സിഡ്‌നിയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത യുവതി കോവിഡ് ബാധിച്ച് പത്താം ദിവസം മരിച്ചു; ചെറുപ്പക്കാര്‍ക്കുള്ള മുന്നറിയിപ്പെന്നു പ്രീമിയര്‍

സിഡ്‌നിയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത യുവതി കോവിഡ് ബാധിച്ച് പത്താം ദിവസം മരിച്ചു; ചെറുപ്പക്കാര്‍ക്കുള്ള മുന്നറിയിപ്പെന്നു പ്രീമിയര്‍

സിഡ്നി: ഓസ്‌ട്രേലിയയില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത യുവതി കോവിഡ് ബാധിച്ച് പത്താം ദിവസം മരിച്ചു. ബ്രസീലിയന്‍ സ്വദേശിയായ അക്കൗണ്ടിംഗ് വിദ്യാര്‍ഥിനി അഡ്രിയാന മിഡോറി തകാര (38) ആണ് ഞായറാഴ്ച സിഡ്നിയിലെ റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയില്‍ മരിച്ചത്.

പത്തു ദിവസങ്ങള്‍ക്കു മുന്‍പാണ് അഡ്രിയാനയ്ക്ക് കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. അഡ്രിയാനയും 70 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീയും ഞായറാഴ്ച മരിച്ചതോടെ, ഡെല്‍റ്റ വൈറസ് മൂലമുള്ള മരണം എട്ടായി ഉയര്‍ന്നു. ക്യാമ്പ്ബെല്‍ടൗണ്‍ ആശുപത്രിയില്‍ വച്ചാണ് എഴുപതുകാരി മരിച്ചത്.

അഡ്രിയാനയ്‌ക്കൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുഹൃത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഡ്രിയാനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഡെല്‍റ്റ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ നില വഷളായിരുന്നു. ആദ്യം പരിശോധന നടത്തിയപ്പോള്‍ അഡ്രിയാനയ്ക്ക് നെഗറ്റീവായിരുന്നു. അതേസമയം അഡ്രിയാനയ്‌ക്കൊപ്പം താമസിച്ചിരുന്നു സൃഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അഡ്രിയാനയ്ക്ക് വീണ്ടും പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അതിവേഗമാണ് രോഗം വഷളായത്.

ചെറുപ്പക്കാര്‍ക്ക് കോവിഡ് ഗുരുതരമാകാം എന്ന മുന്നറിയിപ്പാണ് അഡ്രിയാനയുടെ മരണം നല്‍കുന്നതെന്ന് ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ന്യൂ സൗത്ത് വെയില്‍സ് പ്രസിഡന്റ് ഡോ. ഡാനിയേല്‍ മക് മുള്ളന്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെയുണ്ടായ 900ലേറെ കോവിഡ് മരണങ്ങളില്‍ ആറെണ്ണം മാത്രമാണ് 49 വയസില്‍ താഴെയുള്ളത്.

അതേസമയം, 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനാല്‍ പുതിയ ഡെല്‍റ്റ വൈറസ് ചെറുപ്പക്കാരെയാണ് ഗുരുതരമായി ബാധിക്കുന്നതെന്ന് ഡോ. മക് മുള്ളന്‍ പറഞ്ഞു.

കോവിഡ് വയോധികരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ പുനഃരാലോചനയ്ക്ക് തയ്യാറാകണമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരും ഈ ക്രൂരമായ രോഗത്തിന്റെ ഇരകളാകാമെന്ന് പ്രീമിയര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 145 പുതിയ കേസുകളാണ് ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.