പിതാവേ ഞങ്ങളുണ്ട് കൂടെ : ചാനൽ ജഡ്ജിമാരുടെ ട്രോളുകൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയയും സംഘടനകളും

പിതാവേ ഞങ്ങളുണ്ട് കൂടെ : ചാനൽ ജഡ്ജിമാരുടെ ട്രോളുകൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയയും സംഘടനകളും

കൊച്ചി : പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കുടുംബവർഷാചരണത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച കുടുംബ ക്ഷേമ പദ്ധതികൾ വിവാദമാക്കി പിൻവലിപ്പിക്കാൻ ശ്രമിച്ച ചാനലുകളുടെ പരിശ്രമങ്ങളോട് അതിരൂക്ഷമായിട്ടാണ് സോഷ്യൽ മീഡിയയും വിവിധ ക്രൈസ്തവ സംഘടനകളും പ്രതികരിക്കുന്നത്.

കുടുംബ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വന്നതോട് കൂടി ഹാലിളകിയ ചാനലുകൾ മാർ കല്ലറങ്ങാട്ടിന് നേരിട്ട് വിളിച്ച് പ്രഖ്യാപനം തിരുത്തുമോ എന്ന് പരിശോധിച്ചു. അണുവിട പോലും പിന്നോട്ടില്ല ;  സർക്കുലർ ഇറക്കുകയും ചെയ്യും എന്നറിയിച്ച ബിഷപ്പ് , ഉടൻ തന്നെ പള്ളികളിൽ വായിക്കാനായി സർക്കുലറും ഇറക്കി . പക്ഷെ മീഡിയ വൺ പോലുള്ള മാധ്യമങ്ങൾ പാലാ രൂപത പദ്ധതി പിൻവലിച്ചു എന്ന് ഫ്ലാഷ് ന്യൂസും നൽകി വിജയം ആഘോഷിക്കാൻ തുടങ്ങി.

അന്തി ചർച്ചകൾക്ക് കോപ്പുകൂട്ടിയ ചാനലുകൾ 80 :20 സർക്കാർ കൈവിട്ടു എങ്കിലും ചർച്ചകളിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ 80 :20 ഉപേക്ഷിക്കാൻ തയ്യാറായില്ല. എന്തുകൊണ്ടാണ് കേരള ക്രൈസ്തവ സമൂഹം ജനനിരക്കിലെ കുറവിനെ പറ്റി ആകുലപ്പെടുന്നത് എന്ന് ചർച്ച ചെയ്യാതെ സഭാ വിരോധികൾ എന്ന് പൊതുവേ  മുദ്രകുത്തപ്പെട്ട ചില വ്യക്‌തികളെ മാത്രം പാനലിൽ  ഉൾപ്പെടുത്തി സഭയെ ആക്രമിക്കാൻ നിരന്തരം ഉത്സാഹിച്ച ചാനലുകളുടെ തനിനിറം സോഷ്യൽ മീഡിയ പൊളിച്ചു കാട്ടിത്തുടങ്ങി. സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംഎവൈഎം) , സീറോ മലബാർ കാതോലിക്‌സ് ഫെഡറേഷൻ (എസ്എംസിഎഫ് ) എന്നീ സംഘടനകൾ പാലാരൂപതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പരസ്യ പ്രതികരണവുമായി രംഗത്തിറങ്ങി.

