ചെറുതെങ്കിലും പങ്കുവയ്ക്കുക, ദൈവം നിങ്ങള്‍ക്കുള്ള ദാനങ്ങളെ വര്‍ധിപ്പിക്കും: ഫ്രാന്‍സിസ് പാപ്പ

ചെറുതെങ്കിലും പങ്കുവയ്ക്കുക, ദൈവം നിങ്ങള്‍ക്കുള്ള ദാനങ്ങളെ വര്‍ധിപ്പിക്കും: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ചെറിയ കാര്യങ്ങളെങ്കിലും പങ്കുവയ്ക്കുന്നതിലൂടെ ദൈവം നമുക്കുള്ള ദാനങ്ങളെ വര്‍ധിപ്പിക്കുമെന്നു ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച്ച വത്തിക്കാന്‍ സ്‌ക്വയറില്‍ കൂടിയ വിശ്വാസികളെ ത്രികാല പ്രാര്‍ത്ഥനാവേളയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ദിവ്യബലി മധ്യേ വായിച്ച വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം ഒന്നു മുതല്‍ 15 വരെയുള്ള വാക്യങ്ങളാണ് മാര്‍പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. .

തന്നെ ശ്രവിക്കാനെത്തിയ അയ്യായിരത്തോളം പേര്‍ക്ക് അഞ്ച് അപ്പവും രണ്ടു മീനും അത്ഭുതകരമായി യേശു വര്‍ധിപ്പിച്ചു നല്‍കിയ സുവിശേഷ ഭാഗമാണ് പാപ്പ വിശദീകരിച്ചത്. യേശു ശൂന്യതയില്‍നിന്നല്ല അപ്പവും മീനും സൃഷ്ടിച്ചതെന്നു മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. ശിഷ്യന്മാര്‍ തന്റെ അടുക്കലേക്കു കൊണ്ടുവന്നവ ഉപയോഗിച്ചാണ് അവിടുന്ന് അത്ഭുതം കാട്ടിയത്. ഒരു ബാലനാണ് തനിക്കായി കരുതിയിരുന്നത് ശിക്ഷ്യന്മാര്‍ക്ക് നല്‍കിയത്. കേവലം അഞ്ച് ബാര്‍ലി അപ്പവും രണ്ട് മത്സ്യവുമാണ് ബാലന്റെ കൈവശമുണ്ടായിരുന്നത്.

ബാലന്‍ തനിക്കു ഭക്ഷിക്കാനായി കരുതിയത് മുഴുവന്‍ പങ്കുവച്ചെങ്കിലും ആ സമയത്തെ ആവശ്യത്തിന് അതു വളരെ കുറവായിരുന്നു. എന്നാല്‍ യേശുവിന് അതു മതിയായിരുന്നു. ബാലന്റെ ചെറുതും സൗജന്യവുമായ ദാനത്തില്‍നിന്ന് എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ യേശുവിനു കഴിഞ്ഞതായി മാര്‍പാപ്പ വിശദീകരിച്ചു.

നമ്മുടെ കൈവശമുള്ള ചെറിയ കാര്യങ്ങളില്‍ കര്‍ത്താവിന് അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന സന്ദേശമാണ് സുവിശേഷ ഭാഗം കാട്ടിത്തരുന്നത്. എല്ലാ ദിവസവും നാം സ്വയം ചോദിക്കണം, 'ഇന്ന് ഞാന്‍ യേശുവിന് എന്താണ് നല്‍കുക? നമ്മുടെ പ്രാര്‍ഥനകളിലൂടെ, ദയയുടെ വിവിധ ഭാവങ്ങളിലൂടെ, കഷ്ടപ്പാടുകള്‍ അവിടുത്തേക്കു സമര്‍പ്പിക്കുന്നതിലൂടെ യേശുവിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ചെറിയ കാര്യങ്ങള്‍ കൊണ്ട് വലിയ അത്ഭുതങ്ങള്‍ സംഭവിക്കുന്നു. ഇപ്രകാരം പങ്കുവയ്ക്കാനും പ്രവര്‍ത്തിക്കാനും ദൈവം ഇഷ്ടപ്പെടുന്നു. നിസാരമായ കാര്യങ്ങളില്‍ നിന്ന്, സൗജന്യമായി നല്‍കിയവയില്‍നിന്ന് അവിടുന്ന് വലിയ കാര്യങ്ങള്‍ ചെയ്യുന്നു.

