തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ രാജിയെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്ക്‌പ്പോര്. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നതിനെ ചൊല്ലിയാണ് സഭയില്‍ ഇരുപക്ഷങ്ങളും ഏറ്റുമുട്ടിയത്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ടെന്നും അടിയന്തരപ്രമേയത്തിനെതിരെ സംസാരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തുകയായിരുന്നു. കോടതി വരാന്തയില്‍ നിന്ന് വാദിക്കുന്ന ചില അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
വിഷയത്തില്‍ സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ അവകാശം ഉണ്ടോയെന്ന കാര്യമാണ് കോടതി പരിഗണിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവന്‍കുട്ടി രാജിവയ്‌ക്കേണ്ട പ്രശ്‌നം ഇല്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കേണ്ട. നിയമസഭയിലെ വനിതാ അംഗങ്ങളുടെ പരാതി അന്നു തന്നെ പൊലീസിന് നല്‍കിയതാണ്. നിയമസഭയുടെ അന്തസ്സിന് ചേരാത്ത കാര്യത്തില്‍ നടപടിക്ക് സ്പീക്കര്‍ക്ക് അധികാരമുണ്ട്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായത്. വനിത എംഎല്‍എമാര്‍ക്ക് എതിരായ അതിക്രമത്തില്‍ ക്രിമിനല്‍ കേസ് നല്‍കിയിട്ടില്ല. സഭാ അംഗങ്ങള്‍ക്ക് ചില പ്രത്യക അധികാരം ഉണ്ട്. അത്തരത്തിലുള്ള പൊലീസ് നടപടികളും കോടതി വ്യവഹാരങ്ങളും സഭയ്ക്ക് നല്ലതാണോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കയ്യാങ്കളി കേസില്‍ ഉണ്ടായത് നിയമസഭയിലെ എക്കാലത്തെയും ദുഃഖവെള്ളിയെന്ന് പി ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കേട്ടാല്‍ പ്രതിപക്ഷമാണ് കുറ്റക്കാരെന്ന് തോന്നും. വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നത് കെ എം മാണിയുടെ ആത്മാവെന്നും അദ്ദേഹം പരാമര്‍ശിച്ചു. ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെയാണ് 2015-ലെ ബജറ്റ് ദിനത്തില്‍ ശിവന്‍കുട്ടി നിയമസഭയില്‍ അഴിഞ്ഞാടിയത്. 2,20,093 രൂപയുടെ നഷ്ടമുണ്ടായി.
ശിവന്‍കുട്ടിയുടെ ഉറഞ്ഞു തുള്ളല്‍ വിക്ടേഴ്സ് ചാനലില്‍ കുട്ടികളെ കാണിക്കാവുന്നതാണ്. ആശാനക്ഷരമൊന്ന് പിഴച്ചാല്‍ എന്ന ചൊല്ല് പിണറായിയും ശിവന്‍കുട്ടിയെയും പറ്റിയാണ്. വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാര്‍ത്ഥികളുടെ മാതൃകയാക്കാന്‍ കഴിയുമോ. അധ്യാപകര്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമോ? ഇതൊക്കെ കാണിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ കോരിത്തരിക്കും. പൊതു മുതല്‍ നശിപ്പിച്ച മന്ത്രിക്ക് എങ്ങനെ ജനങ്ങളെ സംരക്ഷിക്കാനാകും. പൊതു മുതല്‍ നശിപ്പിച്ച മന്ത്രിക്ക് എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാകും? കെഎം മാണി കൂടി ചേര്‍ന്ന കൊടുത്ത കേസിനെയാണോ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. അതോ അതിനെതിരെ സര്‍ക്കാര്‍ കൊടുത്ത കേസിനെയോ, കേരളം കണി കണ്ട കള്ളനെന്ന് മാണിയെ വിശേഷിപ്പിച്ച സി പി എം അദ്ദേഹത്തെ ഇപ്പോള്‍ വിശുദ്ധനാക്കിയെന്നും പി ടി തോമസ് സഭയില്‍ വ്യക്തമാക്കി.
അതേസമയം ശിവന്‍കുട്ടി ഇന്ന് സഭയില്‍ എത്തിയിട്ടില്ല. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി സഭയിലെത്താതിരുന്നത്. നിയമസഭാ കയ്യാങ്കളിക്കേസിലെ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രിമിനല്‍ വിചാരണ നേരിടണമെന്ന് ഇന്നലെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ശിവന്‍കുട്ടിയുടെ രാജിക്കു വേണ്ടിയുള്ള പ്രതിഷേധം നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
അതിനിടെ മരംമുറിക്കല്‍ ഉത്തരവ് നിയമ വകുപ്പിനെ മറികടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ചെയ്ത് മാത്രമേ ഉത്തരവ് ഇറക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. മറുപടിയായി ഉത്തരവില്‍ നിയമ വകുപ്പില്‍ നിന്ന് ഉപദേശം തേടിയില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയതെന്ന് മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.