ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്ത് ദയാവധം നിയമവിധേയമാക്കുന്നതിനെ എതിര്‍ത്ത് നഴ്‌സസ് അസോസിയേഷന്‍. ദയാവധ ബില്‍ സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ക്വീന്‍സ് ലാന്‍ഡിലെ നഴ്‌സുമാരുടെ സംഘടനയായ നഴ്സസ് പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് ക്വീന്‍സ്ലാന്‍ഡ് (എന്‍.പി.എ.ക്യു) എതിര്‍പ്പുമായി രംഗത്തുവന്നത്. 800 അംഗങ്ങളാണ് സംഘടനയിലുള്ളത്. ദയാവധം നിയമവിധേയമാക്കുന്നതിലൂടെ, ജീവന്‍ സംരക്ഷിക്കുന്നതിനു പകരം ജീവനെടുക്കുന്ന ദൗത്യത്തിലേക്ക് ഒരു നഴ്‌സിനു മാറേണ്ടിവരുന്നത് അനുവദിക്കാനാകില്ലെന്ന് അംഗങ്ങള്‍ ഏകസ്വരത്തില്‍ പറയുന്നു.
ജീവിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നു എന്‍.പി.എ.ക്യു പ്രസിഡന്റ് മാര്‍ഗരറ്റ് ഗില്‍ബര്‍ട്ട് പറഞ്ഞു. സംരക്ഷണം നല്‍കുന്നതിലൂടെ ജീവിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്നത് മെഡിക്കല്‍ പ്രൊഫഷന്റെ നിര്‍ണായക ഭാഗമാണ്. ജീവന്‍ സംരക്ഷിക്കുക എന്നതാണ് ഒരു നഴ്സിന്റെ ദൗത്യം. ദയാവധം നിയമവിധേയമാക്കുമ്പോള്‍ ഈ ദൗത്യത്തിന് ക്രൂരമായ മറ്റൊരു മുഖം കൂടിവരും. ദയാവധത്തില്‍ നഴ്സുമാരുടെ പങ്കിനെക്കുറിച്ച് നിലവിലെ ചര്‍ച്ചകളില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടതായി എന്‍.പി.എ.ക്യു കുറ്റപ്പെടുത്തുന്നു.
ദയാവധം നിയമവിധേയമാക്കുന്നത് നഴ്സുമാരെ പല രീതിയിലുള്ള അപകടങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു. നിയമം ദുരുപയോഗിക്കപ്പെടാനും നഴ്‌സുമാര്‍ക്കു നേരേ ആക്രമണത്തിനും സാധ്യതയുണ്ട്. വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ജോലിസ്ഥലത്തെ ആരോഗ്യകരമായ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാര്‍ഗരറ്റ് ഗില്‍ബെര്‍ട്ട് പറഞ്ഞു. ഇത് ഒരിക്കലും അനുവദിക്കാനാകില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26