പ്രസവം മുയലുകളെപ്പോലെ ആകരുത് പോപ്പ് ഫ്രാൻസിസ് അർത്ഥമാക്കിയതും ചാനലുകൾ വളച്ചൊടിച്ചതും

പ്രസവം മുയലുകളെപ്പോലെ ആകരുത് പോപ്പ് ഫ്രാൻസിസ് അർത്ഥമാക്കിയതും  ചാനലുകൾ വളച്ചൊടിച്ചതും

കൊച്ചി :കുടുംബവർഷത്തിൽ  പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമ പദ്ധതികൾക്കെതിരെ  വാദമുഖങ്ങൾ  ഉയർത്താൻ   ചില ചാനലുകൾ ചർച്ചകളിൽ  പോപ്പ് ഫ്രാൻസിസിന്റെ   വർഷങ്ങൾ പഴയ ഒരു സംഭാഷണ ശകലം അവതരിപ്പിച്ചത്.   2015 ജനുവരി മാസത്തിൽ ഫിലിപ്പൈൻസ് സന്ദർശനം കഴിഞ്ഞ് തിരികെ വരുംനേരം വിമാനത്തിനുള്ളിൽ വച്ച് പത്രക്കാരുമായി നടത്തിയ സംഭാഷണത്തിൽ എട്ടാമത് കുട്ടിയെ ഗർഭം ധരിച്ച ഒരു അമ്മയെ ചൂണ്ടി കാണിച്ച് ഉത്തരവാദിത്വ പൂർണ്ണമായ രക്ഷാകർതൃത്തെക്കുറിച്ച്  അദ്ദേഹം സംസാരിച്ചു.

സിസ്സേറിയൻ സർജറി (സി-സെക്ഷൻ ) പ്രകാരം ആദ്യത്തെ ഏഴ് കുട്ടികൾക്ക് ജന്മം കൊടുത്ത ശേഷം എട്ടാമത്തെ കുട്ടിയെ ഗർഭത്തിൽ വഹിക്കുന്ന സ്ത്രീയെ സ്നേഹബുദ്ധ്യാ മാർപ്പാപ്പ ശാസിച്ചു.  അദ്ദേഹം ആ മാതാവിനോട് പറഞ്ഞത്  “നിങ്ങൾക്ക് ഏഴ് കുട്ടികളെ അനാഥരായി ഉപേക്ഷിക്കാൻ ആഗ്രഹമുണ്ടോ?” സ്വന്തം ജീവിതം പണയപ്പെടുത്തി എട്ടാമത്തെ കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ  എട്ടുകുട്ടികൾ അനാഥരായി തീരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവാദിത്വ രക്ഷാകർതൃത്വം  എന്താണ് എന്ന് മാർപ്പാപ്പ പഠിപ്പിച്ചത്.

ഇവിടെയാണ് മാർപ്പാപ്പ 'മുയലുകളെപ്പോലെ' എന്ന വാക്കുപയോഗിച്ചത്. ജീവി വർഗത്തിൽ ഒട്ടുമിക്ക ജീവികളും വളരെ ശ്രദ്ധയോടെയാണ് കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഒട്ടും പരിപാലന നൽകാതെ ഇരിക്കുന്നജീവിയാണ് മുയലുകൾ. കുഞ്ഞുങ്ങളെ ശ്രദ്ധയില്ലാതെ വളർത്തുകയല്ല  വേണ്ടത് എന്ന് പറയാനാണ് ക്ഷമാപണത്തോടുകൂടെ അദ്ദേഹം  ആ വാക്കുപയോഗിച്ചത്.

എന്നാൽ പിന്നീട് തന്റെ വാക്കുകൾ മാധ്യമങ്ങൾ പശ്ചാത്തലം മറച്ചു വച്ച് ഉപയോഗിക്കുകയും അത് വലിയ കുടുംബങ്ങളെ വൃണപ്പെടുത്തുകയും ചെയ്തു എന്ന് മനസിലായപ്പോൾ മാർപ്പാപ്പ ആ പ്രയോഗത്തിൽ തീർച്ചയായും ഖേദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതലക്കാരനായ ആർച്ച് ബിഷപ്പ് ജിയോവന്നി ബെസിയു പോപ്പ് ഫ്രാൻസിസിന് വേണ്ടി ക്ഷമ ചോദിച്ചു.

അഞ്ച് മക്കൾ ഉള്ള കുടുംബത്തിലെ മൂത്തവനായ പോപ്പ് ഫ്രാൻസിസ് ഒരിക്കലും വലിയ കുടുംബങ്ങളെ അവമതിക്കുകയല്ല ചെയ്തത് മറിച്ച് , കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തണം എന്ന് ഉദ്ബോധിപ്പിക്കുകയായിരുന്നു. ഇറ്റാലിയൻ പത്രമായ അവെനൈറിനോട് ആർച്ച് ബിഷപ്പ് ബെസിയു പറഞ്ഞു, “വലിയ കുടുംബങ്ങളുടെ സൗന്ദര്യത്തെയും മൂല്യത്തെയും അവഗണിക്കാൻ മാർപ്പാപ്പ തീർത്തും ആഗ്രഹിക്കുന്നില്ല.”

പാലാ രൂപത വലിയ കുടുംബങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം ചർച്ചയായപ്പോൾ ചില വാർത്താ മാധ്യമങ്ങൾ 2015 ലെ ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രസ്‌താവന സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് വീണ്ടും പൊടി തട്ടി എടുത്ത് ഉപയോഗിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.