ടോക്യോ: ഒളിമ്പിക്സില്‍ സുവര്‍ണതാരമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അമേരിക്കയുടെ സിമോണ്‍ ബൈല്‍സ് മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെ പിന്മാറി. ഇനിയുള്ള മത്സരങ്ങളില്‍ അവര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ബൈല്‍സ് പിന്മാറിയതിനെത്തുടര്‍ന്ന് അമേരിക്കയെ പിന്തള്ളി റഷ്യന്‍ ടീം സ്വര്‍ണം നേടി.
പിന്മാറാനുള്ള കാരണം സമ്മാനദാനവേളയില്‍ വ്യക്തമാക്കിയ താരം പൊട്ടിക്കരയുകയും ചെയ്തു. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും അമേരിക്കയായിരുന്നു ഈ ഇനത്തില്‍ ജേതാക്കള്‍. ''എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യുന്നു. മാനസികാരോഗ്യത്തിലാണ് എന്റെ ശ്രദ്ധ. എന്റെ ആരോഗ്യവും സ്വസ്ഥതയും തകിടം മറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'' - സമ്മാനദാന വേദിയില്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് ബൈല്‍സ് പറഞ്ഞു. റിയോ ഒളിമ്പിക്സില്‍ നാല് സ്വര്‍ണ മെഡലുകള്‍ ബൈല്‍സ് നേടിയിരുന്നു. ''പഴയതുപോലെ എന്റെ കഴിവില്‍ ഇപ്പോള്‍ വിശ്വാസമില്ല. ചിലപ്പോള്‍ പ്രായമായിരിക്കും കാരണം. ഇപ്പോള്‍ മത്സരത്തിനിടയില്‍ ഞാന്‍ സമ്മര്‍ദത്തിനടിപ്പെടാറുണ്ട്. മത്സരം പഴയപോലെ ആസ്വദിക്കാനാകുന്നില്ല. ഒളിമ്പിക്സിനിടെ ഇത് സംഭവിച്ചതില്‍ സങ്കടമുണ്ടെന്നും ബൈല്‍സ് പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ബൈല്‍സ് പിന്മാറിയതെന്ന് നേരത്തേ അമേരിക്കന്‍ ജിംനാസ്റ്റിക്സ് അധികൃതര്‍ പ്രസ്താവനയിറക്കിയിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കുമോയെന്നറിയാന്‍ അവരുടെ ആരോഗ്യസ്ഥിതി ദിവസവും വിലയിരുത്തുമെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി. ജിംനാസ്റ്റിക്സ് ടീം ഫൈനലിലെ ആദ്യ ഇനമായ വോള്‍ട്ടില്‍ നിറംമങ്ങിയ പ്രകടനമാണ് ബൈല്‍സ് നടത്തിയത്. തുടര്‍ന്നുള്ള മൂന്ന് ഇനങ്ങളിലും (ബാര്‍സ്, ബീം, ഫ്‌ളോര്‍) അവര്‍ പങ്കെടുത്തില്ല. കുറച്ചുസമയത്തേക്ക് മത്സരവേദിവിട്ട അവര്‍ തിരികെയെത്തി സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. 24കാരിയായ ബൈല്‍സിന്റെ പ്രകടനം പ്രാഥമികറൗണ്ടില്‍ അത്ര തിളക്കമുള്ളതായിരുന്നില്ല. താന്‍ ഒത്തിരി സമ്മര്‍ദമനുഭവിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അവര്‍ ട്വീറ്റ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.