മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന സ്വര്‍ഗസ്ഥനായ പിതാവേ... എന്ന പ്രാർത്ഥന നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരു സംഘം എം.പിമാര്‍. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയിലാണ് ആദ്യമായി നിയമനിര്‍മാണത്തിലൂടെ പ്രാർത്ഥന നീക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
നോര്‍ത്തേണ്‍ മെട്രോപൊളിറ്റനില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഫിയോണ പാറ്റനാണ് നൂറു വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന വിചിത്ര ആവശ്യവുമായി രംഗത്തുവന്നത്. പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നത് സ്വര്‍ഗസ്ഥനായ പിതാവേ... എന്ന പ്രാർത്ഥനയോടെയാണ്. ഇതിനു പകരം ഒരു നിമിഷം മൗനം ആചരിക്കണമെന്ന നിര്‍ദേശമാണ് ഫിയോണ മുന്നോട്ടുവയ്ക്കുന്നത്. ഓഗസ്റ്റ് നാലിന് പ്രമേയം അവതരിപ്പിക്കാനാണു നീക്കം.
മഹാമാരിയുമായി രാജ്യം പോരാടുന്ന കാലഘട്ടത്തില്‍ ജനങ്ങളെ മാനസികമായും ബുദ്ധിമുട്ടിക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളില്‍ വിശ്വാസികളുടെയും പാരമ്പര്യവാദികളുടെയും ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ഒരു വലിയ വിഭാഗം ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നു വിശ്വാസികള്‍ പറയുന്നു.
പരമ്പരാഗതമായി പാലിച്ചുപോരുന്ന വിശ്വാസങ്ങളെ സമൂഹത്തിലെ സുപ്രധാനമായ സ്ഥാപനങ്ങളില്‍നിന്ന് പടിപടിയായി നീക്കംചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമം അപലപനീയമാണെന്നു ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) കുറ്റപ്പെടുത്തി. പ്രാർത്ഥനയ്ക്ക് പാര്‍ലമെന്റില്‍ നിയമാനുസൃതമായ സ്ഥാനമുണ്ട്. 1918 മുതല്‍ പാര്‍ലമെന്ററി നടപടികളുടെ ഭാഗമാണ് പ്രാർത്ഥന.
പ്രാർത്ഥന നീക്കം ചെയ്യാനുള്ള പ്രമേയത്തിന് പിന്തുണ ലഭിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. നിരീശ്വരവാദികളായ നിരവധി പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ദൈവത്തിന് പാര്‍ലമെന്റില്‍ എന്തു സ്ഥാനം എന്ന രീതിയില്‍ വളരെ ആക്ഷേപകരമായ പരാമര്‍ശങ്ങളും ഇവര്‍ ഉയര്‍ത്തുന്നു. അതേസമയം ഫിയോണ പാറ്റന്‍ ഇനി പാര്‍ലമെന്റ് കാണില്ലെന്ന മുന്നറിയിപ്പുമായി ക്രൈസ്തവ വിശ്വാസികളും രംഗത്തുവന്നിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് പോലും നടക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഓസ്‌ട്രേലിയയുടെ പാരമ്പര്യത്തിന് യോജിച്ചതല്ല. നൂറു വര്‍ഷത്തിലേറെയുള്ള രാജ്യത്തിന്റെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ് പാര്‍ലമെന്റിലെ പ്രാർത്ഥന. അന്യമതസ്ഥരെ പൂര്‍ണമനസോടെ ഉള്‍ക്കൊള്ളുമ്പോഴും രാജ്യത്തിന്റെ പാരമ്പ്യരത്തെ എന്തിന് അകറ്റി നിര്‍ത്തണമെന്ന ചോദ്യമാണ് ക്രൈസ്തവ സംഘടനകള്‍ ഉന്നയിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ നേതൃത്വത്തില്‍ വിക്ടോറിയയിലെ ദൈവവിശ്വാസികളും പാരമ്പര്യവാദികളുമായ എല്ലാവരും തങ്ങളുടെ എം.പിമാര്‍ക്ക് ഇ-മെയിലിലൂടെ പ്രതിഷേധം അറിയിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രാർത്ഥന നീക്കം ചെയ്യുന്ന നടപടിയെ മെല്‍ബണിലെ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ശക്തമായി അപലപിച്ചു.
നീക്കത്തിനെതിരേ സമാന ചിന്താഗതിയുള്ള കൂട്ടായ്മകളുമായി ചേര്‍ന്ന് ശക്തമായി പോരാടുമെന്നും ഓസ്‌ട്രേലിയയുടെ പാരമ്പര്യത്തിനു മേലും വിശ്വാസികളുടെ ബോധ്യങ്ങളുടെ മേലുമുള്ള കൈകടത്തലാണെന്നും കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ പ്രതിനിധി ജിജിമോന്‍ ജോസഫ് കുഴിവേലില്‍ പറഞ്ഞു.
പ്രാർത്ഥന വിക്ടോറിയന്‍ പാര്‍ലമെന്റില്‍ നിലനിര്‍ത്താന്‍ എംപിമാര്‍ക്ക് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ താഴെയുള്ള വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇമെയിലിലൂടെ നിര്‍ദേശങ്ങളും പെറ്റീഷനുകളും സമര്‍പ്പിക്കാം.
https://www.acl.org.au/cm_vic_prayerparliament?utm_medium=email&utm_campaign=CM%202107%20Vic%20Prayer%20in%20Parliament&utm_content=CM%202107%20Vic%20Prayer%20in%20Parliament+CID_7d1f7a033796b989bfb33d305ceec019&utm_source=CreateSend&utm_term=Please%20email%20your%20Upper%20and%20Lower%20House%20MPs%20now%20to%20urge%20them%20to%20keep%20the%20Lords%20Prayer%20in%20Victorian%20Parliament
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26