ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങളില്‍ മാധ്യമങ്ങളുടെ അമിതാവേശം പ്രതിഷേധാര്‍ഹം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങളില്‍ മാധ്യമങ്ങളുടെ അമിതാവേശം പ്രതിഷേധാര്‍ഹം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

കൊച്ചി: കത്തോലിക്കാ സഭയുടെയും ക്രൈസ്തവരുടെയും ആഭ്യന്തര വിഷയങ്ങള്‍ ചാനലുകളിലെ അന്തി ചര്‍ച്ചകളാക്കി മാറ്റുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തന ശൈലി പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങള്‍ പോലും അനാവശ്യമായി ചര്‍ച്ചയ്ക്ക് വയ്ക്കുകയും, സഭാ വിരുദ്ധ, ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ ഉള്ളവരെ അത്തരം ചര്‍ച്ചകളില്‍ പ്രധാന പ്രഭാഷകരായി നിശ്ചയിക്കുകയും ചെയ്യുന്നതുവഴി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ലക്ഷ്യമാക്കുന്നത്.

കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രതിനിധികള്‍ എന്ന വ്യാജേന മറ്റു ചിലരെ ഇത്തരം ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നതും പതിവാണ്. വിവിധ വിഷയങ്ങളിലുള്ള ക്രൈസ്തവ - കത്തോലിക്കാ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇത്തരം ദുഷ്ടലാക്കോടുകൂടിയ മാധ്യമ ഇടപെടലുകള്‍ കാരണമായിട്ടുണ്ടെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പാലാ രൂപത കഴിഞ്ഞ ദിവസം സദുദ്ദേശ്യത്തോടെ മുന്നോട്ടുവച്ച ആശയത്തെ വളച്ചൊടിക്കാനും അതുവഴി സഭയെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കാനും ചില മാധ്യമങ്ങള്‍ പ്രകടിപ്പിച്ച അമിതാവേശം ഇത്തരം കാര്യങ്ങളിലുള്ള അവിഹിതമായ മാധ്യമ ഇടപെടലുകള്‍ക്ക് ഉദാഹരണമാണ്. ഉത്തരവാദിത്തത്തോടെ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ തയ്യാറുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടുമിക്ക ലോക രാജ്യങ്ങളുടെയും കത്തോലിക്കാ സഭയുടെയും പൊതുവായ നയമാണ്.

എക്കാലവും കേരള സമൂഹത്തിനും ലോകത്തിനും അനുഗ്രഹവും മുതല്‍കൂട്ടുമായി മാറിയിട്ടുള്ള കേരളത്തിലെ ക്രൈസ്തവര്‍ ജനസംഖ്യ കുറഞ്ഞ് ദുര്‍ബല സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ദോഷം മനസിലാക്കുന്ന അനേകര്‍ ഈ സമൂഹത്തില്‍ ഉണ്ടായിരിക്കെ തന്നെയാണ്, ജനസംഖ്യാ വര്‍ദ്ധനവിന്റെ പേര് പറഞ്ഞ് പാലാ മെത്രാന്റെ നിര്‍ദ്ദേശത്തെ ചിലര്‍ അപഹാസ്യമായി അവതരിപ്പിക്കുന്നത്.

ഒരു ജനസംഖ്യാ വിസ്‌ഫോടനത്തെയാണ് കത്തോലിക്കാ സഭ ലക്ഷ്യം വയ്ക്കുന്നതെന്ന വിധത്തിലുള്ള മാധ്യമ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നവരുടെ ഉദ്ദേശം ക്രൈസ്തവ സമൂഹങ്ങളുടെ തകര്‍ച്ച തന്നെയാണെന്ന് വ്യക്തം.

സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനും, കാണികളെ ആകര്‍ഷിക്കാനും കത്തോലിക്കാ സഭയെയും ക്രൈസ്തവ സമൂഹത്തെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത മാധ്യമങ്ങള്‍ കൈവെടിയണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.