ഒഴുകീ പുഴയന്നു ചേലോടെ
വദനം വിടർത്തിയവളൊഴുകി
മഴവില്ലഴകോടങ്ങു നിർഗളിച്ചു
മഴത്തുള്ളികൾ തേൻകണങ്ങളായങ്ങലിഞ്ഞപ്പോൾ
ആടിത്തിമിർത്തവളൊഴുകി
തൻ കരങ്ങൾ നീട്ടിയങ്ങു നീങ്ങി
വസന്തത്തിൽ വർണ്ണം വിതറിയൊരു പുഴ
വർഷത്തിൽ നിറഞ്ഞൊഴുകിയൊരു പുഴ
ഗ്രീഷ്മത്തിൽ മനം മയക്കിയൊരു പുഴ
തഴുകിത്തലോടിയന്നു കരയെ
പുളകം ചാർത്തിയൊഴുകിയൊരു പുഴ
മനസ്സു കവർന്നൊരു പുഴ
മനമൊന്നു കുളിർപ്പിച്ചൊരു പുഴ
തെന്നലിൻ്റെ താരാട്ടിൽ
മയങ്ങി മരങ്ങളെ ചിരിപ്പിച്ചൊഴുകിയൊരു പുഴ
ഇന്നീ പുഴക്കത്ര പുഞ്ചിരിയില്ല
ഇന്നീ പുഴക്കത്ര പെരുമയില്ല
ഇന്നീ പുഴക്കത്ര തെളിമയില്ല
ഇന്നീ പുഴക്കത്ര ചന്തമില്ല
ഒരുനാൾ പൂത്തുലഞ്ഞ പുഴയുടെ
പൂക്കളിന്നു പൊഴിഞ്ഞു വീണു
ആരു കണ്ടൂ പുഴയുടെ രോദനം
ആരു കണ്ടൂ പുഴയുടെ കണ്ണീർ
കിടാവുപോൽ തുള്ളിക്കളിച്ചൊരു പുഴയിന്നു
കൊതിക്കുന്നൊന്നു കുതിച്ചീടാൻ
കരയുന്നങ്ങു പുഴയിന്നു
മനുഷ്യകുലത്തിൻ ചെയ്തികളാൽ
മാലിന്യത്താൽ മലീമസമാക്കുന്നവർ
തെല്ലുമൊരു കൂസലില്ലാതെ
ഒഴുക്കുന്നു അഴുക്കിൻ്റെ
വിഴുപ്പുകളവളുടെ മേനിയാവോളം
മണലുള്ളിടമെല്ലാം
ദൃഷ്ടിയെറിഞ്ഞവർ
മാന്തിയെടുത്തവളുടെ
മടിത്തട്ടങ്ങു മടികൂടാതെ
വൃഷ്ടി വരും വഴിയെല്ലാം
മതിലുകൾ മേഞ്ഞു മിനുക്കിയിന്നു
പുഴയരുകിലും അരുവിയുമടച്ചവർ
ഉയർത്തിയിന്നു അംബരചുംബികളാം നിർമ്മിതികൾ
വിതുമ്പിയങ്ങു പുഴയൊന്നു ഗമിക്കാനാവാതെ
നീറുന്നിന്നു പുഴതൻ നെഞ്ചകം
നൊമ്പരമാം കനലിനാൽ
മാറ്റണം ഇന്നിൻ്റെ ശീലുകൾ നാമെല്ലാം
മാറേണ്ട നാടിൻ്റെ നാമ്പിനായ് നാമൊന്നായ്
കാണണം നാമിന്നു പുഴയുടെ കണ്ണീർ
കാണേണ്ട നാളെയുടെ അഴകിനായ് നാമെല്ലാം
അറിയണം അവളുടെ ആവലാതികളലിവോടെ
അറിയേണ്ട പുഴയുടെ പുണ്യത്തിനായ് നാമിന്നു
നിർത്തണമവളെ മിത്രമായ് നാമിന്നു
നുകരേണ്ടയവളുടെ നന്മകൾക്കായ് നാമെന്നും
ഒരുക്കണം വഴികൾ പുഴയുടെ ജീവനായ്
വളർത്തണം പുഴയെ നല്ലൊരു നാളേക്കായ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.