തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം.
ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും ആവശ്യപ്പെട്ടു. നിയമസഭ തല്ലിത്തകര്‍ത്തയാള്‍ മന്ത്രിയായി തുടരരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മന്ത്രി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. നിയമസഭയുടെ മേശപ്പുറത്ത് കയറി നിന്നയാള്‍ വിദ്യാഭ്യാസമന്ത്രിയായി തുടരരുത്. മന്ത്രിയായി തുടരുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് എന്തു സന്ദേശമാണ് ശിവന്‍കുട്ടി നല്‍കുന്നതെന്ന് സതീശന്‍ ചോദിച്ചു. കോടതി നടപടികള്‍ക്ക് മുമ്പ് കെ.പി വിശ്വനാഥന്‍ രാജിവെച്ചതും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
ശിവന്‍കുട്ടി രാജിവയ്ക്കണമെന്നു കെ സുധാകരനും അഭിപ്രായപ്പെട്ടു. കേസിന്റെ മെറിറ്റിലേക്ക് സുപ്രീംകോടതി കടന്നില്ലെന്ന വാദം മാന്യതയ്ക്ക് നിരക്കുന്നതല്ല. പൊതുമുതല്‍ നശിപ്പിച്ച കേസിന് പൊതുപണം ഉപയോഗിച്ചത് അധാര്‍മ്മികമാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
ശിവന്‍കുട്ടി മന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തന്റെ നിരന്തര പോരാട്ടം കൊണ്ടാണ് കേസ് നിലനിന്നതെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയായി തുടരാനുള്ള ധാര്‍മ്മിക അവകാശം ശിവന്‍കുട്ടിക്ക് നഷ്ടമായി എന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പറഞ്ഞു.
ശിവന്‍കുട്ടി രാജിവെക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.
നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍ കെ.ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി.കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍, എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.