അമേരിക്കയിൽ നിന്നും ചൈനയിൽ എത്തുന്ന വിധവയായ സ്ത്രീയുടെയും മകൻ്റെയും കഥയാണ് ദി കരാട്ടെ കിഡ് എന്ന സിനിമ.12 വയസുകാരൻ പാർക്കർ (ജാദെൻ സ്മിത്ത്) കുസൃതിക്കാരനും അനുസരണയില്ലാത്തവനും എടുത്തു ചാട്ടക്കാരനുമാണ്.കുങ് ഫു പഠിക്കാൻ ഷാൻ (ജാക്കി ജാൻ) എന്ന ഗുരുവിൻ്റെ പക്കലാണ് അവൻ എത്തിച്ചേരുന്നത്.എത്രയും പെട്ടന്ന് തന്നെ കുങ് ഫു പഠിപ്പിക്കണമെന്നാണ് അവൻ്റെ ആവശ്യം. തനിക്കതിനുള്ള കഴിവുണ്ടെന്നും അവൻ അഹങ്കാരത്തോടെ പറയുന്നു. ഇവനെ അച്ചടക്കവും അനുസരണയുള്ളവനാക്കുക എന്നതായിരുന്നു മാസ്റ്ററിൻ്റെ പ്രാഥമിക ലക്ഷ്യം. കുങ് ഫു പഠിക്കാനെത്തിയ പാർക്കറിനോട് ആദ്യം മാസ്റ്റർ ആവശ്യപ്പെടുന്നത് ധരിച്ചിരുന്ന ജാക്കറ്റ് ഊരി ആണിയിൽ തൂക്കുക.പിന്നീടത് ആണിയിൽ നിന്നെടുത്ത് താഴെയിടുക. വീണ്ടും എടുത്ത് ആണിയിൽ തൂക്കുക എന്നതായിരുന്നു.സ്കൂളിൽ നിന്ന് വന്നാൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അലക്ഷ്യമായ് വലിച്ചെറിയുന്ന പാർക്കറിന് ഈ വാക്കുകൾ അരോചകകമായി തോന്നി. ഒരാഴ്ചയോളം നീണ്ടുനിന്നു ഈ ക്ലാസ്. അപ്പോഴേക്കും അവൻ്റെ ക്ഷമയുടെ നെല്ലിപ്പലകയും തകർന്നിരുന്നു. ഒരിക്കൽ അവനത് തുറന്ന് പറയുകയും ചെയ്തു:"ആയിരം തവണയെങ്കിലും ഞാൻ ജാക്കറ്റ് ഊരുകയും ഇടുകയും ചെയ്യുന്നുണ്ട്. മറ്റൊന്നും പഠിപ്പിക്കാതെ താങ്കൾ എന്നെ കളിയാക്കുകയാണ്.ഞാൻ കരുതുന്നു, താങ്കൾക്ക് കുങ് ഫുവിൻ്റെ ബാലപാഠം പോലും അറിയില്ലെന്ന്!"ഗുരുവിനെ ധിക്കരിച്ചു എന്നതിൻ്റെ പേരിൽ ചെറിയൊരു ശിക്ഷ നൽകാനായിരുന്നു മാസ്റ്ററിൻ്റെ അടുത്ത നീക്കം.ഭാവനയിൽ ജാക്കറ്റ് നിലത്തിടാനും ആണിയിൽ തൂക്കാനും ധരിക്കാനും ഊരാനുമായിരുന്നു മാസ്റ്റർ നിർദേശിച്ചത്. ഗുരുവിന് നേരെ നിന്ന് ജാക്കറ്റ് ഊരാൻ ശ്രമിക്കുന്നതിനിടയിൽ ഗുരു മിന്നൽ വേഗത്തിൽ മുഷ്ടി ചുരുട്ടി ഇടിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായ ആക്രമണത്തെ അവൻ കൈ കൊണ്ട് പ്രതിരോധിക്കുന്നു. കുമ്പിടുമ്പോഴും നിവരുമ്പോഴും മാസ്റ്ററിൻ്റെ ചാട്ടുളി പ്രയോഗങ്ങൾ അവനു നേരെ നീളുന്നുണ്ട്. എന്നാൽ അവയെ അതേ വേഗത്തിൽ അവന് തടയാൻ കഴിയുന്നു.കുറച്ച് സമയത്തിന് ശേഷമാണ് മാസ്റ്റർ കുങ്ങ് ഫുവിൻ്റെ പ്രാഥമിക പാഠങ്ങൾ പഠിപ്പിക്കുകയായിരുന്നുവെന്ന് പാർക്കറിന് മനസിലാകുന്നത്.വിടർന്ന മിഴികളോടെ മാസ്റ്ററിനെ തന്നെ ഉറ്റുനോക്കി നിൽക്കുകയാണ് പാർക്കർ. ഒട്ടും ഗൗരവം വിടാതെ അവനെ നോക്കി മാസ്റ്റർ പറയുന്നു:''നാം ചെയ്യുന്ന എല്ലാകാര്യങ്ങളിലും കുങ് ഫു ഉണ്ട്. നാം ഒരു ജാക്കറ്റ് ഇടുമ്പോഴും ഊരുമ്പോഴും അത് കുങ് ഫു ആണ്. ആളുകളെ നാം പരിഗണിക്കുന്ന രീതി പോലും
കുങ് ഫു വിൽ അടങ്ങിയിരിക്കുന്നു."ആ പാഠം ഹൃദയത്തിലേറ്റിയ പാർക്കർ ഉയർച്ചയിലേക്ക് നടന്നു കയറുന്നു.
ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യുക എന്നതാണ് വിജയത്തിലേക്കുള്ള ആദ്യത്തെ ചുവട് എന്ന് നാം തിരിച്ചറിയണം.അച്ചടക്കവും അനുസരണയും ചിട്ടയുള്ള ജീവിത ശൈലികളുമെല്ലാം ഉന്നത വിജയം നേടിയവരുടെ വിജയരഹസ്യങ്ങളായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്.
അങ്ങനെയൊരു കാര്യം ക്രിസ്തുവും ഓർമപ്പെടുത്തുന്നുണ്ട്. പഴയനിയമത്തിലെ ഏലിയ പ്രവാചകൻ വിധവയോട് ഒരു നേരത്തെ ഭക്ഷണം നൽകാനും ഏലീശാ പ്രവാചകൻ കുഷ്ഠരോഗിയായ നാമാനോട് നദിയിൽ കുളിക്കാനുമാണ് ആവശ്യപ്പെടുന്നത് (Ref ലൂക്ക 4:25-30). അനുസരണത്തിൻ്റെ ഫലമായി വിധവയുടെ ദാരിദ്ര്യവും നാമാൻ്റെ കുഷ്ഠവും വിട്ടുമാറുന്നതായി നമുക്ക് കാണാൻ കഴിയും.അനുസരണയും അച്ചടക്കവും വിശ്വസ്തതയുമാണ് ജീവിതവിജയത്തിലേക്കും അദ്ഭുതങ്ങളിലേക്കുമുള്ള കുറുക്കുവഴികൾ എന്നകാര്യം നമുക്ക് മറക്കാതിരിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.