ഇന്ത്യയിലെ സ്ത്രീകളുടെ പോഷകാഹാരത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചെന്ന് യു.എസ് പഠനം

ഇന്ത്യയിലെ സ്ത്രീകളുടെ പോഷകാഹാരത്തെ കോവിഡ് പ്രതികൂലമായി ബാധിച്ചെന്ന് യു.എസ് പഠനം

വാഷിങ്ടണ്‍: കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഇന്ത്യയിലെ സ്ത്രീകളുടെ പോഷകാഹാരത്തെ പ്രതികൂലമായി ബാധിച്ചെന്നു യു.എസിലെ ഗവേഷകരുടെ പഠനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, ബിഹാറിലെ മുങ്കര്‍, ഒഡിഷയിലെ കാന്ധമല്‍, കാലഹണ്ടി എന്നീ ജില്ലകളില്‍ ടാറ്റാ-കോര്‍ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ന്യൂട്രിഷന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

2019 മെയ് മാസത്തെ അപേക്ഷിച്ച് 2020 മെയില്‍ സ്ത്രീകളുടെ ഭക്ഷണ വൈവിധ്യത്തിലും ഗാര്‍ഹിക ഭക്ഷ്യച്ചെലവിലും കുറവുണ്ടായതായി പഠനം പറയുന്നു. മാംസം, മുട്ട, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് പ്രധാനമായി ദൗര്‍ലഭ്യം നേരിട്ടത്.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടും സ്ത്രീകള്‍ക്ക് പോഷകാഹാരം ലഭിച്ചിട്ടില്ലെന്നു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക പൊതുവിതരണ സംവിധാനം വഴിയുള്ള ആനുകൂല്യം 80 ശതമാനം ആള്‍ക്കാരിലേക്കും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം 50 ശതമാനം ആള്‍ക്കാരിലേക്കും അംഗന്‍വാടികളില്‍ നിന്നുള്ള റേഷന്‍ 30 ശതമാനം ആള്‍ക്കാരിലേക്കും എത്തിയിട്ടും സ്ത്രീകള്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍ പോഷകാഹാര ദൗര്‍ലഭ്യം നേരിടേണ്ടി വന്നുവെന്ന് എക്കണോമിയ പൊളിറ്റിക്ക ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകളുടെ അനുപാതമില്ലായ്മ, ധാന്യകേന്ദ്രീകൃതമായ പൊതു വിതരണ സമ്പ്രദായം, വൈവിധ്യമാര്‍ന്ന പോഷകാഹാരങ്ങളുടെ ലഭ്യതയുള്ള വിപണികളുടെ കുറവ് എന്നിവയുടെ തെളിവാണ് പഠനം എന്നും ജേര്‍ണലില്‍ പറയുന്നു. സാമ്പത്തിക രംഗത്തെ തകര്‍ച്ചകള്‍ സ്ത്രീകളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്നതായി പഠനത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു.

കോവിഡിന് മുന്‍പുതന്നെ സ്ത്രീകളുടെ ഭക്ഷണക്രമത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ അഭാവം ഉണ്ടായിരുന്നുവെന്നും കോവിഡ് സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നും പഠനത്തില്‍ പങ്കെടുത്ത ടാറ്റാ-കോര്‍ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് എക്കണോമിസ്റ്റ് സൗമ്യ ഗുപ്ത പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.