സഭയുടെ നിലപാടുകളെ പിന്തുണച്ചുകൊണ്ട് രാഹുൽ ഈശ്വർ രംഗത്ത് വന്നത് പല ചാനൽ ജഡ്‌ജികളെയും അത്ഭുതപ്പെടുത്തി. രാഹുൽ ഈശ്വർ ചൂണ്ടിക്കാണിച്ച വസ്തുതകൾ ചർച്ച ചെയ്യാതെ ചാനലുകൾ തമ്സ്കരിച്ചു. കേരളത്തിലെ ജനന നിരക്കിൽ ഏറ്റവും പിൻപന്തിയിലാണ് ക്രൈസ്തവ സമൂഹം . 14 ശതമാനം മാത്രം ജനനനിരക്കും   20 ശതമാനം മരണനിരക്കും പുലർത്തുന്ന സമൂഹം ശോഷണം നേരിടുകയും കാലക്രമേണ ചരിത്ര താളുകളിൽ മാത്രം ഒതുങ്ങുകയും ചെയ്യേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് സഭ ഇങ്ങനെയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നത് എന്ന വസ്തുത സൗകര്യ പൂർവം ചാനലുകൾ മറച്ചു വച്ചു കൊണ്ട് , രാജ്യ താല്പര്യത്തിനു വിരുദ്ധമാണിത്  എന്ന വാദം ഉയർത്തുകയാണുണ്ടായത് .

ന്യൂനപക്ഷങ്ങളായ ക്രിസ്ത്യൻ, മുസ്ളീം വിഭാഗങ്ങളിൽ ജനിച്ച കുട്ടികളുടെ സർക്കാർ കണക്കനുസരിച്ച് ഒന്നാമതായി ഉണ്ടാകുന്ന മുസ്ളീം കുട്ടികളുടെ എണ്ണം 80044 ആകുമ്പോൾ ക്രൈസ്തവർ 33483 മാത്രം. രണ്ടാമത്തേതായി ഉണ്ടായ കുട്ടികൾ മുസ്ളീം 71901 ഉം ക്രൈസ്തവർ 26565 ആകുന്നു . മൂന്നാമത്തേതായി ഉണ്ടായ കുട്ടികൾ -മുസ്ളീം 45694 ക്രൈസ്തവർ 8124 . നാലാമത്തേത് - മുസ്ളീം 12770 , ക്രിസ്ത്യൻ 954 . അഞ്ചാമത്തേത് - മുസ്ളീം 2464 ക്രിസ്ത്യൻ 208. ജനനനിരക്കിലെ ഈ വൈരുധ്യം മൂടി വച്ചുകൊണ്ട് ചില പ്രത്യേക സമുദായത്തിന്റെ താൽപര്യങ്ങൾക്കായി ചാനൽ ജഡ്ജിമാർ കുടപിടിക്കുന്നുവെന്ന് സോഷ്യൽ മീഡിയ വിളിച്ചു പറയുന്നു.1500 രൂപക്കായി ഒരു കുടുംബം അഞ്ചാമതായി ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന് മുന്നിൽ ചാനൽ ജഡ്‌ജികൾക്ക് ഉത്തരം മുട്ടുകയും പിന്നീട് ആ സഭാ വക്താവിന്‌ സംസാരിക്കാൻ അവസരം കൊടുക്കാതെ ഇരിക്കുകയും ചെയ്യുന്നത് പ്രേക്ഷകർ കണ്ടു.

പാലാ രൂപതയ്ക്ക് പിന്തുണയുമായി ഇടുക്കി രൂപതയും വലിയ കുടുംബങ്ങൾക്ക് സൗജന്യ പഠന സഹായങ്ങൾ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സഭാ സമൂഹങ്ങൾ ഇതേ പാത പിന്തുടരുമെന്ന പ്രതീക്ഷയിലാണ്  വിശ്വാസികൾ. ലോകത്തിലെ തന്നെ ഏറ്റവും ചടുലമായ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയായ കേരള ക്രൈസ്തവരെ ഏതുവിധേനയും തകർക്കുക എന്ന ആഗോള അജണ്ടയുടെ ഭാഗമായിട്ടാണ് ഇപ്രകാരമുള്ള മാധ്യമ പ്രചാരണങ്ങളും ചില വിഘടിത ഗ്രൂപ്പ് പ്രവർത്തനങ്ങളുമെന്ന് ക്രൈസ്തവ വിശ്വാസികൾ കരുതുന്നു. മാധ്യമങ്ങൾ പുലർത്തുന്ന ഇരട്ടത്താപ്പ് നയങ്ങൾ ഇത്തരം വാദഗതിക്ക്‌ കരുത്തുമേകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.