുടെയും ജൊവാക്കിമിൻ്റെയും തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26