വിശുദ്ധ ഗ്രന്ഥത്തില്‍ എല്ലാ പ്രവാചകന്മാരും മറിയവും ചെറിയ കാര്യങ്ങളുടെയും ദാനത്തിന്റെയും പ്രസക്തി നമുക്കു കാട്ടിത്തരുന്നു. ദാനത്തിന്റെ വീക്ഷണം നമ്മുടേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് യേശുവിന്റേത്. നമ്മുടെ പക്കലുള്ളത് വിട്ടുകൊടുക്കുന്നതിനുപകരം, ശേഖരിച്ചുവയ്ക്കാനും വര്‍ധിപ്പിക്കാനും നാം ശ്രമിക്കുന്നു; എന്നാല്‍, യേശുവാകട്ടെ, ദാനം ചെയ്യാനും കുറച്ചുകൊണ്ടുവരാനും ആവശ്യപ്പെടുന്നു. കൂടുതലാക്കാനാണ് നാം ഇഷ്ടപ്പെടുന്നത്, എന്നാല്‍ യേശു ഇഷ്ടപ്പെടുന്നത് കുറയ്ക്കാനാണ്. മറ്റുള്ളവര്‍ക്ക് നല്‍കാനായി അവിടുന്ന് ആവശ്യപ്പെടുന്നു.

നാം ദാനം ചെയ്യുകയും പങ്കിടുകയും ചെയ്യുമ്പോള്‍ സ്‌നേഹം വര്‍ധിപ്പിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കൂടുതല്‍ പങ്കിടാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കാന്‍ യേശു നമ്മെ പഠിപ്പിക്കുന്നു.

പങ്കിടല്‍ നടക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന ദുരന്തത്തിന്റെ ഉദാഹരണം ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ലോകത്തില്‍ അനുദിനം, അഞ്ചു വയസിനു താഴെയുള്ള ഏഴായിരത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിക്കുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ കാട്ടിത്തരുന്നതായി മാര്‍പ്പാപ്പ പറഞ്ഞു. ഇതുപോലുള്ള അഴിമതികളെ അഭിമുഖീകരിച്ചുകൊണ്ടാണ് കര്‍ത്താവ് നമ്മെ വിളിക്കുന്നത്. 'ധൈര്യമായിരിക്കുക, ചെറുതെങ്കിലും നിങ്ങളുടെ പക്കലുള്ളത്, നിങ്ങളുടെ കഴിവുകള്‍, സ്വത്തുക്കള്‍ എന്നിവ യേശുവിനും നിങ്ങളുടെ സഹോദരങ്ങള്‍ക്കും ലഭ്യമാക്കുക. നിങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ദൈവം വര്‍ധിപ്പിക്കുന്നു'.

ത്രികാല പ്രാഥര്‍നയ്ക്കുശേഷം മാര്‍പാപ്പാ മുത്തശ്ശീ മുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള പ്രഥമ ആഗോള ദിനം ഈ ഞായറാഴ്ച്ച ആചരിച്ചതും ദിവ്യബലി അര്‍പ്പിച്ചതും പരാമര്‍ശിച്ചു. എല്ലാ മുത്തശ്ശീമുത്തച്ഛന്മാരെയും അഭിനന്ദിക്കാന്‍ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ പേരക്കുട്ടികളും യുവതീ യുവാക്കളും പ്രായാധിക്യത്തിലെത്തിയവരും ഒരുമിച്ചുചേരുമ്പോള്‍ സഭയുടെ ഏറ്റവും മനോഹരമായ മുഖം അനാവൃതമാവുകയും തലമുറകള്‍ തമ്മിലുള്ള ഐക്യം കാട്ടിത്തരികയും ചെയ്യുന്നു.
എല്ലാവരും ഈ ദിനം ആഘോഷിക്കാനും മുത്തശ്ശീമുത്തച്ഛന്മാരെയും പ്രായമായവരെയും, ഏറ്റവും കൂടുതല്‍ ഏകാന്തത അനുഭവിക്കുന്നവരെയും സന്ദര്‍ശിച്ച് 'ഞാന്‍ എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും'' എന്ന യേശുവിന്റെ വാഗ്ദാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സന്ദേശം കൈമാറണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.